കോതമംഗലം: ഇന്ത്യൻ ഫുട്ബോളിൽ വിജയക്കൊടി പാറിക്കുക എന്ന സ്വപ്നവുമായി കോതമംഗലം എംഎ കോളെജ് താരം അജത് ഷഹീം. വയനാട് കൽപ്പറ്റ സ്വദേശിയാണ് അജത്. കഴിഞ്ഞ മൂന്നു വർഷമായി കേരള പ്രീമിയർ ലീഗിലും, കൊൽക്കത്ത പ്രീമിയർ ലീഗിലും സ്ഥിരം സാന്നിധ്യമാണ്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എംഎ ഇക്കണോമിക്സ് ഒന്നാം വർഷ വിദ്യാർഥിയാണ്. എംഎ കോളെജിൽ തന്നെയാണ് ബിരുദപഠനവും പൂർത്തിയാക്കിയത്.
രണ്ട് വർഷത്തെ കരാറാണ് ഈസ്റ്റ് ബംഗാളിൽനിന്നു ലഭിച്ചിരിക്കുന്നത്. കേരള പ്രീമിയർ ലീഗിൽ എംഎ ഫുട്ബോൾ അക്കാഡമിക്കും, ഗോൾഡൻ ത്രഡ്സ് എഫ്സിക്കും വേണ്ടി കളിച്ചിട്ടുണ്ട് അജത്. 2022ൽ ബി ഡിവിഷൻ നാഷണൽ ലീഗിലും ബൂട്ടണിഞ്ഞിരുന്നു. കളിയിൽ മാത്രമല്ല പഠനത്തിലും മികവ് പുലർത്തുന്നു.
ഈ കാലയളവിൽ ഈസ്റ്റ് ബംഗാൾ എഫ്സിയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ എംഎ കോളെജ് താരമാണ് അജത്. എംഎ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി, അർച്ചന ഷാജി എന്നിവർ താരത്തിന് ആശംസകൾ നേർന്നു.