ജയ്പുർ: നല്ല രീതിയിൽ പോകുന്ന ടീമിൽ അഴിച്ചുപണി നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ചെന്നൈ സൂപ്പർകിങ്സ് കോച്ച് സ്റ്റീഫൻ ഫ്ളെമിങ്. രാജസ്ഥാൻ റോയൽസിനോടു 32 റൺസിനു തോറ്റതിനു പിന്നാലെയാണ് പ്രതികരണം.
203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസേ നേടാനായുള്ളൂ. ഓപ്പണർ ഡെവൺ കോൺവെയ്ക്കും വൺഡൗൺ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയ്ക്കും റൺനിരക്ക് ഉയർത്താൻ സാധിക്കാതെ വന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അഴിച്ചുപണി ആവശ്യമില്ലെന്ന മറുപടി.
രാജസ്ഥാൻ ബൗളർമാർ പേസ് കുറച്ച് പന്തെറിഞ്ഞത് ബാറ്റ്സ്മാൻമാരെ കുഴപ്പിച്ചതായി ഫ്ളെമിങ് സമ്മതിച്ചു.
ബിഗ് ഹിറ്റർമാരെ ആരെയെങ്കിലും പ്രൊമോട്ട് ചെയ്യാമായിരുന്നു എന്ന അഭിപ്രായം മാധ്യമപ്രവർത്തകർ പ്രകടിപ്പിച്ചു. എന്നാൽ, കോൺവെയും രഹാനെയും മികച്ച ഫോമിലുള്ള കളിക്കാർ തന്നെയാണെന്ന മറുപടിയാണ് ഫ്ളെമിങ് നൽകിയത്.
ജയ്പുരിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ പവർപ്ലേയിൽ വിക്കറ്റ് നഷ്ടം കൂടാതെ 64 റൺസെടുത്തിരുന്നു. എന്നാൽ, ചെന്നൈക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് മാത്രമാണ് നേടാനായത്.
നേരത്തെ ഓപ്പണർ യശസ്വി ജയസ്വാൾ (43 പന്തിൽ 77), ദേവദത്ത് പടിക്കൽ (24 നോട്ടൗട്ട്), ധ്രുവ് ജുറൽ (34 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ചെന്നൈ സ്കോർ 200 കടത്തിയത്. എഡ്ജ് ചെയ്ത നിരവധി പന്തുകൾ ബൗണ്ടറി കടന്നതും ചെന്നൈ ബൗളർമാർക്ക് തിരിച്ചടിയായി.