ചെന്നൈ: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെ 81 റൺസിനു കീഴടക്കിയ മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ ആയുസ് നീട്ടിയെടുത്തു. എലിമിനേറ്ററിൽ തോറ്റ ലഖ്നൗ ടൂർണമെന്‍റിൽനിന്നു പുറത്തായപ്പോൾ മുംബൈക്ക് ഫൈനലിൽ കടക്കാൻ ഒരവസരം കൂടി. അടുത്ത ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസാണ് മുംബൈയുടെ എതിരാളികൾ. ഈ മത്സരത്തിൽ ജയിക്കുന്നവർക്ക് ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണെടുത്തത്. ലഖ്നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടായപ്പോൾ, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് സ്പെല്ലുകളിലൊന്നുമായി തിളങ്ങി നിന്നത് ആകാശ് മധ്‌വാൾ എന്ന മുംബൈ ഇന്ത്യൻസ് പേസ് ബൗളർ. 3.3 ഓവർ പന്തെറിഞ്ഞ മധ്‌വാൾ വെറും അഞ്ച് റൺസ് വഴങ്ങി ലഖ്നൗവിന്‍റെ വിലപ്പെട്ട് അഞ്ച് വിക്കറ്റുകളാണ് പിഴുതെടുത്തത്.
നേരത്തെ, നാലു വിക്കറ്റെടുത്ത നവീൻ ഉൽ ഹക്കിന്‍റെ പ്രകടനമാണ് മുംബൈ സ്കോർ 200 കടക്കുന്നതിൽ നിന്നു തടഞ്ഞത്. ആരും അർധസെഞ്ചുറി നേടിയില്ലെങ്കിലും, മിക്ക ബാറ്റര്‍മാരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോള്‍ ടോപ് സ്കോററായത് 23 പന്തില്‍ ആറ് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയില്‍ 41 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ്. 20 പന്തില്‍ 33 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് മികച്ചുനിന്നു. രോഹിത് ശര്‍മ (15), ഇഷാന് കിഷന് (11), തിലക് വര്‍മ (26), ടിം ഡേവിഡ് (13) എന്നിവരും തിളങ്ങി.
അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത നെഹാല്‍ വധേര 12 പന്തില്‍ 23 റണ്‍സ് അടിച്ചു കൂട്ടി. യഷ് ഠാക്കുറിന് മൂന്നു വിക്കറ്റും ലഭിച്ചു.
മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും ലഖ്നൗവിന് അവസരം നൽകാതെയായിരുന്നു മുംബൈ ബൗളർമാരുടെ കടന്നാക്രമണം. ഒരോവറിൽ 18 റൺസ് വഴങ്ങിയ ഹൃഥിക് ഷോകീൻ ഒഴികെ ആരും ഓവറിൽ ശരാശരി ഏഴു റൺസിനു മുകളിൽ വിട്ടുകൊടുത്തില്ല. 27 പന്തിൽ 40 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറർ.