പഞ്ചാബ് ടീം 
Sports

കിങ് പഞ്ചാബ്

ആതിഥേയരായ പഞ്ചാബ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നാലു വിക്കറ്റുകള്‍ക്കു പരാജയപ്പെടുത്തി.

മുല്ലന്‍പുര്‍(ചണ്ഡിഗഡ്): അഭിഷേക് പൊറലിന്‍റെ കാമിയോ റോളിനും പഞ്ചാബിന്‍റെ വിജയതൃഷ്ണയെ തടയാനായില്ല. ഐപിഎല്ലില്‍ പഞ്ചാബിന് വിജയത്തുടക്കം. ആതിഥേയരായ പഞ്ചാബ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നാലു വിക്കറ്റുകള്‍ക്കു പരാജയപ്പെടുത്തി. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയ ലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ, ആറു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിനെ കാത്തത് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറന്‍റെ മിന്നും അര്‍ധസെഞ്ചുറിയും അവസാന ഓവറുകളില്‍ തിമിര്‍ത്താടിയ ലിയാം ലിവിങ്‌സ്റ്റണുമാണ്. 47 പന്തുകള്‍ നേരിട്ട കറന്‍ ഒരു സിക്‌സും ആറു ഫോറുകളും അടക്കം 63 റണ്‍സെടുത്തു.

21 പന്തില്‍ രണ്ട് ബൗണ്ടറിയും മൂന്നു സിക്‌സുമടക്കം 38 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണ്‍ പുറത്താകാതെ നിന്നു. കൂറ്റന്‍ വിജയത്തിലേക്കു ബാറ്റേന്തിയ പഞ്ചാബിനായി ഭേദപ്പെട്ട തുടക്കം നല്‍കി നായകന്‍ ശിഖര്‍ ധവാന്‍ മടങ്ങി. 22 റണ്‍സെടുത്ത ധവാന്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. സ്‌കോര്‍ 42 ല്‍ നില്‍ക്കെ ജോണി ബെയര്‍‌സ്റ്റോയെ (9 റണ്‍സ്) ഇഷാന്ത് ശര്‍മ റണ്ണൗട്ടാക്കി. പിന്നീട് ക്രീസിലെത്തിയ സാം കറന്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പ്രഭ്‌സിമ്രന്‍ സിങ്ങിനൊപ്പം ചേര്‍ന്ന സ്‌കോര്‍ ഉയര്‍ത്തി. പ്രഭ്‌സിമ്രന്‍ 26 റണ്‍സെടുത്തു പുറത്തായി. 11.2 ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 100ലെത്തി. പിന്നീടെത്തിയ മധ്യനിര താരം ജിതേഷ് ശര്‍മയെ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു പുറത്താക്കി.

39 പന്തുകളില്‍ നിന്നായിരുന്നു കറന്‍റെ അര്‍ധ സെഞ്ചുറി. ഇംഗ്ലണ്ട് ടീമില്‍ കറന്‍റെ സഹതാരമായ ലിയാം ലിവിങ്സ്റ്റന്‍ കറനു കൂട്ടായെത്തിയതോടെ പഞ്ചാബ് വിജയത്തിലേക്കു കുതിച്ചു. സ്‌കോര്‍ 167 ല്‍ നില്‍ക്കെ കറന്‍ പുറത്തായെങ്കിലും പഞ്ചാബിന് ജയിക്കാന്‍ എട്ട് റണ്‍സ് കൂടി മതിയായിരുന്നു. തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ഖലീല്‍ അഹമ്മദ് പഞ്ചാബിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സടിച്ച് ലിയാം ലിവിങ്സ്റ്റന്‍ കളി ജയിപ്പിച്ചു.നേരത്തെ പഞ്ചാബിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വെറും പത്ത് പന്തുകളില്‍ 32 റണ്‍സെടുത്ത് അക്ഷരാര്‍ഥത്തില്‍ ഇംപാക്ട് പ്ലെയറായി മാറിയ അഭിഷേക് പൊരേലിന്‍റെ വെടിക്കെട്ടാണ് ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയത്.

കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തില്‍ അവസാന ഓവറില്‍ അഭിഷേക് പൊറല്‍ അടിച്ചെടുത്തത് 25 റണ്‍സ്. ഷായ് ഹോപ്പ് 25 പന്തിലല്‍ 33 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്.എന്നാല്‍, നാലാം ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷ് പുറത്ത്. 12 പന്തുകള്‍ നേരിട്ട് 20 റണ്‍സ് നേടിയ താരത്തെ, അര്‍ഷ്ദീപ് സിങ്ങിന്‍റെ പന്തില്‍ രാഹുല്‍ ചാഹറാണ് പുറത്താക്കിയത്. രണ്ടുവീതം ഫോറും സിക്സും മാര്‍ഷിന്‍റെ ഇന്നിങ്‌സിലുണ്ടായിരുന്നു.പിന്നാലെ ഡേവിഡ് വാര്‍ണറിനെ (21 പന്തില്‍ 29 റണ്‍സ്) ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലെത്തിച്ചു. രണ്ട് സിക്സും മൂന്ന് ഫോറുമാണ് വാര്‍ണര്‍ നേടിയത്. വണ്‍ ഡൗണായി ഇറങ്ങിയ ഷായ് ഹോപ്പിനെ (25 പന്തില്‍ 33) കഗിസോ റബാദയും മടക്കി.

14 മാസത്തെ ഇടവേള കഴിഞ്ഞ് ക്രീസിലെത്തിയ ഋഷഭ് പന്തിന് വേണ്ടത്ര വിധത്തില്‍ ശോഭിക്കാനായില്ല. 13 പന്തില്‍ 18 റണ്‍സ് നേടി ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങി. ബെയര്‍സ്റ്റോയുടെ ക്യാച്ചിലാണ് പുറത്തായത്. 14-ാം ഓവറില്‍ റിക്കി ഭുയിയെ ഹര്‍പ്രീത് ബ്രാര്‍ കീപ്പറുടെ കൈകളിലെത്തിച്ച് തിരിച്ചയച്ചു. തുടര്‍ന്ന് ട്രിസ്റ്റന്‍ സ്റ്റബ്സും (5) അക്സര്‍ പട്ടേലും (21റണ്ണൗട്ട്) സുമിത് കുമാറും (2) മടങ്ങി. പഞ്ചാബ് നിരയില്‍ ഹര്‍ഷല്‍ പട്ടേലിനും അര്‍ഷ്ദീപ് സിങ്ങിനും രണ്ടുവീതം വിക്കറ്റുകള്‍. റബാദ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ഓരോന്നുവീതം വിക്കറ്റുകള്‍ ലഭിച്ചു.

പഞ്ചാബ് കിങ്സ് ‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, സാം കറന്‍, ലാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ്.

ഡല്‍ഹി ക്യാപിറ്റല്‍സ്:

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി, ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹ്മദ്, ഇഷാന്ത് ശര്‍മ.

കോട്ടയത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പാലക്കാടിന്‍റെ മണ്ണും മനസും രാഹുലിനൊപ്പം: ഷാഫി പറമ്പിൽ എംപി

വിവാഹമോചനം പ്രഖ്യാപിച്ച് എ.ആർ. റഹ്മാന്‍റെ ബേസിസ്റ്റ് മോഹിനി ദേയും

ജനവിധി എഴുതി പാലക്കാട്: ഇതുവരെ 33% മാത്രം പോളിങ്

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം