മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജെഴ്സികളുടെ ഡിസൈൻ അഡിഡാസ് പുറത്തുവിട്ടു. ടെസ്റ്റ് ടീമിനും പരിമിത ഓവർ ടീമിനും പ്രത്യേകം ജെഴ്സികൾ എന്ന രീതി മാറി, ഏകദിന - ട്വന്‍റി20 ടീമുകൾക്കും പ്രത്യേകം ജെഴ്സികളാണ് ഇത്തവണ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മുംബൈയിലെ പ്രശസ്തമായ വാംഖഡെ സ്റ്റേഡിയത്തിനു മുകളിലേക്ക് ജെഴ്സികൾ ഉയർന്നു വരുന്നതിന്‍റെ വിഎഫ്എക്സ് വിഡിയോയാണ് അഡിഡാസും ബിസിസിഐയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താരങ്ങളെ ഉപയോഗിച്ചുള്ള ഫോട്ടോഷൂട്ട് ഇത്തവണ ഉണ്ടായിട്ടില്ല. എന്നാൽ, പരിശീലനത്തിനുള്ള പുതിയ ജെഴ്സി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾ ഇതിനകം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
പ്രമുഖ സ്പോർട്സ് ഉത്പന്ന നിർമാതാക്കളായ അഡിഡാസാണ് ഇന്ത്യൻ ടീമിന്‍റെ പുതിയ സ്പോൺസർമാർ. വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ കളിക്കുന്ന പുതിയ ജെഴ്സിയിലായിരിക്കും. ടെസ്റ്റിനുള്ള വൈറ്റ്സിൽ തോൾ ഭാഗത്ത് നീല വരയോടു കൂടിയതാണ് പുതിയ ജെഴ്സി.
വെസ്റ്റിൻഡീസ് പര്യടനത്തിനായിരിക്കും ട്വന്‍റി20ക്കുള്ള പ്രത്യേക ജെഴ്സി ആദ്യമായി ഉപയോഗിക്കുക. അഫ്ഗാനിസ്ഥാനെതിരേ അനിശ്ചിതത്വത്തിൽ തുടരുന്ന ഏകദിന പരമ്പര നടന്നാൽ അതിൽ പുതിയ ഏകദിന ജെഴ്സിയും ഉപയോഗിക്കും. അതു നടന്നില്ലെങ്കിൽ പുതിയ ഏകദിന ജെഴ്സിയുടെ അരങ്ങേറ്റവും വിൻഡീസ് പര്യടനത്തിൽ തന്നെയാകും.