രവീന്ദ്ര ജഡേജയും റിവാബയും 
Sports

'മരുമകൾ കുടുംബം തകർത്തു, മകനെയോർക്കുമ്പോൾ ഹൃദയം നീറുന്നു'; രവീന്ദ്ര ജഡേജയുമായി അകൽച്ചയിലെന്ന് പിതാവ്

ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുമായി ഏറെക്കാലമായി അകൽച്ചയിലാണെന്ന് വെളിപ്പെടുത്തി ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ്. മകനും കുടുംബവുമായി ഇപ്പോൾ നല്ല ബന്ധത്തിലല്ലെന്നും കൊച്ചുമകളെ കണ്ടിട്ട് അഞ്ചു വർഷത്തിൽ അധികം ആയെന്നും അനിരുദ്ധ ദിവ്യ ഭാസ്കറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. രവീന്ദ്രയും ഭാര്യ റിവാബയുമായി എനിക്കിപ്പോൾ യാതൊരു വിധത്തിലുമുള്ള ബന്ധമില്ല. ഞങ്ങൾ അവരെയും അവർ ഞങ്ങളെയും വിളിച്ച് സംസാരിക്കാറില്ല. റിവാബയും രവീന്ദ്രയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടു മൂന്നു മാസത്തിനുള്ളിൽ തന്നെ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ഞാൻ ജാംനഗറിലാണ് താമസം. രവീന്ദ്ര അതേ നഗരത്തിൽ മറ്റൊരു ബംഗ്ലാവിലാണ് താമസം. പക്ഷേ അവരെ കാണാൻ സാധിക്കാറില്ല. എന്ത് മായാജാലമാണ് രവീന്ദ്രയിൽ അവന്‍റെ ഭാര്യ പ്രയോഗിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല.

അവനെന്‍റെ മകനാണെന്നോർക്കുമ്പോൾ ഇപ്പോഴും എന്‍റെ ഹൃദയം പൊള്ളുന്നുണ്ട്. അവനെ വിവാഹം കഴിപ്പിക്കാതിരുന്നുവെങ്കിൽ എന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. അവനൊരു ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിലും ഇത്ര പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ എല്ലാം റിവാബയുടെ പേരിൽ ആക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അവൾ എന്‍റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. അവൾക്ക് കുടുംബം വേണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. സ്വതന്ത്രമായ ജീവിതമായിരുന്നു വേണ്ടത്. ഞാൻ പറയുന്നത് കളവാണെന്ന് വേണമെങ്കിൽ പറയാം. നയ്നാബ(ജഡേജയുടെ സഹോദരി) പറയുന്നതും കളവാണെന്നു പറയാം. പക്ഷേ എങ്ങനെയാണ് ഒരു കുടുംബത്തിലെ അമ്പത് പേരും കളവു പറയുക. എനിക്കിന് ഒന്നും ഒളിപ്പിച്ചു വയ്ക്കണമെന്നില്ല. കഴിഞ്ഞ 5 വർഷത്തോളമായി ഞാനെന്‍റെ കൊച്ചുമകളെ കണ്ടിട്ടില്ല. റിവാബയുടെ മാതാപിതാക്കൾ ആണ് എല്ലാം കൈകാര്യം ചെയ്യുന്നതെന്നും അനിരുദ്ധ് പറഞ്ഞു. 2016 ഫെബ്രുവരിയിലാണ് മെക്കാനിക്കൽ എൻജിനീയറായ റിവാബയും രവീന്ദ്രയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. രണ്ടു മാസത്തിനകം വിവാഹവും കഴിഞ്ഞു.

എന്നാൽ പിതാവിന്‍റെ അഭിമുഖം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും സ്ക്രിപ്റ്റഡാണെന്നും സമൂഹമാധ്യമത്തിലൂടെ ജഡേജ ആരോപിച്ചു. കാര്യങ്ങളുടെ ഒരു വശം മാത്രമാണ് അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. എനിക്കും ഒരുപാട് പറയാനുണ്ട്. പക്ഷേ പരസ്യമായി അതെല്ലാം പറഞ്ഞ് വിഴുപ്പലക്കാൻ ഉദ്ദേശമില്ല. ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പിതാവിന്‍റെ ശ്രമത്തെ അപലപിക്കുന്നുവെന്നും ജഡേജ പ്രതികരിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു