പീറ്റര്‍ ജയിംസ്
ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു മതമാണ്. ആ മതത്തിന്‍റെ ക്ഷേത്രം പോലെയാണിപ്പോള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. 1,30,000 പേരെ ഉള്‍ക്കൊള്ളാന്‍ ആ സ്റ്റേഡിയത്തിന്‍റെ ഗ്യാലറിയിലെ ഇരിപ്പിടങ്ങള്‍ക്കു പോലും ഇന്ത്യന്‍ ജെഴ്സിയുടെ ചായം പൂശിയിരുന്നു. പക്ഷേ, ആര്‍ത്തലയ്ക്കുന്ന കാണികളെ നിശബ്ദരാക്കുകയാണ് തങ്ങളുടെ ഏറ്റവും വലിയ ലഹരിയെന്നു പറഞ്ഞത് മൈതാനത്ത് പ്രാവര്‍ത്തികമാക്കി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. കേളീ മികവും, വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിടാനുള്ള ശേഷിയും, അടങ്ങാത്ത നിശ്ചയദാര്‍ഢ്യവുമായി ആ നായകന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഒറ്റരാത്രികൊണ്ട് ലോകത്തിന്‍റെ നെറുകയിലെത്തിച്ചു, ഒരിക്കല്‍ക്കൂടി.
ഇന്ത്യയില്‍ തോല്‍വി അറിയാത്ത ഇന്ത്യയ്ക്കെതിരേ ആറ് വിക്കറ്റിന്‍റെ വിജയം. ലീഗിലെ രണ്ട് മത്സരങ്ങളില്‍ തോല്‍വിയോടെ തുടങ്ങി, പിന്നീട് അഫ്ഗാനിസ്ഥാനോടും സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയോടും അവസാന നിമിഷത്തില്‍ ജയം പിടിച്ചുവാങ്ങിയ ടീമിലെ അംഗങ്ങള്‍ ബാറ്റും പന്തും കൊണ്ട് ഓസ്ട്രേലിയയുടെ ആത്മവിശ്വാസവും അഭിമാനവും വീണ്ടെടുക്കുന്നത് അവിശ്വസനീയ കാഴ്ചയായിരുന്നു. ആറാമത്തെ ലോകകപ്പ് ട്രോഫിയുമായി ഓസ്ട്രേലിയക്കാര്‍ ഇന്ത്യയില്‍ നിന്ന് വിമാനം കയറുമ്പോള്‍, ഈ വിജയത്തിന്‍റെ ആഴവും പരപ്പും കമ്മിന്‍സിന്‍റെ നേതൃത്വവും ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും വാഴ്ത്തപ്പെടും.
സ്റ്റാന്‍ഡുകളിലെ നീലക്കടലിനു നടുവില്‍ ലോകക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാവായ വിരാട് കോലിയെ പുറത്താക്കിയ നിമിഷം നരേന്ദ്ര മോദി സ്റ്റേഡിയം നിശബ്ദമായി. അതെ, അവന്‍ പറഞ്ഞു. അതേ, ആ നിമിഷത്തെ നിശബ്ദതയ്ക്ക് ഏറെ മധുരമുണ്ടായിരുന്നു. ടൂര്‍ണമെന്‍റില്‍ 11 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സിന്‍റെ പ്രകടനത്തെ മികച്ചത് എന്നൊന്നും വിശേഷപ്പിക്കാനാകില്ല. പക്ഷേ, അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്താന്‍ 170 പന്തില്‍ നിന്ന് 202 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലിനു പിന്നില്‍ പാറ ഉറച്ചു നില്‍ക്കാന്‍ അവനുമുണ്ടായിരുന്നു.
മെല്‍ബണിലെ സ്പോര്‍ട്സ് എഴുത്തുകാരനായ ഡാനിയല്‍ ചെര്‍ണിയുടെ അഭിപ്രായത്തില്‍, ""68 പന്തില്‍ നിന്ന് കമ്മിന്‍സ് പുറത്താകാതെ നേടിയ 12 റണ്‍സ്, ഏകദിന ചരിത്രത്തില്‍ പത്തോ അതിലധികമോ റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ ബാറ്ററുടെ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് (17.64) ആയിരുന്നു, അത് കാര്യമാക്കിയില്ല. അവന്‍ വേണ്ടത് ചെയ്തു, ഞങ്ങള്‍ വിജയിച്ചു. ഫൈനലില്‍ ആദ്യം ഇന്ത്യയെ ബാറ്റിങ്ങിന് ഇറക്കാന്‍ കമ്മിന്‍സ് ആഹ്വാനം ചെയ്തു. ഞങ്ങള്‍ വീണ്ടും വിജയിക്കുകയും ചെയ്തു. എല്ലാ അവസരങ്ങളിലും വിമര്‍ശകരെ നേരിടാന്‍ അദ്ദേഹം ഉയര്‍ന്നുവന്നിട്ടുണ്ട്''.
