Jitesh Sharma, Rinku Singh 
Sports

റിങ്കു vs ജിതേഷ്: ആരാകും ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഫിനിഷർ?

ട്വന്‍റി20 ലോകകപ്പിനു മുൻപ് ഇന്ത്യക്കിനി കളിക്കാനുള്ളത് വെറും ആറ് അന്താരാഷ്‌ട്ര ടി20 മത്സരങ്ങളാണ്. അതിനു ശേഷം ഐപിഎൽ വരാനുണ്ടെങ്കിലും, ഈ ആറ് മത്സരങ്ങളിൽനിന്നു വേണം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ ന്യൂക്ലിയസ് രൂപപ്പെടാൻ. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ ലോവർ മിഡിൽ ഓർഡറിൽ ഫിനിഷറുടെ റോളാണ് പ്രധാനമായും ഒഴിഞ്ഞു കിടക്കുന്നത്. ഈ സ്ലോട്ടിലേക്കു മത്സരിക്കാൻ നിലവിൽ രണ്ടു പേരുമുണ്ട് - റിങ്കു സിങ്ങും ജിതേഷ് ശർമയും.

ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട ബാറ്റർമാരാണ് ഇരുവരും. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ കിട്ടിയ അവസരം ഇരുവരും പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിദേശ പിച്ചുകളിൽ ഈ പ്രകടന മികവ് ആവർത്തിക്കാൻ കഴിയുമോ എന്നതിന്‍റെ പരീക്ഷണം നടക്കാൻ പോകുന്നത് ദക്ഷിണാഫ്രിക്കയിലാണ്.

ഐപിഎല്ലിൽ 36 റൺസാണ് റിങ്കുവിന്‍റെ ബാറ്റിങ് ശരാശരി. സ്ട്രൈക്ക് റേറ്റ് 142. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ ഇതുവരെ കളിച്ച 10 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിൽ ബാറ്റിങ് ശരാശരി 60 ആണ്. സ്ട്രൈക്ക് റേറ്റ് 188.

അവസരങ്ങളുടെ കാര്യത്തിൽ റിങ്കുവിനോളം ഭാഗ്യം ജിതേഷിന് ഇതുവരെ ഉണ്ടായിട്ടില്ല. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ടീമിലെത്തിയതിനാൽ ഓസ്ട്രേലിയക്കെതിരേ അവസാന രണ്ടു മത്സരങ്ങളിൽ മാത്രമാണ് അവസരം കിട്ടിയത്. വിക്കറ്റ് കീപ്പർമാർക്ക് ഇന്ത്യയിൽ തത്കാലം പഞ്ഞമില്ലാത്ത സാഹചര്യത്തിൽ, ബാറ്റിങ് മികവിൽ മറ്റുള്ളവരെ മറികടക്കുക എന്നതു മാത്രമാണ് ജിതേഷിനു മുന്നിലുള്ള വഴി. ഇക്കാര്യത്തിൽ മറ്റുള്ളവരെക്കാൾ ജിതേഷിനുള്ള ആനുകൂല്യം ഫിനിഷർ എന്ന ലേബലാണ്. കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഋഷഭ് പന്ത് എന്നിവരെല്ലാം ടോപ് ഓർഡറിലോ മിഡിൽ ഓർഡറിലോ കഴിവ് തെളിയിച്ചവരാണ്, ലോവർ ഓർഡറിൽ എം.എസ്. ധോണി കൈകാര്യം ചെയ്തിരുന്നതു പോലൊരു റോളാണ് ദീർഘകാലമായി ഇന്ത്യൻ ടീമിൽ ഒഴിഞ്ഞു കിടക്കുന്നത്.

അതേസമയം, രണ്ട് ഐപിഎൽ സീസണുകൾ മാത്രം അടിസ്ഥാനമാക്കി അന്താരാഷ്‌ട്ര ടൂർണമെന്‍റിനു ടീമിനെ ഇറക്കുന്നതിലെ പോരായ്മ ദിനേശ് കാർത്തിക്കിന്‍റെയും ഹർഷൽ പട്ടേലിന്‍റെയും ദീപക് ഹൂഡയുടെയും ഒക്കെ കാര്യത്തിൽ ഇന്ത്യ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ വെറും ആറു മത്സരങ്ങൾ കൊണ്ട് പുതിയൊരു ഫിനിഷറെ രൂപപ്പെടുത്തിയെടുക്കുക എന്നത് ഭാഗ്യ പരീക്ഷണം കൂടിയായിരിക്കും.

ആൻറിച്ച് നോർക്കെയും കാഗിസോ റബാഡയും ഒഴികെ ഫുൾ സ്ട്രെങ്ത് ടീമിനെ തന്നെയാണ് ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ അണിനിരത്തുന്നത്. ഈ പരമ്പരയിൽ റിങ്കുവിനും ജിതേഷിനും ഒരുമിച്ച് അവസരം കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ലോകകപ്പിൽ ഇവരിൽ ഒരാൾക്കേ സാധ്യതയുള്ളൂ എന്നതാണ് വസ്തുത. ഹാർദിക് പാണ്ഡ്യ മടങ്ങി വരുമ്പോൾ ഇവരിൽ ആര് പുറത്താകും എന്നാണ് തീരുമാനിക്കാനുള്ളത്.

പന്നു വധശ്രമ കേസ്; മുൻ ഇന്ത‍്യൻ റോ ഉദ‍്യോഗസ്ഥനെതിരെ അറസ്റ്റ് വോറണ്ട്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം