റിയാദ്: അര്‍ജന്റീന നായകന് ലയണല്‍ മെസിയും ഫ്രാന്‍സ് സൂപ്പര്‍ താരം കരീം ബെന്‍സേമയും സൗദി ക്ലബ്ബിലേക്ക് കൂടുമാറുമെന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍.
മെസിയെ റെക്കോഡ് തുകയ്ക്ക് അല്‍ ഹിലാലും കരീം ബെന്‍സേമയെ അല്‍ ഇത്തിഹാദും സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇക്കാര്യത്തില്‍ ഇരു ക്ലബ്ബുകളുടെയും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അതുവരെ കാത്തിരിക്കാണമെന്നും സൗദി കായിക മന്ത്രി പറഞ്ഞത്. എന്നാല്‍, ഇവര്‍ സൗദിയിലെത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ സ്ഥിരീകരണം നല്കാന് മന്ത്രി തയാറായില്ല.
മെസിക്ക് സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ 500 മില്യണ്‍ യൂറോ ആണ് പ്രതിവര്‍ഷ പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെസി അല്‍ ഹിലാലില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി ഇത് നിഷേധിച്ചിരുന്നു. അതേസമയം, മെസി ക്ലബ്ബിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അല്‍ ഹിലാല്‍ ക്ലബ്ബ് പ്രസിഡന്റായ ഫഹദ് ബിന്‍ സാദ് ബിന്‍ നഫേലും ഇതുവരെ തയാറായിട്ടില്ല.
മെസിയെക്കുറിച്ച് ഒന്നും ചോദിക്കരുതെന്നും ഔദ്യോഗിക തീരുമാനം എന്തെങ്കിലും വന്നാല്‍ അത് എല്ലാവരെയും അറിയിക്കാമെന്നുമായിരുന്നു ക്ലബ്ബ് പ്രസിഡന്റിന്റെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് നല്കുന്ന അതേ പ്രതിഫലം വാഗ്ദാനം ചെയ്താണ് സൗദി ക്ലബ്ബുകളായ അല്‍ ഹിലാലലും അല്‍ ഇത്തിഹാദും ബെന്സേമക്കുവേണ്ടിയും രംഗത്തെത്തിയിരിക്കുന്നത്.
സീസണൊടുവില്‍ ഫ്രീ ഏജന്റാവുന്ന മെസി നിലവിലെ ക്ലബ്ബായ പി എസ് ജി വിടുമെന്ന് സ്ഥിരീകരണം വന്നു കഴിഞ്ഞു. പി എസ് ജി പരിശീലകന് ക്രിസ്റ്റഫര്‍ ഗാട്ലിയര്‍ തന്നെ മെസി ക്ലബ്ബ് വിടുമെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് റയലിന്റെ ഇതിഹാസ താരമായ ബെന്‍സേമയും സീസണൊടുവില്‍ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഒരു സീസണ് കൂടി റയലില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ബെന്‍സേമയ്ക്ക് കരാര്‍ നീട്ടി നല്കാന് സ്പാനിഷ് വമ്പന്മാര് തയാറാവുമോ എന്ന് വ്യക്തമല്ല.