Sports

3ഡി പ്ലെയർ വിവാദം: റായുഡു - പ്രസാദ് പോര് വീണ്ടും

''എന്നെ പുറത്താക്കിയത് അയാളുടെ വ്യക്തിവൈരാഗ്യം കാരണം'', റായുഡു

ഹൈദരാബാദ്: 2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ തനിക്കു പകരം അപ്രതീക്ഷിതമായി വിജയ് ശങ്കറിനെ ഉൾപ്പെടുത്തിയതിനു പ്രതികരണമായി അമ്പാടി റായുഡു പോസ്റ്റ് ചെയ്ത വിവാദ ട്വീറ്റ് ആയിരുന്നു, കളി കാണാൻ 3ഡി ഗ്ലാസ് ഓർഡർ ചെയ്തിട്ടുണ്ടെന്നുള്ളത്. വിജയ് ശങ്കർ ത്രീ ഡൈമെൻഷനൽ പ്ലെയർ ആയതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്ന സെലക്‌ഷൻ കമ്മിറ്റി അധ്യക്ഷൻ എം.എസ്.കെ. പ്രസാദിന്‍റെ വിശദീകരണമായിരുന്നു റായുഡുവിന്‍റെ പ്രതികരണത്തിന് അടിസ്ഥാനം.

അന്ന് നാലാം നമ്പർ ബാറ്റ്സ്മാനില്ലാതെ കഷ്ടപ്പെട്ട ഇന്ത്യ സെമി ഫൈനലിൽ മധ്യനിരയുടെ തകർച്ച ഒന്നുകൊണ്ടു മാത്രം ന്യൂസിലൻഡിനോടു ചെറിയ വ്യത്യാസത്തിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. അതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച റായുഡു ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐപിഎല്ലും നേടി ക്രിക്കറ്റിൽനിന്നു സമ്പൂർണ വിരമിക്കലും പ്രഖ്യാപിച്ച ശേഷം അന്നത്തെ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്.

2019 ലോകകപ്പിൽ നാലാം നമ്പറിൽ കളിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന കെ.എൽ. രാഹുൽ, ശിഖർ ധവാനു പരുക്കേറ്റതോടെ ഓപ്പണറായി. പിന്നാലെ വിജയ് ശങ്കറിനും പരുക്കേറ്റു. അപ്പോഴൊന്നും റായുഡു ടീമിലെക്കു പകരക്കാരനായിപ്പോലും പരിഗണിക്കപ്പെട്ടതുമില്ല. എം.എസ്.കെ. പ്രസാദിനു തന്നോടുള്ള വിരാധമാണ് ഇതിനു കാരണമെന്നാണ് റായുഡു ഇപ്പോൾ ആരോപിക്കുന്നത്. ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ കൂടിയായ പ്രസാദ്, ആന്ധ്ര പ്രദേശിന്‍റെ ക്യാപ്റ്റനായിരിക്കുമ്പോൾ റായുഡുവും ആ ടീമിലുണ്ടായിരുന്നു. പ്രസാദിന്‍റെ അന്നത്തെ ചില രീതികളോടു താൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു എന്നും, അതാണ് പ്രസാദിന്‍റെ വിരോധത്തിനു കാരണമെന്നുമാണ് റായുഡു പറയുന്നത്.

''വിജയ് ശങ്കറിനോട് വ്യക്തിപരമായി ഒരു പ്രശ്നവുമില്ല. അയാൾ അയാളുടെ ക്രിക്കറ്റ് കളിക്കുന്നു. പക്ഷേ, നാലാം നമ്പറിൽ കളിക്കേണ്ട എനിക്കു പകരം ആറാം നമ്പറിലും ഏഴാം നമ്പറിലും കളിക്കുന്ന ഒരാളെ ഉൾപ്പെടുത്തിയതിന്‍റെ യുക്തിയാണ് ഞാൻ ചോദ്യം ചെയ്തത്. എനിക്കു പകരം അജിങ്ക്യ രഹാനെയെപ്പോലെ ഒരു മിഡിൽ ഓർഡർ സ്പെഷ്യലിസ്റ്റിനെ ഉൾപ്പെടുത്തിയാലും പ്രശ്നമുണ്ടാകുമായിരുന്നില്ല. ഇന്ത്യ ജയിക്കണമെന്നു തന്നെയാണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്'', റായുഡു പറഞ്ഞു.

അതേസമയം, റായുഡു പറയുന്നതു പോലെ തനിക്ക് അദ്ദേഹത്തോട് വ്യക്തിവൈരാഗ്യമൊന്നുമില്ലെന്നാണ് എം.എസ്.കെ. പ്രസാദിന്‍റെ പ്രതികരണം.

''ചീഫ് സെലക്റ്റർ ഒറ്റയ്ക്കല്ല ടീം തെരഞ്ഞെടുക്കുന്നത്. അഞ്ച് സെലക്റ്റർമാരും ക്യാപ്റ്റനും ചേർന്നാണെന്ന് എല്ലാവർക്കുമറിയാം. അതിൽ ഒരാൾ വിചാരിച്ചാൽ ആരെയും പുറത്താക്കാനോ ഉൾപ്പെടുത്താനോ കഴിയില്ല. ടീമംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടാകുന്നതു സാധാരണമാണ്. സഹോദരങ്ങൾക്കിടയിൽപ്പോലും അതുണ്ടാകാറില്ലേ? എന്നുവച്ച് അത്തരം ചെറിയ കാര്യങ്ങൾ മനസിൽ വച്ച് പിന്നീട് പ്രതികാരം ചെയ്യുന്ന ആളല്ല ഞാൻ'', പ്രസാദ് വിശദീകരിച്ചു.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്