രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്ററിനു ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ദിനേശ് കാർത്തിക്. 
Sports

Thank you DK: കാർത്തികിന്‍റെ വിരമിക്കൽ പ്രഖ്യാപിച്ച് ജിയോ സിനിമ

ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ഐപിഎല്ലിൽനിന്നു വിരമിച്ചതായി ഐപിഎല്ലിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ജിയോ സിനിമയുടെ പ്രഖ്യാപനം. കാർത്തിക്കിനു നന്ദി പറഞ്ഞുകൊണ്ടുള്ള കാർഡാണ് ജിയോ സിനിമ തങ്ങളുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, കാർത്തിക് ഔപചാരികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഇതു തന്‍റെ അവസാന ഐപിഎൽ ആയിരിക്കുമെന്നും, ട്വന്‍റി20 ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ടെന്നും സീസണിനിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം സൂചന നൽകിയിരുന്നു. ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് ആർസിബി പരാജയപ്പെട്ട ശേഷം സഹതാരങ്ങൾ കാർത്തിക്കിനു ലാപ്പ് ഓഫ് ഓണറും ഗാർഡ് ഓഫ് ഓണറും നൽകിയിരുന്നു. കീപ്പിങ് ഗ്ലൗസ് അഴിച്ച് കാണികളെ അഭിവാദ്യം ചെയ്യുമ്പോൾ കണ്ണീരടക്കാൻ പാടുപെട്ട കാർത്തിക്കിന്‍റെ കണ്ണുകൾ, വിരാട് കോലിയെ ആലിംഗനം ചെയ്യുമ്പോൾ നിറഞ്ഞൊഴുകുക തന്നെ ചെയ്തു.

ദിനേശ് കാർത്തിക്കിന്‍റെ റിട്ടയർമെന്‍റ് പ്രഖ്യാപിച്ചുകൊണ്ടുള്ള ‌ജിയോ സിനിമയുടെ ട്വിറ്റർ പോസ്റ്റ്

എം.എസ്. ധോണിയെക്കാൾ നാല് വയസ് കുറവുള്ള കാർത്തിക് പക്ഷേ, അദ്ദേഹത്തെക്കാൾ മുൻപേ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരുന്നു. 26 ടെസ്റ്റും 94 ഏകദിനങ്ങളും 60 അന്താരാഷ്‌ട്ര ഏകദിന ട്വന്‍റി20 മത്സരങ്ങളും കളിച്ചു. എന്നാൽ, ഒരിക്കലും ടീമിൽ സ്ഥിരം സാന്നിധ്യം ആകാൻ ആവശ്യമായ സ്ഥിരത പുലർത്താനായില്ല. വിക്കറ്റ് കീപ്പറായും ഓപ്പണറായും ഫിനിഷറായുമെല്ലാം പയറ്റിയിട്ടും അന്താരാഷ്‌ട്ര ക്രിക്കറ്റർ എന്നതിലുപരി, ഐപിഎൽ - ഡൊമസ്റ്റിക് ജയന്‍റ് എന്ന നിലയിലായിരിക്കും കാർത്തിക്കിനെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം രേഖപ്പെടുത്തുക.

257 ഐപിഎൽ മത്സരങ്ങൾ കളിച്ച കാർത്തിക്, ടൂർണമെന്‍റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ പത്താം സ്ഥാനക്കാരനാണിപ്പോൾ- നേടിയത് 4842 റൺസ്. ഇതിൽ 22 അർധ സെഞ്ചുറികൾ ഉൾപ്പെടുന്നു. 2013ൽ മുംബൈ ഇന്ത്യൻസിനൊപ്പം കിരീടനേട്ടത്തിലും പങ്കാളിയായി.

2008ലെ ഉദ്ഘാടന സീസണിൽ ഡൽഹി ഡെയർഡെവിൾസിലാണ് (ഇപ്പോഴത്തെ ഡൽഹി ക്യാപ്പിറ്റൽസ്) കാർത്തിക് കളിച്ചിരുന്നത്. ആകെ ആറ് ടീമുകൾക്കു വേണ്ടി കളിച്ചു. കിങ്സ് ഇലവൻ പഞ്ചാബ് (ഇപ്പോഴത്തെ പഞ്ചാബ് കിങ്സ്), മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നിവയാണ് മറ്റു ടീമുകൾ. ആർസിബിക്കൊപ്പമാണ് ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായി കാർത്തിക് വളരുന്നത്. ഈ സീസണിൽ 15 മത്സരങ്ങളിൽനിന്ന് 36 റൺ ശരാശരിയിൽ 326 റൺസെടുത്തു. കാർത്തിക്കിന്‍റെ ഐപിഎൽ കരിയർ സ്ട്രൈക്ക് റേറ്റ് 135 മാത്രമാണെങ്കിൽ, ആർസിബിക്കു വേണ്ടി ബാറ്റ് ചെയ്ത മത്സരങ്ങളിൽ അത് 163 ആയി ഉയരുന്നു. ഈ സീസണിൽ മാത്രം 187.

എന്നാൽ, തമിഴ്‌നാട് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന കാർത്തിക്കിന് ഒരിക്കലും ചെന്നൈ സൂപ്പർ കിങ്സിൽ ഇടം കിട്ടിയില്ല. ആദ്യ സീസണിൽ തന്നെ ധോണിയെ സർവാത്മനാ സ്വാഗതം ചെയ്ത സിഎസ്‌കെ ടീം മാനേജ്‌മെന്‍റിന്‍റെയും ആരാധകരുടെയും മനസിൽ നാട്ടുകാരനായ കാർത്തിക്കിനു പിന്നെ ഇടമുണ്ടായില്ല. പക്ഷേ, ആർസിബിയുടെ കുപ്പായം അഴിച്ചുവയ്ക്കുമ്പോൾ, ഐപിഎൽ ഇതിഹാസങ്ങളിൽ ഒരാളായി തന്നെയായിരിക്കും കാർത്തിക് വീണ്ടും കമന്‍റേറ്ററുടെ മൈക്ക് കൈയിലെടുക്കുക.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