#പീറ്റർ ജയിംസ്
2021 ട്വന്റി20 ലോകകപ്പിനു മുൻപ് ഒരു ഇന്റർവ്യൂവിൽ ഡാനിഷ് സേഥ് എന്ന ക്രിക്കറ്റ് എഴുത്തുകാരൻ ന്യൂസിലൻഡിന്റെ സീമർ ട്രെൻഡ് ബൗൾട്ടിനോട് ഒരു ചോദ്യം ചോദിച്ചു, ഫാസ്റ്റ് ബൗളർമാരോട് ചോദിക്കുന്ന അതേ ക്ലീഷേ ചോദ്യം- "സമകാലിക ക്രിക്കറ്റിൽ നേരിടാൻ ഏറ്റവും പ്രയാസമുള്ള ബാറ്റർ ആരാണ്?'
ചോദ്യം ചിരപരിചിതമായിരുന്നെങ്കിലും ബൗൾട്ടിന്റെ ഉത്തരം അപ്രതീക്ഷിതമായിരുന്നു, ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്ന ഉത്തരം.
ആലോചിക്കാൻ ഒരു നിമിഷം പോലുമെടുക്കാതെ ബൗൾട്ട് പറഞ്ഞ ഉത്തരം, "മുഹമ്മദ് റിസ്വാൻ' എന്നായിരുന്നു- അതെ, പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ.
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് പ്രത്യേകിച്ചും നെറ്റിചുളിപ്പിക്കുന്ന ഉത്തരം. പക്ഷേ, ആ ഉത്തരം ഇടിത്തീയായി പെയ്തിറങ്ങിയത് 2021 ലോകകപ്പിലെ സൂപ്പർ 12 ലെ നിർണായക പോരാട്ടത്തിൽ. ഷഹീൻഷാ അഫ്രീദിയുടെ തീയുണ്ടകൾക്ക് മുന്നിൽ ഇന്ത്യ പൊരുതി മുന്നോട്ടു വച്ച 151 റൺസിന്റെ വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കേ പാക്കിസ്ഥാൻ മറികടന്നു, ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ. 55 പന്തിൽ 79 റൺസുമായി പാക്കിസ്ഥാന് വിജയം സമ്മാനിച്ച റിസ്വാൻ ക്യാപ്റ്റൻ ബാബർ അസമിനൊപ്പം പുറത്താകാതെ നിന്നു.
ആ മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയുണ്ട്. മത്സരത്തിന് മുൻപ് റിസ്വാൻ പിച്ചിൽ സ്ഥാപിച്ച സ്റ്റംപിന് പിന്നിൽ നിന്ന് ചില ഷോട്ടുകൾ ഷാഡോ പ്രാക്റ്റീസ് ചെയ്യുന്ന വീഡിയോ. ഇതേ ഷോട്ടുകൾ മത്സരത്തിൽ അതുപോലെ ആവർത്തിക്കപ്പെട്ടു.
അതേ, റിസ്വാൻ പാക്കിസ്ഥാന് ഒരു ജിന്നാണ്. പാക് നായകനും ക്ലാസിക് ബാറ്റിങ്ങിന് പേരുകേട്ട ബാബൻ അസം പോലും തോറ്റുപോകുന്ന സമ്മർദത്തിന്റെ വലിയ വേദികളിൽ അവൻ പാക് ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാറുണ്ട്.
ലോകകപ്പിൽ കഴിഞ്ഞ ദിവസം ലങ്ക ഉയർത്തിയ 345 റൺസ് ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനു വേണ്ടി ടോപ് ഓർഡർ വീണു പോയ ഘട്ടത്തിലും റിസ്വാൻ കിടിലൻ സെഞ്ചുറിയുമായി ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.
ഫോമിലല്ലാത്ത ഫഖർ സമനു പകരം പാക് ഇന്നിങ്സ് ഓപ്പൺ ചെയ്ത, കേവലം അഞ്ചാം ഏകദിന മത്സരം മാത്രം കളിക്കുന്ന അബ്ദുള്ള ഷഫീക്കിന്റെ അപ്രതീക്ഷിത പ്രകടനത്തിനു പിന്നാലെ മത്സരം കൂളായി ഫിനിഷ് ചെയ്യാൻ ഒരു വലിയ ഇന്നിങ്സ് അനിവാര്യമായിരുന്നു. ഷഫീക്കിനെ കൂടെ നിന്നു കളിപ്പിച്ച ശേഷം ആ റോൾ കൃത്യമായി നിറവേറ്റിയത് റിസ്വാൻ ആയിരുന്നു. പതിയെ സ്റ്റാൻഡ് ചെയ്ത് പിന്നീട് സ്ട്രൈക്ക് റേറ്റ് ഉയർത്തിയ ഇരുവരും മൂന്നാം വിക്കറ്റിൽ 176 റൺസ് കൂട്ടിച്ചേർത്ത് പാക്കിസ്ഥാനെ ഡ്രൈവിങ് സീറ്റിൽ എത്തിച്ചു. ഷഫീഖ് 113 റൺസിൽ വീണപ്പോൾ റിസ്വാൻ പുറത്താകാതെ 131 റൺസ് നേടി.
ശ്രീലങ്കൻ ബൗളർമാർക്ക് റിസ്വാനെ കാര്യമായി ബുദ്ധിമുട്ടിക്കാൻ പോലും സാധിച്ചില്ല. അടിമുടി ക്ലാസിക് ഇന്നിങ്സ്. ബൗളർമാരെക്കാൾ വെല്ലുവിളി ഉയർത്തിയത് ഇന്ത്യൻ അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും. ശ്രീലങ്കയ്ക്കു വേണ്ടി സെഞ്ചുറി നേടിയ കുശാൽ മെൻഡിസ് അതിനകം ശ്വാസതടസം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അമ്പത് ഓവർ വിക്കറ്റ് കാത്തതിനു പിന്നാലെ ക്രീസിലെത്തിയ റിസ്വാനും പേശിവലിവ് അടക്കം ബുദ്ധിമുട്ടുകളെ അതിജീവിച്ച ഇന്നിങ്സാണ് കാഴ്ചവച്ചത്.
ബൗൺസർ അപ്പർകട്ട് ചെയ്യാനുള്ള ശ്രമത്തെ തുടർന്ന് ക്രീസിൽ വീണ റിസ്വാന് പുറം വേദന തുടങ്ങി. രണ്ട് പന്തുകൾക്ക് ശേഷം കൂടുതൽ വേദനയോടെ ചികിത്സ ആവശ്യപ്പെട്ടു. പിന്നാലെ ഒരു ഇരട്ട പ്രഹരമായിരുന്നു- റിവേഴ്സ് സ്വീപ്പ് ചെയ്യുന്നതിനിടെ ഹെൽമെറ്റിന്റെ ഗ്രില്ലിലേക്ക് പന്ത് അടിച്ച് ക്രാമ്പിൽ ഇടിച്ചു. എക്സ്ട്രാ കവറിനു മുകളിൽ സിക്സ് അടിച്ചതിന് ശേഷം വീണ്ടും പേശിവലിവ്. തുടർന്ന് ഫിസിയോയുടെ സഹായം തേടി.
ഈ സമയത്ത്, അമ്പയർമാർ റിസ്വാനുമായി സംസാരിച്ചു. ""ഒന്നുകിൽ റിട്ടയർ ഹർട്ട് ആകുക, അല്ലെങ്കിൽ വൈദ്യസഹായമില്ലാതെ ബാറ്റിങ് തുടരുക''.
വൈദ്യസഹായം കൂടാതെ ബാറ്റിങ് തുടരാനായിരുന്നു റിസ്വാന്റെ തീരുമാനം.
അപ്പോൾ കമന്ററി ബോക്സിലിരുന്ന് ഓസ്ട്രേലിയയുടെ ഐതിഹാസിക ഓപ്പണർ മാത്യു ഹെയ്ഡൻ ഇങ്ങനെ പറഞ്ഞു:
"റിസ്വാൻ ഈ മത്സരം ജയിപ്പിക്കാതെ മൈതാനം വിടില്ല...'
തന്റെ പഴയ ശിഷ്യന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള ഹെയ്ഡന് ഇത് പറയാതിരിക്കാൻ കഴിയില്ലായിരുന്നു. അതേ, റിസ്വാൻ മത്സരം ജയിപ്പിച്ചു തന്നെയാണു മടങ്ങിയത്. ഇനി 14ന് ഇന്ത്യക്കെതിരേ അഹമ്മദാബാദിൽ. ബൗൾട്ട് പറയുന്നത് പോലെ, ഭയക്കേണ്ടത് റിസ്വാനെ തന്നെ...