പാറ്റ് കമ്മിന്‍സ് സ്ഥാനമേറ്റപ്പോള്‍, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍സി പ്രഖ്യാപനങ്ങള്‍ക്കിടെ പതിവായ വിമര്‍ശകരും തലയുയര്‍ത്തി. ""ബൗളര്‍മാര്‍ ക്യാപ്റ്റന്‍മാരാകരുത്'', മുന്‍ ഇതിഹാസം മാര്‍ക്ക് ടെയ്ലര്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ ആക്രമണനിരയിലെ പ്രധാന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന് അധിക ഉത്തരവാദിത്വം നല്‍കുന്നതിന്‍റെ അപകടം ചിലര്‍ കണ്ടു. കിരീടങ്ങള്‍ക്കൊണ്ടാണ് കമ്മിന്‍സ് അവര്‍ക്കെല്ലാം മറുപടി കൊടുത്തത്.
ഇന്ത്യന്‍ പര്യടനത്തിന് മുമ്പ് തന്നെ, 2020-2021 ലെ ഹോം ടര്‍ഫില്‍ ആഷസില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് കമ്മിന്‍സിന്‍റെ നേതൃത്വത്തിലായിരുന്നു. ഇംഗ്ലണ്ടിന്‍റെ ബസ്ബോള്‍ പദ്ധതിക്കെതിരേ കൃത്യമായി ഗൃഹപാഠം ചെയ്ത് മൈതാനത്ത് നടപ്പാക്കാന്‍ അദ്ദേഹത്തിനായി. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി. ഇപ്പോള്‍ ഏകദിന ലോകകപ്പ് കിരീടത്തിലും ചുംബിച്ചിരിക്കുന്നു.
ആക്രമണോത്സുകനായ ബൗളറാണ് കമ്മിന്‍സ്, താന്‍ എടുക്കുന്ന തീരുമാനങ്ങളെ എപ്പോഴും സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കളിക്കാരെ ഒഴിവാക്കല്‍, വിവാദപരമായ പുറത്താക്കലുകള്‍, ഫോളോ-ഓണുകള്‍ എല്ലാം അദ്ദേഹത്തിന് അനുകൂലമായി വന്നില്ലെങ്കിലും ഇവിടെ, വിജയങ്ങള്‍ തിരിച്ചടികളേക്കാള്‍ വളരെ കൂടുതലാണ്.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍സിയുടെ പുതിയ മാനദണ്ഡമാണ് കമ്മിന്‍സ്. ഓസ്ട്രേലിയന്‍ കായിക സംസ്കാരം വിജയം ആവശ്യപ്പെടുന്നു. അതിന് പകരം വയ്ക്കാന്‍ ഒന്നുമില്ല. സ്ഥിതിവിവരക്കണക്കുകള്‍ എല്ലാം പറയുന്നുണ്ട്. ഈ കിരീട നേട്ടത്തിലൂടെ ഓസ്ട്രേലിയ ലോകത്തിന്‍റെ നെറുകയില്‍ എത്തിയെന്ന് പറഞ്ഞുകൊണ്ട് കമ്മിന്‍സ് തന്‍റെ പങ്ക് കുറച്ചുകാണിച്ചിരിക്കാം, പക്ഷേ വരികള്‍ക്കിടയില്‍ വായിച്ചുനോക്കിയാല്‍, കമ്മിന്‍സില്ലാതെ ഈ നേട്ടം ഒരുപക്ഷേ ഓസ്ട്രേലിയക്ക് അന്യമാകുമായിരുന്നു, ഓസ്ട്രേലിയയുടെ ക്യാപ്റ്റനെന്ന നിലയില്‍ കമ്മിന്‍സ് മറ്റൊരു തലത്തിലാണ്, കമ്മിന്‍സിനു കീഴിലെ ഓസ്ട്രേലിയയും മറ്റൊരു തലത്തിലാണ്.