വി.കെ. സഞ്ജു
എം.എസ്. ധോണിയുടെ യുവസംഘം നേടിയ കന്നി ട്വന്‍റി20 ലോക കിരീടത്തിന്‍റെ പിന്നാമ്പുറത്ത് പലരും മറന്നുപോയൊരു കണ്ണീർക്കഥയുണ്ടായിരുന്നു. ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തു പോയൊരു ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ കഥ. 2007ലായിരുന്നു അത്. ഇന്ത്യ ഇപ്പോൾ ടി20 ലോകകപ്പ് സ്വന്തമാക്കിയ അതേ കരീബിയൻ ദ്വീപുകൾ വേദിയൊരുക്കിയ പഴയൊരു ഏകദിന ലോകകപ്പ്. അന്നത്തെ ടീമിലെ ദുരന്ത നായകന്‍റെ പേര് രാഹുൽ ദ്രാവിഡ് എന്നായിരുന്നു. ആ ലോകകപ്പോടെ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻസി ഒഴിഞ്ഞു ദ്രാവിഡ്. ഒപ്പം സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും സഹീർ ഖാനുമെല്ലാം കുട്ടി ക്രിക്കറ്റിലെ ലോകകപ്പ് കളിക്കേണ്ടെന്നു തീരുമാനിച്ചു. അതിന്‍റെ കൂടി ഫലമായിരുന്നു എം.എസ്. ധോണി എന്ന ക്യാപ്റ്റനും അയാളുടെ ചുണക്കുട്ടികളും അതേ വർഷം നേടിയ ടി20 ലോകകപ്പ്.
ചക് ദേ ഇന്ത്യ പോലെ, കനാ പോലെ, അങ്ങനെ ഏതൊക്കെയോ സിനിമാക്കഥകൾ പോലെ, കളിച്ചു നേടാനാവാത്തത് കളി പഠിപ്പിച്ചു നേടിയ തിരിച്ചുവരവിന്‍റെ ആവേശഭരിതമായ കഥയാണ് പരിശീലക വേഷത്തിലുള്ള രാഹുൽ ദ്രാവിഡിന്‍റേത്.
ടീമിനു വേണ്ടി വെള്ളത്തിനു മുകളിലൂടെ നടക്കാൻ പറഞ്ഞാൽ, എത്ര മൈൽ നടക്കണമെന്നു തിരിച്ചു ചോദിക്കുന്നയാൾ...ഹർഷ ഭോഗ്‌ലെ
''ടീമിനു വേണ്ടി വെള്ളത്തിനു മുകളിലൂടെ നടക്കാൻ പറഞ്ഞാൽ, എത്ര മൈൽ നടക്കണമെന്നു തിരിച്ചു ചോദിക്കുന്നയാൾ'' എന്നാണ് ഹർഷ ഭോഗ്‌ലെ ഒരിക്കൽ ദ്രാവിഡിനെക്കുറിച്ചു പറഞ്ഞത്. കളിച്ചിരുന്ന കാലത്ത്, മഹരാഥൻമാരുടെ നിഴലിൽ മാത്രം നിൽക്കാൻ വിധിക്കപ്പെട്ടവൻ. പുകഴ്പെറ്റ സ്ട്രോക്ക്മേക്കർമാർ പരാജയമടയുമ്പോൾ മാത്രം പ്രതീക്ഷയർപ്പിക്കപ്പെട്ട പ്രതിരോധത്തിന്‍റെ 'വൻ മതിൽ', ഒരിക്കലും ഇഷ്ടപ്പെടാത്ത ആ വിശേഷണം ഒരിക്കലും മായാതെ കൂടെ കൊണ്ടുനടന്നവൻ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എന്നും രണ്ടാം നിരയിലായിരുന്നു ദ്രാവിഡിന്‍റെ സ്ഥാനം. ഓപ്പണറാകാനും വിക്കറ്റ് കീപ്പറാകാനും ക്യാപ്റ്റനാകാനും പറ്റുന്ന ഒരു പതിവ് പകരക്കാരൻ. ഭീമസേനനെ പോലെ എന്നും രണ്ടാമൂഴം മാത്രം നിയോഗമായവൻ. ലോർഡ്സിലെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തലനാരിഴയ്ക്കു നഷ്ടമായ സെഞ്ചുറി അയാളെ സൗരവ് ഗാംഗുലിക്കു പിന്നിലാക്കി; ഓസ്ട്രേലിയയെ കീഴടക്കിയ കോൽക്കത്ത ക്ലാസിക്കിൽ വി.വി.എസ്. ലക്ഷ്മണിന്‍റെ നിഴൽ മാത്രമായി; ഏകദിന ക്രിക്കറ്റിലെ രണ്ട് റെക്കോഡ് ബാറ്റിങ് കൂട്ടുകെട്ടുകളിൽ രണ്ടിലും തുണക്കാരന്‍റെ റോൾ മാത്രമായി....
