നോർത്താംപ്ടൺ: ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചിന്ത തത്കാലം തന്‍റെ മനസിൽ ഇല്ലെന്ന് ഓപ്പണർ പൃഥ്വി ഷാ. നോർത്താംപ്ടൺഷെയറിനു വേണ്ടി സോമർസെറ്റിനെതിരേ ലിസ്റ്റ് എ (ആഭ്യന്തര ഏകദിനം) മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ ശേഷമാണ് പ്രതികരണം. 153 പന്തിൽ 244 റൺസെടുത്ത പൃഥ്വിയുടെ ലിസ്റ്റ് എ കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറിയായിരുന്നു ഇത്. ഇതിനു മുൻപ്, 2021ലെ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മുംബൈക്കു വേണ്ടി പുതുച്ചേരിക്കെതിരേ 227 റൺസെടുത്തിരുന്നു.
ഫോമില്ലായ്മ കാരണം ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്താൻ സാധിക്കാതിരുന്ന പൃഥ്വി കഴിഞ്ഞ ഐപിഎൽ സീസണിലും നിരാശപ്പെടുത്തിയിരുന്നു. ഇതിനിടെ, ബാറിലെ സംഘർഷം അടക്കം മറ്റു വിവാദങ്ങളിലും പെട്ടു. എന്നാൽ, ഇംഗ്ലണ്ടിൽ കളിക്കാൻ പോയതോടെ ഇരുപത്തിമൂന്നുകാരന്‍റെ പ്രകടനം മെച്ചപ്പെടുത്തുകയായിരുന്നു.
2021 ജൂലൈയിൽ ശ്രീ ലങ്കയ്ക്കെതിരേയാണ് പൃഥ്വി ഷാ അവസാനമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ചത്. അയർലൻഡ് പര്യടനത്തിനോ ഏഷ്യൻ ഗെയിംസിനോ പോകുന്ന രണ്ടാം നിര ഇന്ത്യൻ ടീമിൽ ഇടം കിട്ടിയിട്ടില്ല. നിലവിൽ എ ടീമിലും എമർജിങ് ടീമിലും വരെ ഇടമില്ലാത്ത അവസ്ഥയിലാണ് മുംബൈ ഓപ്പണർ.
ആദ്യമായി കൗണ്ടി ക്രിക്കറ്റ് കളിക്കാനെത്തിയ പൃഥ്വി ഷാ, ബുധനാഴ്ചത്തെ മത്സരത്തിൽ കാഴ്ചവച്ച ഇന്നിങ്സ് 28 ഫോറും 11 സിക്സും ഉൾപ്പെടുന്നതായിരുന്നു. മത്സരം നോർത്താപ്ടൺഷെയർ 87 റൺസിനു ജയിക്കുകയും ചെയ്തു.