കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മല്‍സരം പൂര്‍ത്തിയാക്കാതെ കളംവിട്ടതില് ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സും മുഖ്യ പരിശീലകന് ഇവാന് വുകോമനോവിച്ചും. സംഭവത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നടപടിക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ടീം ക്ഷമാപണം നടത്തിയത്. സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് ക്ലബ്ബിന്റെ ഖേദപ്രകടനം.
സാഹചര്യത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെടുത്ത നിര്‍ഭാഗ്യകരമായ തീരുമാനമെന്നും ഭാവിയില്‍ പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ്.'മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ നടന്ന സംഭവങ്ങളില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
കളിക്കളം വിടാനുണ്ടായ ഞങ്ങളുടെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അത് ആ നിമിഷത്തെ തീവ്രതയില്‍ എടുത്തതാണെന്നും ഞങ്ങള്‍ തിരിച്ചറിയുന്നു.' - ബ്ലാസ്റ്റേഴ്സ് കുറിച്ചു.നേരത്തെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേ ക്ലബ്ബ് അപ്പീല്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് നില്‍ക്കാതെയാണ് ഇപ്പോള്‍ ക്ലബ്ബ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട ബ്ലാസ്റ്റേഴ്സ് ടീമിന് നാല് കോടി രൂപ പിഴയാണ് ഫെഡറേഷന് വിധിച്ചത്. പരിശീലകന് ഇവാന് വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. വിഷയത്തില്‍ പൊതുക്ഷമാപണം നടത്താനും ക്ലബ്ബിനോട് നിര്‍ദേശിച്ചിരുന്നു. ക്ഷമാപണം നടത്തിയില്ലെങ്കില്‍ ആറ് കോടി രൂപ പിഴയടയ്ക്കണമെന്ന ഫെഡറേഷന്റെ നടപടിക്കു പിന്നാലെയാണ് ഇപ്പോള്‍ ക്ലബ്ബ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നിന് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക്.
ഇതിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോള്‍കീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറാകും മുന്‍പാണു കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു.