ഇറ്റാനഗര്‍: സന്തോഷ് ട്രോഫി നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ കേരളം ബുധനാഴ്ച ആതിഥേയരായ അരുണാചല്‍ പ്രദേശിനെതിരേ. യുപിയ സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് 2.30നാണ് മത്സരം. ഒരു ജയവും ഒരു സമനിലയും ഒരു പരാജയവുമുള്ള കേരളത്തിന് നാല് പോയിന്‍റും നാലാം സ്ഥാനവുമാണുള്ളത്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ മാത്രമേ ക്വാര്‍ട്ടറിലെത്തൂ എന്നതിനാല്‍ ഇനിയുള്ള രണ്ട് കളികള്‍ ജയിച്ചാല്‍ മാത്രമേ കേരളത്തിന് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാകൂ. ഒരു പോയിന്‍റുമായി മേഘാലയ, അരുണാചല്‍ പ്രദേശ് ടീമുകളാണ് കേരളത്തിനു പിന്നില്‍. മൂന്നു കളികളില്‍നിന്ന് ഏഴ് പോയിന്‍റുള്ള ഗോവയാണ് ഗ്രൂപ്പില്‍ മുന്നില്‍. അത്രയും കളികളില്‍നിന്ന് ആറ് പോയിന്‍റുള്ള സര്‍വീസസ് രണ്ടാമതും. ഗ്രൂപ്പില്‍നിന്ന് 4 ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുക.
2 മത്സരങ്ങളില്‍ ഒരു വിജയവും ഒരു സമനിലയും ഉറപ്പിക്കാനായാല്‍ ഗോള്‍ ശരാശരിയിലേക്കു പോകാതെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. മേഘാലയയോ അരുണാചലോ അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കുകയും കേരളത്തിന് ഒരു വിജയവും തോല്‍വിയുമാവുകയും ചെയ്തതെങ്കില്‍ ഗോള്‍ വ്യത്യാസം നിര്‍ണായകമാകും. മധ്യനിരയിലാണ് കേരളത്തിന്‍റെ പ്രശ്‌നം. വിങ്ങുകളിലൂടെയുള്ള ആക്രമണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കേരളത്തിന് പക്ഷേ, മധ്യനിരയില്‍നിന്നോ പ്രതിരോധത്തില്‍നിന്നോ പന്തെത്തിക്കാനാവുന്നില്ല. ഇനിയുള്ള രണട് മത്സരങ്ങളില്‍ കളി ശൈലിയില്‍ മാറ്റം വരുത്തിയാല്‍ കേരളത്തിന് വിജയമുണ്ടാകും. പന്ത് കൈവശം വച്ചു കളിക്കുന്ന ശൈലിയല്ല നിലവില്‍ കേരളത്തിന്‍റേത്.
എത്രയും പെട്ടെന്ന് എതിര്‍ ഗോള്‍ പോസ്റ്റിലേക്കു പന്തെത്തിക്കുകയാണ് ലക്ഷ്യം. എപ്പോഴും ഗോള്‍ അടിക്കാനുള്ള ത്വരയാണ് ഗോവയ്‌ക്കെതിരേ കേരളത്തിനു വിനയായത്. അവര്‍ കോട്ട കെട്ടി കാത്തിരുന്നു. പ്രത്യാക്രമണത്തിലൂടെ വിജയവും നേടി. സര്‍വീസസ് കേരളത്തെക്കാള്‍ ശക്തരാണെന്നാണ് പൊതു വിലയിരുത്തല്‍. അതുപോലെ സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം അരുണാചലിനുമുണ്ട്. ആസാം- അരുണാചല്‍ പോരാട്ടത്തിന് ഗാലറി നിറഞ്ഞ് ആരാധകരെത്തി.
ഇന്നും മൈതാനം നിറയുമെന്നാണ് കണക്കുകൂട്ടല്‍. ആ സമ്മര്‍ദം കേരളം മറികടക്കേണ്ടതുണ്ട്. എന്തായാലും ഈ മത്സരത്തില്‍ തിരിച്ചുവരാനാകുമെന്നാണ് കോച്ച് സതീവന്‍ ബാലന്‍റെയും നായകന്‍ ഗില്‍ബര്‍ട്ടിന്‍റെയും വിശ്വാസം.