ഇസ്ലാമബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്‍പ് ഇന്ത്യയിലെത്തുന്ന പാക് ടീമിന്റെ സുരക്ഷാ സൗകര്യങ്ങള്‍ വിലയിരുത്തണമെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യത്തെത്തുടര്‍ന്ന് പാക്കിസ്ഥാന് സര്‍ക്കാര്‍ നിയോഗിക്കുന്ന പ്രത്യേക സംഘം ഇന്ത്യയിലെത്തി പരിശോധന നടത്തും. പാക് ടീമിനെ ഇന്ത്യയിലേക്ക് അയച്ചാല്‍ സ്റ്റേഡിയങ്ങളില്‍ ആവശ്യത്തിനു സുരക്ഷ ലഭിക്കുമോയെന്നാണു സംഘം വിലയിരുത്തുന്നത്. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പാക്കിസ്ഥാന്റെ നീക്കം. പാക്കിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്ന വേദികളിലെത്തുന്ന സംഘം സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കും. ഇതിനു ശേഷം മാത്രമായിരിക്കും പാക് സര്‍ക്കാര്‍ ടീമിന് ലോകകപ്പ് കളിക്കുന്നതിനുള്ള അന്തിമ അനുവാദം നല്‍കൂ.
അതേസമയം, പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തതിനു ശേഷമായിരിക്കും ഇന്ത്യയിലേക്കു സംഘത്തെ അയക്കുന്ന തീയതി തീരുമാനിക്കുക എന്നാണ് വിവരം. പിസിബി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘം ഇന്ത്യയിലെത്തി ലോകകപ്പ് വേദികള്‍ പരിശോധിക്കും. സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്കു വിടുന്ന നടപടി സ്വാഭാവികമാണ്. ഇന്ത്യയില്‍ മത്സരങ്ങളുണ്ടെങ്കില്‍ അനുമതി നല്‍കുന്നതിനായി പാക്കിസ്ഥാന് സുരക്ഷാ സംഘത്തെ മുന്‍പും അയച്ചിട്ടുണ്ടെന്ന് പാക് കായികമന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന്റെ കളികളുള്ള ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥരെത്തുക. ആവശ്യമെങ്കില്‍ മത്സര വേദികള്‍ മാറ്റണമെന്ന് പാക്ക് സംഘം ആവശ്യപ്പെടുമത്രേ. പാക് ടീം ഇന്ത്യയില്‍ കളിക്കുന്നതില്‍ പാക് ബോര്‍ഡിന് എതിര്‍പ്പില്ലെങ്കിലും പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്കു വിടാന്‍ പാക്ക് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെ നടക്കുന്ന ലോകകപ്പില്‍ ഒക്ടോബര്‍ 15നാണ് ഇന്ത്യ- ാക്കിസ്ഥാന് പോരാട്ടം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അഹമ്മദാബാദില്‍നിന്ന് മത്സരം മാറ്റണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടിരുന്നെങ്കിലും ബിസിസിഐ അംഗീകരിച്ചിരുന്നില്ല. അതുപോലെ ചില വേദികളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ബിസിസിഐ നിരസിച്ചിരുന്നു. എന്നാല്‍, വസിം അക്രമും ഷാഹിദ് അഫ്രീദിയുമടക്കമുള്ള മുന്‍ പാക് താരങ്ങള്‍ പാക് ടീം ഇന്ത്യയിലെത്തി ലോകകപ്പ് കളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മുന്‍ താരം ജാവേദ് മിയാന്‍ദാദിന്റെ അഭിപ്രായം മറിച്ചിയാരുന്നു. ഏഷ്യാ കപ്പിനായി പാക്കിസ്ഥാനില്‍ എത്തുന്നതില്‍നിന്നും പിന്മാറിയ ഇന്ത്യയില്‍ പോയി ലോകകപ്പ് കളിക്കേണ്ട കാര്യമില്ലെന്നാണ് മിയാന്‍ദാദിന്റെ അഭിപ്രായം.
ലോകകപ്പിന് മുന്നോടിയായുള്ള ഔദ്യോഗിക സന്നാഹമത്സരത്തില്‍ എതിരാളിയായി അഫ്ഗാനിസ്ഥാന് വേണ്ട എന്നും പാക്കിസ്ഥാന് പറഞ്ഞിരുന്നു.
അഹമ്മദാബാദില്‍നിന്ന് പാക്കിസ്ഥാന്റെ മത്സരം മാറ്റണമെന്ന ആവശ്യത്തിനെതിരേ മുന്‍ പാക് താരം ബാസിത് അലി രംഗത്തെത്തിയിരുന്നു. ''അഹമ്മദാബാദിലും മറ്റൊരു വേദിയിലും പാക്കിസ്ഥാന് കളിക്കാന്‍ തയ്യാറായേക്കില്ല എന്നൊരു വാര്‍ത്ത കേള്‍ക്കുന്നുണ്ട്. എന്തുകൊണ്ട് പാകിസ്ഥാന് കളിക്കുന്നില്ല. ഐസിസി ലോകകപ്പിന്റെ മത്സരക്രമം പാകിസ്ഥാന് വലിയ മുന്‍തൂക്കം നല്‍കുന്നതാണ്. അഹമ്മദാബാദില്‍ ഒന്നേകാല്‍ ലക്ഷം കാണികള്‍ മത്സരം കാണാന്‍ എത്തിയാല്‍ സമ്മര്‍ദം ഇന്ത്യന്‍ ടീമിന് മുകളിലാവും. പാക്കിസ്ഥാന് മേല്‍ സമ്മര്‍ദം വരില്ല. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് കളിക്കാനായി പാക്കിസ്ഥാനിലേക്ക് വന്നാല്‍ സമ്മര്‍ദം പാക് ടീമിന് മുകളിലായിരിക്കും. ഈ ലളിതമായ കാര്യം ആളുകള്‍ക്ക് എന്തുകൊണ്ട് മനസിലാകുന്നില്ല എന്നറിയില്ല.'' അദ്ദേഹം വിശദീകരിച്ചു.