നാഷ്വില്‍: ലയണല്‍ മെസിയുടെ ഇന്റര്‍ മിയാമിക്ക് ലീഗ്സ് കപ്പ് ഫൈനലില്‍ ചരിത്രവിജയം. സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ നാഷ്വിലിനെ കീഴടക്കി മെസിയും സംഘവും ലീഗ്സ് കപ്പില്‍ മുത്തമിട്ടു. ഇതാദ്യമായാണ് മയാമി ക്ലബ് ലീഗ്സ് കപ്പ് സ്വന്തമാക്കുന്നത്. അതിനു നിമിത്തമായത് മെസിയുടെ അവിശ്വസനീയ പ്രകടനവും. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന സ്കോറില്‍ ഇരുടീമുകളും പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 10 - 9 എന്ന സ്കോറിനായിരുന്നു ഇന്റര്‍ മിയാമിയുടെ വിജയം.
ആവേശകരമായ മത്സരത്തിന്റെ 23-ാം മിനിട്ടില്‍ ലയണല്‍ മെസിയിലൂടെ ഇന്റര്‍ മിയാമിയാണ് മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച നാഷ്വില്‍ 57-ാം മിനിട്ടില്‍ പികൗള്ട്ടിന്റെ ഗോളിലൂടെ ഒപ്പമെത്തുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇന്റര്‍ മിയാമിക്കായി മെസിയാണ് ആദ്യ കിക്കെടുത്തത്.
ഷൂട്ടൗട്ടിലെ ആദ്യത്തെ അഞ്ച് വീതം കിക്കുകളില്‍ ഇരുടീമും ഓരോ ഷോട്ട് വീതം പാഴാക്കി. ഇതോടെ ഗോള്‍നില 4-4 എന്നായി. ഇതോടെ മത്സരം സഡന്‍ഡെത്തിലേക്ക്. സഡന്‍ ഡെത്തില്‍ 10-9ന് മെസിയും കൂട്ടരും വെന്നിക്കൊടി പാറിച്ചു.
ലീഗ്സ് കപ്പ് സെമി ഫൈനലില്‍ ഫിലാഡല്‍ഫിയ യൂണിയനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ മിയാമി 2023 ലീഗ്സ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യമായിട്ടാണ് ഇന്റര്‍ മയാമി ലീഗ്സ് കപ്പിന്റെ ഫൈനലിലെത്തുന്നത്. ഫൈനലിലെത്തിയതോടെ ഇന്റര്‍ മിയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടിയിരുന്നു. ഇതാദ്യമായാണ് ഇന്റര്‍ മിയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്.
മെസിയുടെ വരവോയൊണ് ഇന്റര്‍ മയാമി ടീം ലോക ശ്രദ്ധ നേടിയത്. അതുപോലെ മത്സരങ്ങളില്‍ നിരന്തരം വിജയവും കൈക്കലാക്കുന്നത്. മെസി ടീമിലെത്തിയ ശേഷം ഇന്റര്‍ മയാമി ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെട്ടിട്ടില്ല എന്നതും പ്രത്യേകതയാണ്.
റെക്കോഡ് മെസി
ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന നേട്ടം ഇതോടെ മെസി സ്വന്തമാക്കി. മെസിയുടെ കരിയറിലെ 44-ാം കിരീടമാണിത്. ലീഗ്സ് കപ്പിലെ ടോപ് സ്കോറര്‍, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരവും മെസി പേരിലാക്കി. ഫൈനലില്‍ ഇന്റര്‍ മയാമിക്കായി നിശ്ചിത സമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും മെസി വല കുലുക്കിയിരുന്നു. മയാമിക്കൊപ്പം അരങ്ങേറ്റം കുറിച്ച് 29 ദിവസങ്ങള്‍ക്ക് മാത്രം ശേഷമാണ് ക്ലബില്‍ മെസിയുടെ കന്നിക്കിരീടധാരണം.
മെസി മയാമിയില്‍
ഏഴ് മത്സരങ്ങള്‍
10 ഗോളുകള്‍
1 അസിസ്റ്റ്
ലീഗ് കപ്പ് ചാംപ്യന്‍
ഗോള്‍ഡന്‍ പന്ത്
ഗോള്‍ഡന്‍ ബൂട്ട്
എല്ലാ മത്സരത്തിലും ഗോള്‍
ഇന്റര്‍ മയാമിക്ക് ചരിത്രത്തില്‍ ആദ്യമായി കിരീടം