ഇന്ത്യയ്ക്കു നഷ്ടപ്പെട്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു ദ്രാവിഡിനെ വിശേഷിപ്പിക്കാൻ ഗ്രെഗ് ചാപ്പൽ എന്ന ഓസ്ട്രേലിയക്കാരൻ മാത്രമേയുണ്ടായുള്ളൂ. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർക്ക് പാക്കിസ്ഥാനിൽ വച്ച് ഇരട്ട സെഞ്ചുറി നിഷേധിച്ച ഇന്നിങ്സ് ഡിക്ലറേഷനിലൂടെ, താരത്തെക്കാൾ വലുത് ടീമാണെന്നു പ്രഖ്യാപിച്ച പകരക്കാരൻ നായകനെ അതിലും നന്നായി എങ്ങനെ വിലയിരുത്താൻ!
ഏകദിന ക്രിക്കറ്റിൽ 150 റൺസ് ചെയ്സ് ചെയ്താലും മുട്ടുവിറച്ചിരുന്നൊരു കാലമുണ്ടായിരുന്നു ഇന്ത്യൻ ടീമിന്. അക്കാലത്ത്, പിച്ചിന്‍റെയും പ്രതിയോഗിയുടെയും സ്വഭാവം നോക്കാതെ, ടോസ് കിട്ടിയാൽ ഫീൽഡ് ചെയ്യാൻ ആജ്ഞാപിച്ചു, കോച്ചായിരുന്ന ചാപ്പൽ. അന്നു ക്യാപ്റ്റനായിരുന്ന ദ്രാവിഡ്, 17 കളി ചെയ്സ് ചെയ്തു ജയിച്ചാണ് ആജ്ഞ ശിരസാ വഹിച്ചത്. എന്നാൽ, സൗരവ് ഗാംഗുലി എന്ന മഹാരാജാവിനെയും സച്ചിൻ ടെൻഡുൽക്കർ എന്ന വിഗ്രഹത്തെയും ഇളക്കി പ്രതിഷ്ഠിക്കാൻ ശ്രമിച്ച ചാപ്പലിന്‍റെ തലയിൽ ഇന്ത്യൻ കോച്ചിന്‍റെ തൊപ്പി അൽപ്പായുസായി, കലങ്ങി മറിഞ്ഞ ക്രിക്കറ്റ് രാഷ്‌ട്രീയത്തിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രജ്ഞത ദ്രാവിഡിനും ഇല്ലാതെ പോയി.
പക്ഷേ, ആ നേതൃമികവ് ഒടുവിൽ അംഗീകരിക്കപ്പെടുകയാണ്, രോഹിത് ശർമയുടെയും കൂട്ടുകാരുടെയും കൈകളിൽ ആവേശത്തിന്‍റെ മഹാകാശങ്ങളിലേക്കുയർന്നത് ലോകകപ്പ് ട്രോഫി മാത്രമല്ല, ആ കപ്പുയർത്താൻ അവരെ പ്രാപ്തരാക്കിയ രാഹുൽ ശരത് ദ്രാവിഡ് എന്ന അമ്പത്തൊന്നുകാരന്‍റെ അഭിമാനം കൂടിയാണ്.
ആറോ ഏഴോ വർഷം മുൻപ് ആദ്യമായി ഇന്ത്യൻ പരിശീലകന്‍റെ ജോലി വച്ചു നീട്ടുമ്പോൾ, സമയമില്ലെന്നു പറഞ്ഞൊഴിയാൻ ദ്രാവിഡിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല. കുട്ടികളെ കളി പഠിപ്പിക്കാം, പക്ഷേ, കളിയറിയുന്ന മുതിർന്നവരെ പഠിപ്പിക്കണമെങ്കിൽ മറ്റു പല കളികളും അറിഞ്ഞിരിക്കണം. ജോൺ റൈറ്റിനെപ്പോലുള്ള മിണ്ടാപ്രാണികൾക്കോ, ഗാരി കേസ്റ്റനെ പോലുള്ള അണിയറ പ്രവർത്തകർക്കോ, ഡങ്കൻ ഫ്ളച്ചറെ പോലുള്ള വന്ദ്യ വയോധികർക്കോ, രവി ശാസ്ത്രിയെ പോലെ മാൻ മാനേജർമാർക്കോ അതിനാവുമായിരിക്കും. കളിക്കാരെക്കാൾ വലിയ താരങ്ങൾ വാഴുന്ന ഇന്ത്യൻ ടീമിൽ, അനിൽ കുംബ്ലെയെപ്പോലൊരു മഹാമേരുവിനു പോലും പാതാളത്തോളം താഴ്ന്ന് പടിയിറങ്ങേണ്ടി വന്ന പദവിയാണത്.
