കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിവിധ ലോക രാജ്യങ്ങള്‍ കൊവിഡ് വാക്സിനുകള്‍ വികസിപ്പിച്ചിരുന്നു. വാക്സിനെടുക്കാത്ത താരങ്ങള്‍ക്ക് ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് ഓസ്ട്രേലിയന്‍, യുഎസ് സംഘാടകര്‍ നിലപാടെടുത്തു. എന്നാല്‍, വാക്സിന് എടുക്കില്ല എന്ന നിലപാടായിരുന്നു ജോക്കോയുടേത്. അതുകൊണ്ടുതന്നെ 2022ല്‍ ഓസ്ട്രേലിയന്‍ ഓപ്പണിലും യുഎസ് ഓപ്പണിലും ജോക്കോവിച്ചിന് അവസരം നിഷേധിച്ചിരുന്നു. എന്നാല്‍, 2023ല്‍ ഈ രണ്ട് ഗ്രാന്‍ഡ്സ്ലാമുകളും നേടി ജോക്കോ മധുരപ്രതികാരം ചെയ്തിരിക്കുകയാണ്.
"എനിക്ക് പശ്ചാത്താപമില്ല. പശ്ചാത്താപം നിങ്ങളെ തടഞ്ഞുനിര്‍ത്തുകയും അടിസ്ഥാനപരമായി നിങ്ങളെ ഭൂതകാലത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജീവിതത്തിലൂടെ ഞാന്‍ പഠിച്ചു."
അതുകൊണ്ട് ഏതെങ്കിലും കാര്യത്തില്‍ പശ്ചാത്താപഭാരത്താല്‍ ജീവിക്കാന്‍ എനിക്ു താത്പര്യമില്ല. ഭാവിയില്‍ വളരെയധികം മുന്നേറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ നിമിഷത്തിലെന്നപോലെ എനിക്ക് ജീവിക്കണം. തീര്‍ച്ചയായും ഭാവിയെക്കുറിച്ച് ചിന്തിക്കുക, ഒരു നല്ല ഭാവി സൃഷ്ടിക്കുക. അതാണ് ആഗ്രഹം. - ജോക്കോവിച്ച് യുഎസ്, ഓസ്ട്രേലിയന്‍ ഓപ്പണ്‍ നഷ്ടത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.
2008ലാണ് ജോക്കോവിച്ച് തന്റെ ഗ്രാന്‍ഡ് സ്ലാം വേട്ട ആരംഭിക്കുന്നത്. ജോ വില്‍ഫ്രഡ് സോംഗയെ പരാജയപ്പെടുത്തിക്കൊണ്ട് ആ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജോക്കോവിച്ച് സ്വന്തമാക്കി.
കരിയറില്‍ ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയിട്ടുള്ള ഗ്രാന്‍ഡ്സ്ലാമും ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്നെ, 10.
2011ലും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജോക്കോ നേടി. ആദ്യമായി വിംബിള്‍ഡണ്‍ കിരീടം നേടുന്നത് 2011ലാണ്. അന്ന റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയായിരുന്നു ജോക്കോയുടെ കിരീടനേട്ടം. അതേവര്‍ഷം തന്നെ നദാലിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പണും ജോക്കോ നേടി. പിന്നീട് അഞ്ചു വര്‍ഷം കൂടി കാത്തിരുന്ന് 2016ലാണ് ജോക്കോ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. എതിരാളി ബ്രിട്ടന്റെ ആന്‍ഡി മുറെയും. ഗ്രാന്‍ഡ് സ്ലാം ഫൈനലുകളില്‍ നാലു തവണ വീതം നദാലിനെയും ഫെഡററെയും ജോക്കോവിച്ച് തോല്‍പ്പിച്ചു.
മൂന്നു ഗ്രാന്ഡ്സ്ലാമുകള് നാലു വര്‍ഷം നേടുന്ന ഏക താരമെന്ന ചരിത്രനേട്ടവും ഇപ്പോള്‍ ജോക്കോവിച്ചിന് സ്വന്തം.
പുരുഷ വനിതാ വിഭാഗങ്ങള്‍ പരിഗണിച്ചാല്‍ മാര്‍ഗരറ്റ് കോര്‍ട്ടാണ് ഏറ്റവും കൂടുതല്‍ ഗ്രാന്ഡ്സ്ലാമുകള് നേടിയ താരം, 24. അതിനൊപ്പമാണ് ജോക്കോവിച്ച് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സെറീന വില്യംസ് 23ഉം റാഫേല്‍ നദാലും സ്റ്റെഫി ഗ്രാഫും 22 വീതം ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കി.
2018 സെപ്റ്റംബറില്‍ ഗ്രാന്‍ഡ് സ്ലാമുകളുടെ എണ്ണത്തില്‍ സാക്ഷാല്‍ ഫെഡററായിരുന്നു മുന്നില്‍, 20 എണ്ണം. 17 ഗ്രാന്‍ഡ്സ്ലാമുകളുമായി നദാല്‍ രണ്ടാമതും. അത് 2023 സെപ്റ്റംബര്‍ എത്തുമ്പോള്‍ ജോക്കോവിച്ചിനൊപ്പം 24 ഗ്രാന്ഡ്സ്ലാമുകള്.
അതായത് അഞ്ചു വര്‍ഷത്തിനിടെ 11 ഗ്രാന്ഡ്സ്ലാമുകള് അധികം. നദാലിന് 22ഉം ഫെഡറര്‍ക്ക് അതേ 20ഉം.
31-ാം വയസില്‍ കേവലം 12 ഗ്രാന്ഡ്സ്ലാമുകളായിരുന്നു ജോക്കോയ്ക്കുണ്ടായിരുന്നത്. എന്നാല്‍, പിന്നീടുള്ള അഞ്ചു വര്‍ഷങ്ങളില്‍ 36കാരനായ ജോക്കോ സ്വന്തമാക്കിയത് 12 ഗ്രാന്ഡ്സ്ലാമുകള് കൂടിയാണ്.
ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും ഇപ്പോള്‍ യുഎസ് ഓപ്പണും ജോക്കോയുടെ പക്കലായി.
36 ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ കളിച്ച ജോക്കോ 24ലും കിരീടം ചൂടി. കരിയറില്‍ 361 വിജയങ്ങളും 48 പരാജയങ്ങളും.