ചെന്നൈ: ഐപിഎല്ലിൽ അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശ മത്സരത്തിൽ രാജസ്ഥാന് ജയം. രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ചെന്നൈയ്ക്ക് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ്. മൂന്ന് റൺസിൻ്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
175 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയുടെ ബാറ്റിങ് നിര ശോഭിക്കാത്തതാണ് തോൽവിക്ക് കാരണമായത്. ഇതോടെ 3 വിജയവുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്തെത്തി. രണ്ടു വിജയവും രണ്ടു തോൽവിയുമായി ചെന്നൈ അഞ്ചാം സ്ഥാനത്തു തുടരുന്നു. സ്കോർ : രാജസ്ഥാൻ 20 ഓവർ 175/8. ചെന്നൈ 20 ഓവർ 172/6
മത്സരത്തിൻ്റെ പത്തൊൻപതാം ഓവറിൽ നിൽക്കെ ചെന്നൈയ്ക്ക് വേണ്ടത് 40 റൺസ്. ജെയ്സൻ ഹോൾഡർ എറിഞ്ഞ ഓവർ ധോണി, ജഡേജ കൂട്ടുകെട്ട് അടിച്ചു കൂട്ടിയത് രണ്ടു സിക്സും ഒരു ഫോറുമടക്കം 19 റൺസ്. ഇതോടെ അവസാന ഓവറിൽ ചെന്നൈയുടെ ലക്ഷ്യം ആറ് പന്തിൽ 21 റണ്‍സ്. പന്ത് എറിയാൻ എത്തിയത് സന്ദീപ് ശർമ. ആദ്യ രണ്ടു പന്തുകൾ വൈഡിൽ കലാശിച്ചു. പിന്നീട് തല ധോണിയുടെ വക തുടരെ രണ്ട് സിക്‌സറുകൾ. ശേഷം വീശി അടിക്കാൻ ശ്രമിച്ചെങ്കിലും രണ്ടു പന്തുകളിൽ സിംഗിൾ നേടിയെടുത്തു. ഇതോടെ കാണികളും ക്രിക്കറ്റ് ലോകവും ശ്വാസമടക്കി കാത്തിരുന്നു. ജയിക്കാൻ വേണ്ടത് 5 റൺസ്. സന്ദീപ് ശർമ എറിഞ്ഞ പന്ത് ധോണിക്ക് കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ചെന്നൈയ്ക്ക് മൂന്നു റൺസ് തോൽവി.
ധോണി 17 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 32 റൺസോടെയും ജഡേജ 15 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 25 റൺസോടെയും പുറത്താകാതെ നിന്നു. ധോണിയുടെ 200–ാം മത്സരമായിരുന്നു ഇത്.
മത്സരത്തിൻ്റെ ആരംഭം മുതൽ രാജസ്ഥാൻ ബൗളേഴ്‌സ് ചെന്നൈയെ കൂച്ചുവിലങ്ങിടുകയായിരുന്നു. സ്കോർ 10ൽ നിൽക്കെ ചെന്നെയുടെ ഓപ്പണർ റുതുരാജ് ജയ്‌സ്വാളിന് ക്യാച്ച് നൽകി മടങ്ങി.
അർധസെഞ്ചറി നേടിയ കോൺവേയാണ് ചെന്നൈയുടെ ടോപ് സ്കോറർ. സമ്പാദ്യം 38 പന്തിൽ ആറു ഫോറുകൾ സഹിതം 50 റൺസ്. അജിൻക്യ രഹാനെ 19 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത് പുറത്തായി.
ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് (10 പന്തിൽ എട്ട്), ശിവം ദുബെ (ഒൻപതു പന്തിൽ എട്ട്), മൊയീൻ അലി (10 പന്തിൽ ഏഴ്), അമ്പാട്ടി റായുഡു (രണ്ടു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ ഒരു ഘട്ടത്തിൽ വിറച്ചെങ്കിലും ജോസ് ബട്ലറും ഹെറ്റ് മെയറും നടത്തിയ മികച്ച പ്രകടനം രാജസ്ഥാന് പൊരുതാനുള്ള സ്കോർ സമ്മാനിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് സ്വന്തമാക്കി.
അർധ സെഞ്ചുറിയോടെ ജോസ് ബട്ലർ (52) സ്ഥിരം പ്രകടനം ആവർത്തിച്ചപ്പോൾ ദേവദത്ത് പടിക്കൽ (38), ഹെറ്റ്മെയർ (30) എന്നിവരും തിളങ്ങി. ചെന്നൈക്കായി ആകാശ് സിംഗ്, തുഷാർ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി ജോസ് ബട്ലർക്കും യശ്വസി ജയ്സ്വാളിനും ഇത്തവണ മികച്ച തുടക്കം നൽകാനായില്ല. രണ്ടാം ഓവറിൽ തുഷാർ പാണ്ഡെയ്ക്ക് മുന്നിൽ ജയ്‌സ്വാളിന് പിഴച്ചു. തുടക്കംമുതൽ അടിച്ചു തകർക്കാനുള്ള ജയ്സ്വാളിന്റെ ശ്രമം ഏറ്റില്ല. എട്ട് പന്തിൽ 10 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാൽ, സഞ്ജുവിന് പകരം സ്ഥാനക്കയറ്റം കിട്ടി വന്ന ദേവദത്ത് പടിക്കലും ബട്ലറും ഒന്നിച്ചതോടെ റോയൽസ് സ്കോർ ബോർഡിലേക്ക് റൺസ് എത്തിത്തുടങ്ങി.
ഫോമിലേക്ക് എത്താൻ കഷ്ടപ്പെട്ടിരുന്ന പടിക്കലിന് പവർ പ്ലേയിൽ കൂടുതൽ അവസരം നൽകി വിക്കറ്റ് നഷ്ടപ്പെടാതെ കാക്കുകയാണ് ബട്ലർ ചെയ്തത്. ഇത് മുതലാക്കി പടിക്കൽ വളരെ മെച്ചപ്പെട്ട നിലയിൽ സ്കോർ ചേർത്തു.