സ്പോർട്സ് ലേഖകൻ
ഐ.എം. വിജയനെപ്പോലെ അനുഗൃഹീതരായ ഫുട്ബോൾ താരങ്ങൾക്കു പോലും കോൽക്കത്ത ക്ലബ്ബുകളിൽ ചേർന്ന ശേഷം കേരളത്തിന്‍റെ മൈതാനങ്ങളിൽ കളിക്കാനിറങ്ങുമ്പോൾ കൂക്കുവിളികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. യൂറോപ്യൻ ഫുട്ബോളിലും പതിവാണ് ക്ലബ് മാറുന്ന താരങ്ങൾക്കു നേരേ പഴയ ഹോം ഗ്രൗണ്ടുകളിൽ ഉയരുന്ന പരിഹാസങ്ങൾ. ഇന്ത്യൻ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പരിചിതമല്ലാത്ത ഈ പതിവിനാണ് ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയായത്. പക്ഷപാതത്തിന്‍റെ പേരിൽ മുൻപേ കുപ്രസിദ്ധിയാർജിച്ച അഹമ്മദാബാദിലെ ഗ്യാലറി ഇക്കുറി കൂക്കുവിളികളോടെ വരവേറ്റത് ഹാർദിക് പാണ്ഡ്യയെയാണ്. ടീമിനെ വഞ്ചിച്ച് പിൻവാതിൽ കളികളിലൂടെ മുംബൈയിലേക്കു മാറിയതാണ് ഇവിടെ ഹാർദിക്കിനെതിരേ ജനരോഷം ഉയരാൻ കാരണം.
ഐപിഎല്ലിലെ ഈ അസാധാരണ പ്രതികരണം കമന്‍റേറ്റർമാർമാരെപ്പോലും അമ്പരപ്പിച്ചു. ''ഇവരുടെ ആരാധന തിരിച്ചുപിടിക്കാൻ ഹാർദിക് ഇനി എന്തൊക്കെ ചെയ്യേണ്ടി വരും'' എന്നായിരുന്നു ഇയാൻ ബിഷപ്പിന്‍റെ ചോദ്യം. ബ്രയൻ ലാറയുടെ പക്കൽ അതിനു മറുപടിയുണ്ടായിരുന്നു, ''മറ്റൊന്നും വേണ്ട, ഇന്ത്യക്കു വേണ്ടി ഇവിടെ കളിക്കാനിറങ്ങിയാൽ മതി!''
അതേസമയം, ഹാർദിക് ഉപേക്ഷിച്ച ടീമിന്‍റെ പുതിയ നായകൻ ശുഭ്‌മൻ ഗില്ലിന് വീരോചിതമായ വരവേൽപ്പു തന്നെ അഹമ്മദാബാദിലെ കാണികൾ നൽകി. ആതിഥേയരായ ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടു വച്ച 169 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് മുംബൈ അനായാസം അടുത്തുകൊണ്ടിരിക്കുന്നു എന്നു തോന്നിച്ചപ്പോഴും അതിനു മാറ്റം വന്നില്ല. മുംബൈ 12 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 107 റൺസെന്ന നിലയിൽ കുതിക്കുമ്പോഴും, 'പ്രിൻസ്' ശുഭ്‌മന്‍റെ ആഹ്വാനത്തിനൊത്ത് ഗുജറാത്തിലെ കാണികൾ ആരവമുയർത്തിക്കൊണ്ടിരുന്നു. അവരുടെ ആവേശം ഊർജമാക്കിക്കൊണ്ട് അസാധ്യമെന്നു തോന്നിച്ച വിജയം ഗുജറാത്ത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.
മുംബൈയുടെ അവഗണിക്കപ്പെട്ട മുൻ നായകൻ രോഹിത് ശർമയുടെ (29 പന്തിൽ 43) മറ്റൊരു മനോഹരമായ ഇന്നിങ്സിനും, ദക്ഷിണാഫ്രിക്കയിൽ എബ്രഹാം ഡിവില്ലിയേഴ്സിന്‍റെ പിൻഗാമി എന്നറിയപ്പെടുന്ന ഡിവാൾഡ് ബ്രീവിസിന്‍റെ (38 പന്തിൽ 46) പോരാട്ടവീര്യത്തിനും മുംബൈയെ കരകയറ്റാനായില്ല. മത്സരത്തിൽ ഓരോ വട്ടം മുംബൈ പിടിമുറുക്കിയപ്പോഴും നിർണായകമായ ബൗളിങ് ചേഞ്ചുകളിലൂടെ ശുഭ്‌മൻ കളി തിരിച്ചുപിടിച്ചുകൊണ്ടിരുന്നു, അതും റാഷിദ് ഖാൻ ഒഴികെ ഒരു മുഖ്യധാരാ ബൗളർ പോലും ടീമിലില്ലാതെ.
കഴിഞ്ഞ സീസൺ വരെ ഒരു ഐപിഎൽ ടീമിലും ഫസ്റ്റ് ഇലവനിൽ ഇടം ഉറപ്പില്ലാതിരുന്ന തമിഴ്‌നാടിന്‍റെ ഇടങ്കയ്യൻ സ്പിന്നർ ആർ. സായ് കിഷോറിനെ സമർഥമായി ഉപയോഗിച്ച രീതി ഗില്ലിന്‍റെ നേതൃമികവിനു മകുടോദാഹരണമായി. നാലോവർ ക്വോട്ട തികച്ച സായ് കിഷോർ 24 റൺസ് മാത്രമാണ് വഴങ്ങിയത്. മത്സരത്തിൽ ഏറ്റവും നിർണായകമായ രോഹിത് ശർമയുടെ വിക്കറ്റും സ്വന്തമാക്കി. സായ് കിഷോറിനെ സഹായിക്കാൻ ഓപ്പസിറ്റ് എൻഡിൽ നിന്ന് റാഷിദ് ഖാനെ കൂടി ഗിൽ നിയോഗിച്ചതോടെയാണ് മത്സരത്തിലേക്ക് ഗുജറാത്ത് തിരിച്ചുവരുന്നത്. വിക്കറ്റൊന്നും നേടിയില്ലെങ്കിലും, നാലോവറിൽ 23 റൺസ് മാത്രം വഴങ്ങിയ റാഷിദ് റണ്ണൊഴുക്ക് നിയന്ത്രിച്ചു നിർത്തി. 25 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയൻ ഇടങ്കയ്യൻ പേസർ സ്പെൻസർ ജോൺസണും മികവ് പുലർത്തി.
എന്നാൽ, ഇംപാക്റ്റ് പ്ലെയറായി പഴയ ഇന്ത്യൻ താരം മോഹിത് ശർമയെ ഇറക്കിയ ഗില്ലിന്‍റെ നീക്കമാണ് ശരിക്കും പൊലിച്ചത്. ബ്രീവിസിന്‍റെയും ഓസ്ട്രേലിയൻ പിഞ്ച് ഹിറ്റർ ടിം ഡേവിഡിന്‍റെയും വിക്കറ്റുകളുമായി മോഹിത്, ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച പ്രതീക്ഷ കാത്തു. പേസല്ല, പേസ് വേരിയേഷനുകളാണ് മോഹിത് സമർഥമായി ഉപയോഗിച്ചത്.
അങ്ങനെ അവസാന ഓവറിൽ മുംബൈക്ക് 19 റൺസ് വിജയലക്ഷ്യം എന്ന നിലയിൽ ഗിൽ പന്തേൽപ്പിക്കുന്നത് ദേശീയ ടീമിൽ നിന്നു തഴയപ്പെട്ട ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിനെ. 35 പിന്നിട്ട മോഹിതിനു പിന്നാലെ 36 പിന്നിട്ട ഉമേഷിന്‍റെ പരിചയസമ്പത്തിലും ഗിൽ വിശ്വാസമർപ്പിച്ചു. കരിയറിന്‍റെ ഒരു ഘട്ടത്തിൽ മികച്ച ഡെത്ത് ഓവർ ബൗളർ അല്ലാതിരുന്ന ഉമേഷിനെ ഈ ഘട്ടത്തിൽ ഗിൽ ആശ്രയിക്കുമ്പോൾ, ഐപിഎല്ലിലെ നിയമ ഭേദഗതി തന്നെ ആയിരുന്നിരിക്കണം മനസിൽ- ഓവറിൽ രണ്ടു ബൗൺസർ എറിയാം എന്ന ഭേദഗതി. ഉമേഷിന്‍റെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറും നേടിയതോടെ ഗുജറാത്തിന്‍റെ ഗ്യാലറിയോട് ഹാർദിക് പ്രതികാരം ചെയ്യാൻ പോകുന്ന പ്രതീതി. പിന്നെ വേണ്ടത് നാലു പന്തിൽ ഒമ്പത് റൺസ് മാത്രം. എന്നാൽ, മൂന്നാം പന്തിൽ ബൗൺസർ എന്ന വജ്രായുധം കിറുകൃത്യമായി പ്രയോഗിച്ച ഉമേഷിനു മുന്നിൽ മുംബൈ ക്യാപ്റ്റനു പിഴച്ചു. ഹുക്ക് ചെയ്യാനുള്ള ശ്രമം രാഹുൽ തേവാത്തിയയുടെ കൈകളിൽ സുരക്ഷിമായി വിശ്രമിച്ചു. പിന്നെയെല്ലാം ചടങ്ങ് മാത്രം. തത്കാലത്തേക്കെങ്കിലും അഹമ്മദാബാദിലെ ഗ്യാലറിക്ക് ഹാർദികിനോടുള്ള പ്രതികാരം തീർക്കാൻ ഗിൽ കൂടെ നിന്നു. പുതിയ നായകനു പിന്നിൽ കാണികളും ഉറച്ചുനിന്നു.
സ്കോർ: ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 168/6 (സായ് സുദർശൻ 39 പന്തിൽ 45, ശുഭ്‌മൻ ഗിൽ 22 പന്തിൽ 31, രാഹുൽ തേവാത്തിയ 15 പന്തിൽ 22; രാഹുൽ തേവാത്തിയ 4-0-14-3, ജെറാൾ കോറ്റ്സി 4-0-27-2), മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 162/9 (ഡിവാൾഡ് ബ്രീവിസ് 38 പന്തിൽ 46, രോഹിത് ശർമ 29 പന്തിൽ 43, നമൻ ധീർ 10 പന്തിൽ 20; സ്പെൻസർ ജോൺസൺ 4-0-25-2, മോഹിത് ശർമ 4-0-32-2)