ചരിത്രം രചിച്ചു കൊണ്ടാണ് മനു ഭാക്കർ പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി മെഡൽ സ്വന്തമാക്കിയത്. ടോകിയോ ഒളിംപിക്സ് നൽകിയ കണ്ണീരിനു മേൽ ഉദിച്ചുയരുന്ന വെങ്കലപ്രഭ. 'ഏറെക്കാലമായി ഇന്ത്യ അർഹിച്ചിരുന്ന മെഡലാണിത്'. മെഡൽ സ്വന്തമാക്കിയതിനു ശേഷം അമിതമായ ആവേശപ്രകടനങ്ങളൊന്നുമില്ലാതെ മനു ഭാക്കർ പറയുന്നു. 12 വർഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിനാണ് ഷൂട്ടിങിലെ കൃത്യതയോടെ ഈ 22കാരി വിരാമമിട്ടിരിക്കുന്നത്. ടോക്കിയോ ഒളിംപിക്സിൽ നിന്ന് വെറും കൈയോടെ മടങ്ങി വന്ന നാളുകൾ കണ്ണീരിന്‍റേതായിരുന്നു. മൂന്നു ഇവന്‍റുകളിൽ പൊരുതിയെങ്കിലും ഒന്നിലും വിജയം കാണാനായില്ല. ആ പരാജയമുണ്ടാക്കിയ തളർച്ച വളരെ വലുതായിരുന്നു. വർഷങ്ങളോളം അതിൽ നിന്ന് കര കയറാനായി താൻ ബുദ്ധിമുട്ടിയെന്ന് മനു.
പതിനാലാം വയസ്സിലാണ് മനു ഷൂട്ടിങ്ങിലേക്കെത്തുന്നത്. അന്നു മുതൽ മനസിൽ തീക്കനൽ പോലെ ഷൂട്ടിങ്ങിനോടുള്ള അടങ്ങാത്ത ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ടോക്കിയോയിലെ പരാജയം ആ കനൽത്തരിയുടെ പ്രഭ പതിയെ കെടുത്താൻ തുടങ്ങി.
കുറച്ചു കാലം കഴിഞ്ഞപ്പോൾ ഷൂട്ടിങ് ഒരു ജോലി പോലെ മടുപ്പിച്ചു തുടങ്ങി. എല്ലാ ദിവസവും ഒരേ കാര്യം തന്നെ. പഴയ പോലെ ഷൂട്ടിങ് എനിക്ക് ഒരു വിധത്തിലുള്ള സന്തോഷം നൽകാത്തതു പോലെ. അപ്പോഴാണ് ഞാൻ അതിൽ നിന്ന് ഒരു ഇടവേള എടുക്കാമെന്ന് കരുതിയതെന്ന് മനു.
2023ൽ ഷൂട്ടിങ് അവസാനിപ്പിച്ച് ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകാമെന്ന തീരുമാനത്തിൽ മനു എത്തിയിരുന്നു.
അങ്ങനെയിരിക്കേയാണ് പഴ പരിശീലകനായ ജസ്പൽ റാണയുമായി കൂടിക്കാഴ്ച നടത്താൻ മനു തീരുമാനിച്ചത്. ആ കൂടിക്കാഴ്ച തീരുമാനങ്ങളെ മാറ്റി മറിച്ചു. പരിശീലകനും മനുവും വീണ്ടും ഷൂട്ടിങ്ങിന്‍റെ പാതയിലേക്ക് തിരിച്ചെത്തി. ആ തിരിച്ചു വരവാണ് പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കു മെഡൽ സമ്മാനിച്ചിരിക്കുന്നത്.
ഹരിയാനയിൽ അനവധി ബോക്സർമാരെയും ഗുസ്തിക്കാരെയും സമ്മാനിച്ച ഝാജ്ജർ സ്വദേശിയാണ് മനു. സ്കൂൾ പഠനകാലത്ത് ടെന്നിസിലും മാർഷ്യൽ ആർട്സിലും ബോക്സിങ്ങിലും സ്കേറ്റിങ്ങിലുമെല്ലാം മനു നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയിരുന്നു.
പതിനാലാം വയസ്സിലാണ് ഷൂട്ടിങ്ങിലേക്ക് തിരിയുന്നത്. 2017വെ ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 9 സ്വർണം നേടി മനു സകലരെയും ഞെട്ടിച്ചു. അന്ന് 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ 242.3 സ്കോറോടു കൂടി ഇന്ത്യൻ ഒളിംപിക് താരം ഹീന സിന്ധുവിന്‍റെ റെക്കോഡ് മനു തിരുത്തി. പതിനാറാം വയസ്സിൽ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് സ്വർണം നേടി. 2018ൽ യൂത്ത് ഒളിംപിക്സിൽ സ്വർണം.
2022ലെ ഏഷ്യൻ ഗെയിംസിലും മനു സ്വർണം നേടിയിരുന്നു.