കൊച്ചി: അന്തരിച്ച പ്രസ് ഫോട്ടൊഗ്രഫർ വിനോദ് കരിമാട്ടിന്റെ സ്മരണയ്ക്കായി എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രസ് ക്ലബ് ക്രിക്കറ്റ് ലീഗിന്റെ (പി.സി.എല്‍) പ്രഥമ സീസണില്‍ മെട്രൊ വാര്‍ത്ത ചാംപ്യന്മാരായി. കലൂര്‍ ഡിഎന്‍എ ഇന്‍ഡോര്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മനോരമ ന്യൂസ് ടീമിനെ ഏഴ് വിക്കറ്റിനാണ് മെട്രൊ വാര്‍ത്ത പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മനോരമ ന്യൂസ് നിശ്ചിത ആറോവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ മെട്രൊ വാര്‍ത്ത 3.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.
മെട്രൊ വാര്‍ത്തയുടെ ഓൾറൗണ്ടർ അഭിലാഷ് കുമാർ കെ.ടി. പ്ലെയർ ഓഫ് ദ ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ചും അഭി തന്നെ. കേരള കൗമുദി, മാതൃഭൂമി ന്യൂസ് എന്നീ ടീമുകളെ തോൽപ്പിച്ച സെമി ഫൈനലിലെത്തിയ മെട്രൊ വാർത്ത, വാശിയേറിയ മത്സരത്തിൽ അമൃത ടിവിയെ സൂപ്പർ ഓവറിൽ മറികടന്നാണ് ഫൈനലിനു യോഗ്യത നേടിയത്. മനോരമ ന്യൂസ് സെമിയിൽ ദേശാഭിമാനെയെയും പരാജയപ്പെടുത്തി.
എറണാകുളത്തെ 15 മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ടീമുകളാണ് രണ്ട് ദിവസത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ജെയിന് യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്-ലക്ഷ്യ, വിപിഎസ് ലേക്ഷോര് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ സമ്മാനദാനം മുന്‍ രാജ്യാന്തര വോളിബോള്‍ താരവും കാലിക്കറ്റ് ഹീറോസിന്റെ പരിശീലകനുമായ കിഷോര്‍കുമാര്‍, വിനോദ് കരിമാട്ടിന്റെ ഭാര്യ സൗമ്യ എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു.
എറണാകുളം പ്രസ്ക്ലബ്ബ് പ്രസിഡന്റ് എം.ആര്. ഹരികുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി എം. സൂഫി മുഹമ്മദ്, ട്രഷറര്‍ മനു ഷെല്ലി, സ്പോര്‍ട്സ് ക്ലബ് കണ്‍വീനര്‍ അഷ്റഫ് തൈവളപ്പ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ബൈജു ഭാസി, ശ്രീജിത്ത് വി.ആർ. എന്നിവർ പങ്കെടുത്തു.