രവീന്ദ്ര ജഡേജ, വിരാട് കോലി File photo
Sports

ക്രിക്കറ്റർ ഓഫ് ദ ഇയർ മത്സരത്തിൽ കോലിയും ജഡേജയും

മറ്റു പുരസ്കാര വിഭാഗങ്ങളിൽ ആർ. അശ്വിൻ, മുഹമ്മദ് ഷമി, ശുഭ്‌മൻ ഗിൽ, സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ എന്നിവരും ചുരുക്കപ്പട്ടികയിൽ.

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്ററാകാനുള്ള മത്സരത്തിന്‍റെ ചുരുക്കപ്പട്ടികയിലേക്ക് ഐസിസി തെരഞ്ഞെടുത്ത നാലു പേരിൽ ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും രവീന്ദ്ര ജഡേജയും. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡുമാണ് മറ്റു രണ്ടു പേർ.

സർ ഗാർഫീൽഡ് സോബേഴ്സിന്‍റെ പേരിൽ നൽകുന്ന ഈ പുരസ്കാരം കോലി മൂന്നാം വട്ടവും സ്വന്തമാക്കാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ വർഷം സച്ചിൻ ടെൻഡുൽക്കറെ മറികടന്ന് 50 ഏകദിന സെഞ്ചുറികൾ കോലി പൂർത്തിയാക്കിയിരുന്നു. ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 765 റൺസാണ് കോലി ലോകകപ്പിൽ നേടിയത്. ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ബാറ്റർ എന്ന റെക്കോഡും ഇതോടെ സ്വന്തമായി. ഇതിനു പുറമേ, അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 2048 റൺസും കഴിഞ്ഞ വർഷം സ്വന്തമാക്കി.

മൂന്നു ഫോർമാറ്റുകളിലായി 66 വിക്കറ്റ് നേടിയ ജഡേജ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര വിക്കറ്റ് നേടിയ ബൗളറാണ്. 613 റൺസും നേടി.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഓസ്ട്രേലിയയെ ചാംപ്യൻമാരാക്കിയ ക്യാപ്റ്റനാണ് പാറ്റ് കമ്മിൻസ്. ടെസ്റ്റ്, ഏകദിന മത്സരങ്ങളിലായി ആകെ 59 വിക്കറ്റും നേടി. ഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ചുറിയുമായി ഓസ്ട്രേലിയയുടെ നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ച താരമാണ് ഓപ്പണർ ട്രാവിസ് ഹെഡ്. ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ചുമായിരുന്നു. മൂന്നു ഫോർമാറ്റുകളിലായി കഴിഞ്ഞ വർഷം 1700 റൺസും നേടി.

ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റർക്കുള്ള ചുരുക്കപ്പട്ടികയിലും ഹെഡ് ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആർ അശ്വിൻ, ഓസ്ട്രേലിയയുടെ ഉസ്മാൻ ഖവാജ, ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള മത്സരത്തിൽ കോലിക്കു പുറമേ ഇന്ത്യയിൽ നിന്ന് മുഹമ്മദ് ഷമിയും ശുഭ്‌മൻ ഗില്ലും ഇടം നേടി. ന്യൂസിലൻഡിന്‍റെ ഡാരിൽ മിച്ചലാണ് നാലാമൻ.

മികച്ച ടി20 ക്രിക്കറ്റർക്കുള്ള പുരസ്കാരത്തിനു മത്സരിക്കുന്നവരിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവുണ്ട്. മാർക്ക് ചാപ്പ്മാൻ (ന്യൂസിലൻഡ്), അൽപ്പേഷ് രാംജാനി (ഉഗാണ്ട), സിക്കന്ദർ റാസ (സിംബാബ്‌വെ) എന്നിവരാണ് മറ്റുള്ളവർ.

സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ

എമർജിങ് ക്രിക്കറ്ററാകാൻ മത്സരിക്കുന്നവരിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടിരിക്കുന്നത് യശസ്വി ജയ്സ്വാളാണ്. കൂടെ ജെറാൾഡ് കോറ്റ്സി (ദക്ഷിണാഫ്രിക്ക), ദിൽഷൻ മധുശങ്ക (ശ്രീലങ്ക), രചിൻ രവീന്ദ്ര (ന്യൂസിലൻഡ്) എന്നിവരും.

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്

ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിൽ

ചേലക്കരയിലേത് സർക്കാർ വിലയിരുത്തലെന്ന് കോൺഗ്രസ് പറഞ്ഞു, എന്നിട്ട് എന്തായി?