മുംബൈ: ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് ഒരു സോപാധിക വിവാഹ വാഗ്ദാനം. ബോളിവുഡിൽനിന്ന് രാഷ്‌ട്രീയത്തിലേക്കിറങ്ങിയ പായൽ ഘോഷാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഷമി ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തണം എന്നതാണ് പായൽ മുന്നോട്ടുവയ്ക്കുന്ന ഉപാധി.
ഇതിനിടെ, ഷമിയുടെ ലോകകപ്പിലെ പ്രകടനങ്ങൾ, അദ്ദേഹത്തിനെതിരേ ഒത്തുകളി അടക്കം നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള മുൻ ഭാര്യ ഹസിൻ ജഹാനെപ്പോലും ആകർഷിച്ചിരിക്കുന്നു എന്നാണ് അവരുടെ ഒരു അഭിമുഖത്തിൽ വ്യക്തമാകുന്നത്.
''എന്തായാലും നന്നായി കളിക്കുന്നുണ്ട്. നന്നായി കളിച്ചാൽ ടീമിൽ തുടരാം. നന്നായി സമ്പാദിച്ചാൽ അതു ഞങ്ങളുടെ ഭാവിയും സുരക്ഷിതമാക്കും'', ഹസിൻ ജഹാൻ പറഞ്ഞു.
എന്നാൽ, ഷമിക്ക് വിജയാശംസ നേരാനുള്ള ആവശ്യം അവർ നിരാകരിച്ചു. ഷമിക്കല്ല, ടീം ഇന്ത്യക്കു മാത്രമേ വിജയാശംസ നേരാൻ സാധിക്കൂ എന്നായിരുന്നു അവരുടെ നിലപാട്.
2014ലായിരുന്നു ഷമിയും ഹസിനും തമ്മിലുള്ള വിവാഹം. എട്ട് വയസുള്ള ഒരു മകളുമുണ്ട്. എന്നാൽ, വിവാഹേതര ബന്ധം, ലൈംഗിക പീഡനം, ഗാർഹിക പീഡനം, ഒത്തുകളി തുടങ്ങി നിരവധി ആരോപണങ്ങൾ ഹസിൻ ജഹാൻ മുഹമ്മദ് ഷമിക്കെതിരേ ഉയർത്തിയിരുന്നു. ഒത്തുകളി ആരോപണം ബിസിസിഐ അന്വേഷിച്ച് തള്ളുകയും ചെയ്തിട്ടുണ്ട്.