ദുബായ്: ഐപിഎല്‍ പോരാട്ടങ്ങളില്‍ ഫോം കാണാനാകാതെ വിഷമിക്കുന്ന സൂര്യകുമാര്‍ യാദവിനു പക്ഷേ ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ മുന്നില്‍ത്തന്നെ. ബാറ്റര്‍മാരില്‍ സൂര്യതന്നെയാണ് തലപ്പത്ത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള പാക് സഖ്യം മുഹമ്മദ് റിസ്വാനും ബാബര്‍ അസമും സൂര്യക്ക് ഭീഷണിയായുണ്ട്. പുതുക്കിയ റാങ്കിംഗില്‍ ദേവോണ്‍ കോണ്‍വേയെ പിന്തള്ളി ബാബര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
906 റേറ്റിംഗ് പോയിന്റുമായാണ് സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാമതുള്ള മുഹമ്മദ് റിസ്വാന് 811 ഉം മൂന്നാമന് ബാബര്‍ അസമിന് 755 ഉം റേറ്റിംഗ് പോയിന്റുകളുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ കളിക്കാതിരുന്നത് ന്യൂസിലന്‍ഡ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയ്ക്ക് തിരിച്ചടിയായി. ഇതോടെ കോണ്‍വേയെ പിന്നിലാക്കി ബാബര്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. സൂര്യക്ക് പുറമെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്മാരാരുമില്ല. ഏയ്ഡന്‍ മാര്‍ക്രാം നാലും ദേവോണ്‍ കോണ്‍വേ അഞ്ചും റൈലി റൂസ്സോ ആറും മുഹമ്മദ് വസീം ഏഴും ഡേവിഡ് മലാന് എട്ടും ആരോണ്‍ ഫിഞ്ച് ഒന്‍പതും ജോസ് ബട്ലര് പത്തും സ്ഥാനങ്ങളിലാണ്.
ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇരുപത്തിരണ്ട് വയസുകാരനായ ലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷന കരിയറിലെ ഉയര്‍ന്ന അഞ്ചാം സ്ഥാനത്തെത്തിയതാണ് ശ്രദ്ധേയ മാറ്റം. അഫ്ഗാന് താരങ്ങളാണ് മുന്നില്‍. റാഷിദ് ഖാന് ഒന്നും(710), ഫസല്‍ഹഖ് ഫറൂഖി രണ്ടും(692) സ്ഥാനത്തുണ്ട്. ഓസീസിന്റെ ജോഷ് ഹേസല്‍വുഡ്(690) മൂന്നാമതാണ്. ലങ്കന്‍ താരങ്ങളായ വനിന്ദു ഹസരങ്ക(686) നാലും മഹീഷ് തീക്ഷന(684) അഞ്ചും സ്ഥാനങ്ങളിലുണ്ട്. ന്യൂസിലന്‍ഡിനെതിരെ ഏറെ റണ്‍സ് വഴങ്ങിയ ഹസരങ്ക രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് നാലാം സ്ഥാനത്തേക്കിറങ്ങിയപ്പോഴാണ് ഫറൂഖിയും ഹേസല്‍വുഡും മേല്പ്പോട്ട് കയറിയത്. ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല എന്നത് ശ്രദ്ധേയമാണ്.
ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന് 269 റേറ്റിംഗ് പോയിന്റുമായി തലപ്പത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയാണ്(250) രണ്ടാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി 230 പോയിന്റുമായി മൂന്നാമത് നില്ക്കുന്നു.
മോശം ഫോം തുടര്‍ന്ന് സ്കൈ
ടി-2 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു തുടരുമ്പോഴും മോശം ഫോം തുടരുകയാണ് സൂര്യകുമാര്‍ യാദവ്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ റണ്ണൊന്നുമെടുക്കാതെ അദ്ദേഹം പുറത്തായി. ഈ സീസണിലെ ഐപിഎല്ലില്‍ മൂന്നു ഇന്നിങ്സുകളില്‍നിന്നായി 16 റണ്‍സ് മാത്രമാണ് സൂര്യയുടെ സമ്പാദ്യം. ആദ്യത്തെ മാച്ചില്‍ 15 റണ്‍സുമായിട്ടാണ് അദ്ദേഹം തുടങ്ങിയത്.
പക്ഷെ അടുത്ത മാച്ചില്‍ ഒരു റണ്‍സിനും അവസാനത്തെ കളിയില്‍ പൂജ്യത്തിനും പുറത്തായി. ഈ വര്‍ഷം ഓസ്ട്രേലിയയുമായുള്ള ബോര്‍ഡര്‍- വാസ്കര്‍ ട്രോഫി ടെസ്റ്റ് പമ്പരയിലൂടെ സൂര്യകുമാര്‍ യാദവ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറിയിരുന്നു. പക്ഷേ കന്നി മാച്ചില്‍ ബാറ്റിങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. അടുത്ത മൂന്നു ടെസ്റ്റുകളില്‍ സൂര്യക്കു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. അതിനു ശേഷം ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഓസീസിനെതിരായ ഏകദിന പരമ്പരയിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളിലും സ്കൈ ഗോള്‍ഡന്‍ ഡെക്കായി നാണക്കേടിന്റെ റെക്കോഡ് കുറിക്കുകയായിരുന്നു.