ബുഡാപെസ്റ്റ്: സ്പ്രിന്റിലെ ഏറ്റവും ഗ്ലാമറസ് ഇനങ്ങളായ നൂറ് മീറ്ററിലും 200 മീറ്ററിലും ലോക ചാംപ്യന്‍ അമെരിക്കയുടെ നോഹ ലൈല്‍സ്. നിലവിലെ ചാംപ്യനെ അട്ടിമറിച്ച് 100 മീറ്ററില്‍ ജേതാവായ നോഹ ലൈല്‍സ് തന്റെ കുത്തക ഇനമായ 200 മീറ്ററിലെ കിരീടം നിലനിര്‍ത്തി. 19.52 സെക്കന്‍ഡിലാണ് ലൈല്‍സ് 200 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇത് മൂന്നാം തവണയാണ് നോഹ ലോക ചാംപ്യന്‍ഷിപ്പിലെ 200 മീറ്റര്‍ ചാംപ്യനാകുന്നത്.
പുരുഷ വിഭാഗത്തില്‍ 100, 200 മീറ്റര്‍ കിരീടങ്ങള്‍ ഒരാള്‍ സ്വന്തമാക്കുന്നത് 8 വര്‍ഷങ്ങള്‍ക്കുശേഷമാണ്. 2015ല്‍ ഉസൈന്‍ ബോള്‍ട്ടാണ് അവസാനമായി സ്പ്രിന്റ് ഡബിള്‍ തികച്ചത്.
അതേസമയം, വനിതാ വിഭാഗത്തില്‍ 100 മീറ്ററില്‍ ചാംപ്യനായ അമെരിക്കയുടെ ഷാകാരി റിച്ചാര്ഡ്സണ് 200 മീറ്ററില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഈയിനത്തില്‍ വനിതകളുടെ 100 മീറ്ററില്‍ രണ്ടാംസ്ഥാനത്തായ ജമൈക്കയുടെ ഷെറിക്ക ജാക്സന് സ്വര്‍ണമണിഞ്ഞു. ചരിത്രത്തിലെ മികച്ച രണ്ടാമത്തെ സമയം കുറിച്ച ഷെറിക്കയ്ക്ക് (21.41 സെക്കന്‍ഡ്) ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയുടെ പേരിലുള്ള ലോക റെക്കോര്‍ഡ് നഷ്ടമായത് (21.34 സെക്കന്‍ഡ്) നേരിയ വ്യത്യാസത്തിലാണ്. യുഎസിന്റെ ഗാബി തോമസിനാണ് വെള്ളി.