പാരിസ്: ഒളിംപിക് ടേബിൾ ടെന്നീസില്‍ പുതു ചരിത്രമെഴുതി മണിക ബത്ര. വനിതാ സിംഗിൾസില്‍ ഇന്ത‍്യന്‍ വംശജയായ ഫ്രാന്‍സിന്‍റെ പൃതിക പവാഡെയെ അതിശക്തമായ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് മണിക പ്രീക്വാര്‍ട്ടറിലെത്തിയത്. ടേബിൾ ടെന്നീസ് സിംഗിൾസില്‍ പ്രീക്വാർട്ടറിലെത്തുന്ന ആദ‍്യ ഇന്ത‍്യന്‍ വനിതയാണ് ഇരുപത്തൊമ്പതുകാരിയായ മണിക. സ്കോര്‍ 11-9, 11-6, 11-9, 11-7.
അചന്ത ശരത് കമലാണ് മുന്‍പ് പുരുഷ സിംഗിൾസില്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഹോങ്കോങ്ങിന്‍റെ സു ചെങ്ഷുവും ജപ്പാന്‍റെ മിയു ഹിരാനോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് മണിക പ്രീക‍്വാര്‍ട്ടറില്‍ നേരിടുക. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ‍്യന്‍ ഗെയിംസിലും മെഡല്‍ നേടിയിട്ടുണ്ട് മണിക. നിലവില്‍ ലോക റാങ്കിങ്ങില്‍ 28ാം സ്ഥാനത്താണ് മണിക.
ഫ്രാൻസിനു വേണ്ടി മത്സരിച്ച പത്തൊമ്പതുകാരിയായ പൃതിക പുതുച്ചേരി സ്വദേശിനിയാണ്. 2003ലാണ് പൃതികയുടെ മാതാപിതാക്കൾ ഫ്രാന്‍സിലേക്ക് കുടിയേറിയത്. ലോക റാങ്കിങ്ങിൽ പതിനെട്ടാം സ്ഥാനക്കാരിയാണ്.
ഇത് മികച്ച മത്സരമായിരുന്നെന്നും ഫ്രഞ്ച് മണ്ണില്‍ ഫ്രഞ്ച് താരത്തിനെതിരെ നേടിയ വിജയം വളരെയധികം സന്തോഷം തരുന്നതാണെന്നും മണിക മാധ‍്യമങ്ങളോട് പ്രതികരിച്ചു. മുന്‍റൗണ്ടില്‍ ബ്രിട്ടന്‍റെ അന്ന ഹര്‍സിയെയാണ് മണിക പരാജയപ്പെടുത്തിയത്.