ചെന്നൈ: എസ്. രാംദാസ് ഒരു ക്രിക്കറ്റ് താരമല്ല, ക്രിക്കറ്റ് ആരാധകൻ മാത്രമാണ്. പക്ഷേ, അദ്ദേഹവും സെഞ്ചുറി പൂർത്തിയാക്കിയിരുന്നു, പ്രായത്തിലാണെന്നു മാത്രം. ഇപ്പോൾ 103 വയസുണ്ട് രാംദാസിന്. സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിൽ അംഗമൊക്കെയായിരുന്നു. എം.എസ്. ധോണിയുടെയും ചെന്നൈ സൂപ്പർ കിങ്സിന്‍റെയും കടുത്ത ആരാധകനാണ് രാംദാസ്.
ഈ ആരാധക മുത്തശ്ശനെ കാണാൻ സാക്ഷാൽ ധോണി നേരിട്ടെത്തിയ വാർത്തയും ചിത്രവും സിഎസ്‌കെ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തന്‍റെ കൈയൊപ്പിട്ട ഒരു സിഎസ്‌കെ ജെഴ്സിയും രാംദാസിനു സമ്മാനിച്ചാണ് ധോണി മടങ്ങിയത്. ഈ കൂടിക്കാഴ്ചയുടെ വൈകാരികമായ ഒരു വീഡിയോയും സിഎസ്‌കെ പങ്കുവച്ചിട്ടുണ്ട്.
രാംദാസ് എന്നെഴുതിയ 103-ാം നമ്പര്‍ ജഴ്സിയാണ് എന്നത് ഇതിനു കൂടുതൽ മൂല്യം നൽകുന്നു. ടീമിനെ പിന്തുണയ്ക്കുന്നതിന് നന്ദി അറിയിച്ചാണ് ധോണി ഇതിൽ കൈയൊപ്പിട്ടത്. Thanks Thatha for the support എന്ന് സ്വന്തം കൈപ്പടയിൽ എഴുതി. ഈ ജഴ്സി രാംദാസ് ആഹ്ലാദേത്തോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. ധോണിയുടെ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ് രാംദാസിന്റെ പ്രതികരണം.
സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ താൻ ക്രിക്കറ്റ് ഫാനാണെന്ന് രാംദാസ് പറയുന്നു. എന്നാൽ, പേടി കാരണം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. പന്തെറിയാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതത്രെ. വേഗം കളി കഴിയും എന്നതാണ് ട്വന്‍റി20 ഫോർമാറ്റിനോടു തനിക്കുള്ള ഇഷ്ടത്തിനു കാരണമെന്നും രാംദാസ് വെളിപ്പെടുത്തുന്നു.