Rinku Singh 
Sports

ചൂലെടുക്കാതെ ബാറ്റെടുത്ത റിങ്കു, ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ മിസ്റ്റർ കൂൾ

സ്പോർട്സ് റിപ്പോർട്ടർ

കോച്ചിങ് സെന്‍ററിൽ കിട്ടിയ തൂപ്പുകാരന്‍റെ ജോലി വേണ്ടെന്നു വച്ചതിന് അച്ഛന്‍റെ ശകാരം ഒരുപാട് കേട്ടിട്ടുണ്ട് പണ്ട് റിങ്കു സിങ്. അതിനു മുൻപ് പഠനത്തിൽ ശ്രദ്ധിക്കാതെ ക്രിക്കറ്റ് കളിച്ചു നടന്നതിന് ശകാരം മാത്രമല്ല, അടിയും കിട്ടിയിട്ടുണ്ട്.

ഭാര്യയും അഞ്ച് മക്കളുമൊത്ത് പാചക വാതക കമ്പനിയുടെ ഗോഡൗണിനോടു ചേർന്ന രണ്ടു മുറി ക്വാർട്ടേഴ്സിൽ ജീവിതം കരുപ്പിടിപ്പിക്കാൻ നെട്ടോട്ടമോടിയിരുന്ന ആ മനുഷ്യന് മകന്‍റെ ക്രിക്കറ്റ് ഭ്രാന്തിനെ പ്രോത്സാഹിപ്പിക്കാൻ നേരമുണ്ടായിരുന്നില്ല. പിന്നെയൊരിക്കൽ, ക്രിക്കറ്റ് കളിച്ച് സമ്മാനം കിട്ടിയ ബൈക്ക് അച്ഛനു സമ്മാനിച്ച് റിങ്കു പറഞ്ഞു, ''ഇനി ഗ്യാസ് സിലിണ്ടർ സൈക്കിളിൽ വച്ചു കൊണ്ടുപോകണ്ട, അച്ഛന് ഇതിൽ പോകാം.''

Rinku SIngh with father Khanchandra.

ക്രിക്കറ്റ് കളിച്ചാൽ അങ്ങനെയും ചില ഗുണങ്ങളുണ്ടെന്ന് റിങ്കുവിന്‍റെ അച്ഛൻ ഖന്‍ചന്ദ്ര തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. പിന്നെ അദ്ദേഹം അവനെ പിന്തുണച്ചുതുടങ്ങി, പതുക്കെ പതുക്കെ മകന്‍റെ ഏറ്റവും വലിയ ആരാധകനായും മാറി ആ അച്ഛൻ.

ഒടുവിൽ, ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിന് അഞ്ച് പന്തിൽ ജയിക്കാൻ 30 റൺസ് വേണ്ടപ്പോൾ, അഞ്ച് സിക്സറുമായി കളിക്കളത്തിൽ അദ്ഭുതം വിരിയിച്ചുകൊണ്ട് റിങ്കു ഇന്ത്യൻ ടീമിന്‍റെ വാതിലിൽ മുട്ടി. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിൽ അംഗമായി. ഇപ്പോഴിതാ ഓസ്ട്രേലിയക്കെതിരേ ഫിനിഷിങ് മികവിൽ സാക്ഷാൽ എം.എസ്. ധോണിയോട് ഉപമിക്കപ്പെടുന്ന തലത്തിലേക്ക് അവൻ വളർന്നിരിക്കുന്നു.

Rinku Singh with MS Dhoni.

ഓസ്ട്രേലിയക്കെതിരേ 14 പന്തില്‍ 22 റൺസ് മാത്രമായിരുന്നു റിങ്കുവിന്‍റെ സമ്പാദ്യം. പക്ഷേ, സൂര്യകുമാർ യാദവ് പുറത്തായ ശേഷം എങ്ങോട്ടും തിരിയാമായിരുന്ന ആ മത്സരത്തെ ഒറ്റയ്ക്ക് ഇന്ത്യയുടെ സ്വന്തമാക്കി മാറ്റിയത് റിങ്കുവിന്‍റെ നിർഭയമായ ബാറ്റിങ്ങായിരുന്നു.

''എപ്പോഴും ശാന്തനായി ബാറ്റ് ചെയ്യുക, ക്ഷമ കൈവിടാതിരിക്കുക, മത്സരം പരമാവധി നീട്ടിയെടുക്കുക'' സാക്ഷാൽ ധോണിയുടെ ഉപദേശം തന്നെയുണ്ട് റിങ്കുവിന് കൂട്ടിന്. എന്നാൽ, അവന്‍റെ റോൾ മോഡൽ ധോണിയല്ല, ഉത്തർ പ്രദേശ് ടീമിലെ സഹതാരം കൂടിയായിരുന്ന സുരേഷ് റെയ്നയാണ്.

Rinku SIngh with his idol Suresh Raina.

റെയ്നയും ഉപദേശിച്ചത് ക്ഷമയുടെ വഴി തന്നെയെന്ന് റിങ്കു പറയുന്നു. ഈ പ്രകടനത്തിന് തുടർച്ചകളുണ്ടായാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ ഫിനിഷർ റോളിൽ റിങ്കു സിങ് ഉണ്ടാകും. ഇന്ത്യൻ മധ്യനിരയിലെ ഇടങ്കയ്യൻ ക്ഷാമത്തിനും അതോടെ പരിഹാരമാകും.

പന്നു വധശ്രമ കേസ്; മുൻ ഇന്ത‍്യൻ റോ ഉദ‍്യോഗസ്ഥനെതിരെ അറസ്റ്റ് വോറണ്ട്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം