KC Sarvan 
Sports

ഓരോ ഏറും റെക്കോഡിലേക്ക്: സർവതും സ്വർണമാക്കി സർവന്‍

ഡിസ്കസ് ത്രോ സ്വർണത്തിനു പിന്നാലെ ഷോട്ട് പുട്ടിലും കെ.സി. സർവന് റെക്കോഡോടെ സ്വർണ നേട്ടം.

ആർദ്ര ഗോപകുമാർ

കുന്ദംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിലും റെക്കോഡോടെ സ്വർണം നേടി രാജ്യാന്തര താരം കെ.സി. സർവൻ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 17.58 മീറ്റർ ദൂരം സർവൻ എറിഞ്ഞപ്പോൾ തകർന്നുവീണത്, 2018ൽ കോതമംഗലം സെന്‍റ് ജോർജ് എച്ച്എസ്എസിലെ അലക്സ് പി. തങ്കച്ചൻ കുറിച്ച 16.53 മീറ്റർ എന്ന റെക്കോഡാണ്.

കായികോത്സവത്തിന്‍റെ ആദ്യ ദിവസം തന്നെ ഡിസ്കസ് ത്രോയിൽ 57.71 മീറ്ററുമായി സർവൻ സ്വന്തം ജ്യേഷ്ഠൻ കെ.സി. സിദ്ധാർഥിന്‍റെ പേരിലുണ്ടായിരുന്ന 53.34 മീറ്റർ എന്ന റെക്കോഡ് തകർത്ത് സ്വർണം നേടിയിരുന്നു.

ഷോട്ട് പുട്ടിന്‍റെ ഫൈനൽ റൗണ്ടിൽ കാര്യമായ വെല്ലുവിളികളില്ലാതെ വന്നപ്പോൾ തന്നോടു തന്നെ മത്സരിച്ചാണ് സർവൻ റെക്കോഡ് എറിഞ്ഞിട്ടത്. ആദ്യം 15.17 മീറ്റർ എറിഞ്ഞ സർവൻ രണ്ടാം ചാൻസിൽ തന്നെ 16.91 മീറ്ററുമായി റെക്കോഡ് തകർത്തു. പിന്നീടുള്ള ഓരോ ഏറിലും റെക്കോഡ് ദൂരം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. 16.93, 17.08 എന്നിങ്ങനെ റെക്കോഡ് ഭേദിച്ച് മുന്നേറിയ സർവൻ അവസാന അവസരത്തിൽ 17.58 മീറ്റർ എന്ന മികച്ച ദൂരവും സ്വന്തമാക്കുകയായിരുന്നു.

ദേശീയതലത്തിലുള്ള കായികമേളയല്ലാത്തതിനാൽ ഇതു ദേശീയ റെക്കോഡായി കണക്കാക്കപ്പെടില്ല.

ഡിസ്കസ് ത്രോയിൽ ഇത്തവണ നേടിയ 57.71 മീറ്റർ എന്ന ദൂരം ദേശീയ തലത്തിൽ സീനിയർ വിഭാഗത്തിലെ ഏറ്റവും മികച്ച ദൂരമാണ്. ഇത് കൂടാതെ സംസ്ഥാന തലത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഡിസ്കസ് ത്രോയിലെ റെക്കോഡുകൾ സർവന്‍റെ പേരിൽ തന്നെയാണ്.

മുൻ സംസ്ഥാന താരവും കാസർഗോഡ് ചെറുവത്തൂർ കെസി ത്രോസ് അക്കാഡമി സ്ഥാപകനുമായ കെ.സി. ഗിരീഷാണ് സർവാന്‍റെ അച്ഛനും പരിശീലകനും. ഇത്തവണയും മേളയിലെ വ്യക്തിഗത ചാംപ്യനാണ് സർവാൻ. കഴിഞ്ഞ വർഷം സംസ്ഥാന ചാംപ്യനുമായിരുന്നു.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video