ചെന്നൈ: ചെന്നൈക്കെതിരെ ബാറ്റിംഗില്‍ പരാജയപ്പെട്ട സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചും വിമര്‍ശനങ്ങളുയരുമ്പോഴും ചെപ്പോക്കില്‍ റെക്കോഡ് നേട്ടവുമായാണ് മലയാളികളുടെ പ്രിയതാരവും രാജസ്ഥാന് റോയല്‍സ് നായകനുമായ സഞ്ജു സാംസണ് മൈതാനം വിട്ടത്. ചെപ്പോക്കില്‍ രാജസ്ഥാന് റോയല്‍സിന് ഒരൊറ്റ ജയം മാത്രമായിരുന്നു സിഎസ്കെയ്ക്കെതിരെ ചെന്നൈയിലുണ്ടായിരുന്നത്. ഐപിഎല്ലില്‍ രണ്ടാം തവണ മാത്രമാണ് ചെപ്പോക്കില്‍ ചെന്നൈയെ രാജസ്ഥാന് റോയല്‍സ് തോല്പിക്കുന്നത്.
2008ല്‍ ഷെയ്ന് വോണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ആദ്യ സംഭവം. 2008ന് ശേഷമുള്ള വിജയത്തിന്റെ റെക്കോര്‍ഡ് ഇനി സഞ്ജു സാംസണിന്റെ കരങ്ങളിലാണ്. 2008 മെയ് 24നാണ് വോണും കൂട്ടരും സിഎസ്കെയെ ചെപ്പോക്കില്‍ പരാജയപ്പെടുത്തിയത്. അന്ന് ക്യാപ്റ്റന്‍ ഷെയ്ന് വോണിനൊപ്പം ഗ്രേം സ്മിത്ത്, സ്വപ്നില്‍ അസ്നോദ്കര്‍, കമ്രാന്‍ അക്മല്‍(വിക്കറ്റ് കീപ്പര്‍), യൂസഫ് പത്താന്, മുഹമ്മദ് കൈഫ്, തരുവാര്‍ കോലി, ദിനേശ് സാലൂങ്കേ, സൊഹൈല്‍ തന്‍വീന്‍, പങ്കജ് സിംഗ്, മുനാഫ് പട്ടേല്‍ എന്നിവരാണ് രാജസ്ഥാന് റോയല്‍സ് ടീമിലുണ്ടായിരുന്നത്.
2014ന് ശേഷം സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സിന് പുറമെ മുംബൈ ഇന്ത്യന്‍സിന് മാത്രമേ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്പിക്കാനായിട്ടുള്ളൂ. ഇതില്‍ മൂന്ന് തവണയും മുംബൈ ഇന്ത്യന്‍സ് സിഎസ്കെയെ പരാജയപ്പെടുത്തിയത് രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലാണ്. 2015, 2019, 2019 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ വിജയങ്ങള്‍.