പക്ഷേ, ദ്രാവിഡിനത് ഒടുവിലത് ഏറ്റെടുക്കേണ്ടിവരുക തന്നെ ചെയ്തു. പരാജയപ്പെട്ട പഴയ ക്യാപ്റ്റൻ പരിശീലകവേഷത്തിലും തോറ്റു മടങ്ങാൻ അനുവദിച്ചില്ല പിൻമുറക്കാർ. അഭിമാനിക്കാനൊന്നുമില്ലാതെ പടിയിറങ്ങാൻ നിൽക്കുമ്പോൾ, ഇതിരിക്കട്ടെയെന്ന് ആദരവോടെ ഒരു ലോകകിരീടവും തലയിൽ വച്ചാണവർ ഗുരുവിനെ യാത്രയാക്കുന്നത്. വിരാട് കോലിയുടെ കൈയിൽ നിന്നു തന്‍റെ നെഞ്ചിലേക്ക് ഏറ്റുവാങ്ങിയ ലോകകപ്പ് ട്രോഫി അയാളെ തിരിച്ചറിയാനാവാത്ത വിധം ആവേശഭരിതനാക്കിയതിൽ അദ്ഭുതപ്പെടാനില്ല. കളിച്ചിരുന്ന കാലത്തു പോലും അത്യപൂർവമായി മാത്രമാണ് രാഹുൽ ദ്രാവിഡിന്‍റെ മുഖത്ത് അത്രയും അഗ്രസീവായ ആനന്ദഭാവം തെളിഞ്ഞിട്ടുള്ളത്.
ക്യാപ്റ്റനായോ കളിക്കാരനായോ നേടാനാവാത്ത കപ്പ് പരിശീലകന്‍റെ വേഷത്തിൽ ദ്രാവിഡ് സ്വന്തമാക്കുന്നത് യഥാർഥത്തിൽ ഇതാദ്യമല്ല. 2018ലായിരുന്നു ആദ്യം. പൃഥ്വി ഷായുടെയും ശുഭ്മൻ ഗില്ലിന്‍റെയുമൊക്കെ പേരുകൾ ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമാക്കിയെടുത്ത ആ അണ്ടർ1-9 ലോകകപ്പിൽ. തുടരെ ആറു കളി ജയിച്ചു നേടിയ അന്നത്തെ ജൂനിയർ കിരീടത്തിൽ പ്രതിഫലിച്ചത് ടിപ്പിക്കൽ ദ്രവീഡിയൻ ശൈലി തന്നെയായിരുന്നു. ഈ ട്വന്‍റി20 ലോകകപ്പിലെന്ന പോലെ, കളി ജയിക്കാൻ ബാറ്റർമാർ മതിയെങ്കിൽ, ടൂർണമെന്‍റ് ജയിക്കാൻ ബൗളർമാർ തന്നെ വേണമെന്നു ദ്രാവിഡിനറിയാം, മറ്റാരെക്കാളും നന്നായി. ജസ്പ്രീത് ബുംറയും അർഷ്‌ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും അക്ഷർ പട്ടേലുമെല്ലാമാണ് ഇപ്പോഴത് കളത്തിൽ തെളിയിച്ചതെങ്കിൽ, അന്നത് അനുകുൽ റോയിയും കമലേഷ് നാഗർകോടിയും ശിവം മാവിയും ഇശാൻ പോറലുമൊക്കെയായിരുന്നു.
സച്ചിൻ ടെൻഡുൽക്കർ വിരമിച്ച ശേഷം ക്രിക്കറ്റ് കളി കണ്ടിട്ടില്ലെന്നു പറഞ്ഞവർ എത്ര വേണമെങ്കിലും കാണും. പക്ഷേ, ദ്രാവിഡിനെക്കുറിച്ച് അങ്ങനെയാരും പറഞ്ഞുകേട്ടിട്ടില്ല. കാരണം, അയാളൊരിക്കലും ദൈവമായിരുന്നില്ല, പെട്ടെന്ന് ഉത്തരം കിട്ടാത്ത ഒരു കടങ്കഥയായിരുന്നു- ടക് ടക് എന്നു പരിഹസിക്കപ്പെട്ട ആ ടെസ്റ്റ് സ്പെഷ്യലിസ്റ്റാണ് ഇന്ന് ഇന്ത്യയെ ക്യാപ്സൂൾ ക്രിക്കറ്റിലെ ലോക ചാംപ്യൻമാരാക്കി മാറ്റിയിരിക്കുന്നത്. കടങ്കഥയെന്നല്ലാതെ മറ്റെന്താണ് അയാളെ വിളിക്കേണ്ടത്, അവിശ്വാസികളുടെ ദൈവമെന്നും വേണമെങ്കിൽ വിളിക്കാം...!