ഇൻഡോർ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി സജീവ ക്രിക്കറ്റിൽ തിരിച്ചെത്തി. മധ്യ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഷമി ബംഗാളിനു വേണ്ടി കളിക്കുന്നു. ബുധനാഴ്ച ആരംഭിച്ച മത്സരത്തിൽ ഷമി പ്ലെയിങ് ഇലവനിലുണ്ട്.
കഴിഞ്ഞ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനു ശേഷം പരുക്കു കാരണം വിട്ടുനിൽക്കുന്ന ഷമി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും, ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ടീമിനെ തെരഞ്ഞെടുക്കുമ്പോൾ പോലും മത്സരക്ഷമത തെളിയിക്കാൻ സാധിച്ചിരുന്നില്ല.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും, രഞ്ജി ട്രോഫി മത്സരത്തിൽ മികവ് തെളിയിക്കാൻ സാധിച്ചാൽ ഓസ്ട്രേലിയയിലേക്കു പോകാമെന്ന പ്രതീക്ഷ ഷമി പങ്കുവച്ചിരുന്നു. എന്നാൽ, ഇത്തവണ രഞ്ജി സീസൺ രണ്ടു ഘട്ടമായി നടത്തുന്നതിനാൽ, ടെസ്റ്റ് പരമ്പര തുടങ്ങുന്നതിനു മുൻപ് ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമേ ഷമിക്കു ലഭിക്കൂ. നവംബർ 22ന് പെർത്തിലാണ് ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.
ഐപിഎൽ മെഗാ ലേലത്തിനു മുൻപ് ശാരീരികക്ഷമത തെളിയിക്കുക എന്ന വെല്ലുവിളിയും ഷമിക്കു മുന്നിലുണ്ട്. നവംബർ 23ന് ദേശീയ ട്വന്‍റി20 ടൂർണമെന്‍റായ സയീദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കും. 24നാണ് ഐപിഎൽ ലേലം.
ലോകകപ്പിനിടെ പരുക്കേറ്റ കാൽക്കുഴയ്ക്ക് കഴിഞ്ഞ മാർച്ചിൽ ഷമി ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ആറു മാസമായി ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പുനരധിവാസത്തിലാണ്.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്ന പേസ് ബൗളർമാരാണുള്ളത്. റിസർവ് പേസർമാരായ മുകേഷ് കുമാറിനെയും നവദീപ് സെയ്നിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയൻ പിച്ചുകളുടെ സ്വഭാവം കണക്കിലെടുത്ത് ഷമിയെ ഇനിയും ടീമിലേക്കു പരിഗണിക്കാൻ സാധ്യത ഏറെയാണ്. 2018-19 സീസണിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുമ്പോൾ ഷമിയുടെ പ്രകടനം നിർണായകമായിരുന്നു.
ഇപ്പോൾ ആരംഭിക്കുന്ന പരമ്പരയിൽ ദേശീയ ടീമിൽ തിരിച്ചെത്താൻ സാധിക്കുന്നില്ലെങ്കിൽ അടുത്ത ജനുവരിയിൽ ഇംഗ്ലണ്ടിന്‍റെ ഇന്ത്യ പര്യടനത്തിലെ ഏകദിന പരമ്പരയിൽ ഷമി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ഏകദിന ഫോർമാറ്റിൽ നടത്തുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്‍റിനു തയാറെടുപ്പ് കൂടിയായിരിക്കും ഇന്ത്യ - ഇംഗ്ലണ്ട് പരമ്പര.