ന്യൂഡൽഹി: ഗുരുതരമായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പരുക്കുകൾ ഭേദമായി തിരിച്ചുവരവിനു തയാറെടുക്കുന്നു. അടുത്ത ഐപിഎൽ സീസണിൽ ഡൽഹി ക്യാപ്റ്റൽസിനു വേണ്ടി ഋഷഭ് കളിക്കാനിറങ്ങുമെന്നാണ് ഫ്രാഞ്ചൈസി വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, കാൽമുട്ടിനു ഗുരുതരമായി പരുക്കേറ്റിരുന്ന ഋഷഭിന് വിക്കറ്റ് കീപ്പിങ് സാധ്യമാകുമോ എന്നുറപ്പില്ല. പക്ഷേ, ബാറ്റ് ചെയ്യാനുള്ള മത്സരക്ഷമതയുണ്ടെങ്കിൽ ഡൽഹിയുടെ ക്യാപ്റ്റനായി തന്നെ അദ്ദേഹം കളത്തിലുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്, പ്രവീൺ ആംറെ എന്നിവരുടെ മേൽനോട്ടത്തിൽ കഴിഞ്ഞ മാസം കോൽക്കത്തയിൽ നടത്തിയ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ക്യാംപിൽ ഋഷഭ് പന്ത് പങ്കെടുത്തിരുന്നു. അതിനു ശേഷം അടുത്ത ലേലത്തിനു മുൻപ് നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്യേണ്ട കളിക്കാരുടെ പട്ടിക തയാറാക്കുന്നതിനുള്ള ചർച്ചകളുടെയും ഭാഗമായിരുന്നു അദ്ദേഹം.
ഋഷഭിന്‍റെ കാൽമുട്ടിലെ മൂന്ന് സുപ്രധാന ലിഗമെന്‍റുകളും കാർ അപകടത്തിൽ തകരാറിലായിരുന്നു. ചികിത്സയ്ക്കു ശേഷം ഇപ്പോൾ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പുനരധിവാസത്തിലാണ്. ബാറ്റിങ് പരിശീലനവും പുനരാരംഭിച്ചുകഴിഞ്ഞു.
ഫെബ്രുവരിയോടെ ഋഷഭ് പന്തിന് ശാരീരികക്ഷമതയും മത്സരക്ഷമതയും ആർജിച്ച് എൻസിഎയുടെ ക്ലിയറൻസ് നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 അവസാനം ബംഗ്ലാദേശ് പര്യടനത്തിലാണ് ഋഷഭ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഡേവിഡ് വാർനറായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ക്യാപ്റ്റൻ. അഞ്ച് ജയവും ഒമ്പത് തോൽവിയുമായി ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.