പാരിസ്: ദീർഘമായ 52 വർഷത്തെ ഇടവേളയ്ക്കൊടുവിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ഒളിംപിക് ഹോക്കിയിൽ പരാജയപ്പെടുത്തി. രണ്ടിനെതിരേ മൂന്നു ഗോളിനാണ് ചരിത്ര വിജയം. ടോക്യോ ഓളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യ ഇതോടെ പാരിസിലും മെഡൽ പ്രതീക്ഷ വർധിപ്പിച്ചു.
1972ലെ മ്യൂണിച്ച് ഒളിംപിക്സിലാണ് ഇന്ത്യ അവസാനമായി ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇക്കുറി പൂൾ ബി മത്സരത്തിൽ അഭിഷേകിന്‍റെ ഗോളിലൂടെ പന്ത്രണ്ടാം മിനിറ്റിൽ ഇന്ത്യ മുന്നിലെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് 13, 33 മിനിറ്റുകളിൽ നേടിയ ഗോളുകളാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. ഓസ്ട്രേലിയക്കു വേണ്ടി ടോം ക്രെയ്ഗ് (25ാം മിനിറ്റ്), ബ്ലേക്ക് ഗവേഴ്സ് (55ാം മിനിറ്റ്) എന്നിവരാണ് ഗോളടിച്ചത്.
അവസാന അന്താരാഷ്‌ട്ര ടൂർണമെന്‍റ് കളിക്കുന്ന ഇന്ത്യയുടെ മലയാളി ഗോളി പി.ആർ. ശ്രീജേഷിന്‍റെ അസാമാന്യ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ഇതോടെ ഒമ്പത് പോയിന്‍റായ ഇന്ത്യ രണ്ടാം സ്ഥാനക്കാരായി പൂളിൽനിന്ന് അടുത്ത റൗണ്ടിലേക്കു മുന്നേറുമെന്നാണ് കരുതുന്നത്. 12 പോയിന്‍റുമായി ബെൽജിയമാണ് മുന്നിൽ.