ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് മത്സരത്തിനിടെ. 
Olympics 2024

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം

മൂന്നാം സ്ഥാനം നിർണയിക്കാനുള്ള മത്സരത്തിൽ ഇന്ത്യ സ്പെയിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരേ രണ്ടു ഗോളിന്

പാരിസ്: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കി. സെമി ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യയും സ്പെയിനുമാണ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഏറ്റുമുട്ടിയത്. ഇതിൽ ഒന്നിനെതിരേ രണ്ടു ഗോളിന് ഇന്ത്യ ജയം നേടുകയായിരുന്നു.

ടോക്യോയിൽ നടന്ന കഴിഞ്ഞ തവണത്തെ ഒളിംപിക്സിലും ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയിരുന്നു. ഇത്തവണത്തെ ഒളിംപിക്സോടെ അന്താരാഷ്‌ട്ര ടൂർണമെന്‍റുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മലയാളി ഗോളി പി.ആർ. ശ്രീജേഷിനും പാരീസിലേത് അഭിമാനകരമായ വിടവാങ്ങലായി.

സെമിഫൈനലിൽ ജർമനിയോടു പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് ടോക്യോയയിലേതിനെക്കാൾ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷ അസ്തമിച്ചത്. എന്നാൽ, അന്നത്തെ പരാജയത്തിന്‍റെ പേരിൽ ഏറെ പഴി കേട്ട ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് തന്നെ വെങ്കല പോരാട്ടത്തിൽ ടീമിന്‍റെ വീരനായകനുമായി.

മാർക്കസ് മിറാലസിലൂടെ മത്സരത്തിൽ ആദ്യം ഗോൾ നേടിയത് സ്പെയിനാണ്. പെനൽറ്റി സ്ട്രോക്കിലൂടെയായിരുന്നു ഇത്. എന്നാൽ, മുപ്പതാം മിനിറ്റിൽ ഇന്ത്യ ഗോൾ മടക്കി. ഡ്രാഗ് ഫ്ളിക്കർ ഹർമൻപ്രീതിന്‍റെ ഷോട്ട് ലക്ഷ്യം തെറ്റാതെ സ്പാനിഷ് വലയിൽ പതിച്ചു. മൂന്നു മിനിറ്റിന്‍റെ ഇടവേളയിൽ ഹർമൻപ്രീത് വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറിയും പെനൽറ്റി കോർണറിൽനിന്നു തന്നെയാണ് ഗോൾ പിറന്നത്.

രണ്ടു പെനൽറ്റി കോർണറുകളും ലക്ഷ്യത്തിലെത്തിച്ച ഹർമൻപ്രീത് ഇന്ത്യക്ക് ആധികാരിക വിജയം ഉറപ്പാക്കി. ഈ ഒളിംപിക്സിൽ ഇതോടെ ഹർമൻപ്രീതിന്‍റെ ഗോൾ നേട്ടം പതിനൊന്നായി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും