Rohan Kunnummal 
Sports

ഇനി രോഹനു വേണ്ടിയും മുഴങ്ങും ലേലംവിളികൾ | Video

വി.കെ. സഞ്ജു

ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽ റിയാൻ പരാഗിനോളം പേരെടുത്തിട്ടില്ല രോഹൻ കുന്നുമ്മൽ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതു പോലും കഴിഞ്ഞ സീസണിലായിരുന്നു. എന്നാൽ, ആദ്യത്തെ ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ആറു സെഞ്ചുറികളുമായി വരവറിയിക്കാൻ ഒട്ടും വൈകിയില്ല. 25 വയസ് എന്നത് ഇന്ത്യൻ ക്രിക്കറ്റിൽ അത്ര ചെറിയ പ്രായമല്ലെങ്കിലും, രോഹൻ അത്ര വൈകിയിട്ടൊന്നുമില്ല.

കഴിഞ്ഞ ദുലീപ് ട്രോഫിയിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ പെട്ടെന്നു തന്നെ ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടെ അവസരങ്ങൾ കിട്ടിയില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടർന്നു. വിജയ് ഹസാരെ ട്രോഫിയിൽ 414 റൺസുമായി കേരളത്തിന്‍റെ ബാറ്റിങ് ചാർട്ടിൽ മുന്നിൽ. 131.84 റൺസ് സ്ട്രൈക്ക് റേറ്റും 103.5 റൺസ് ബാറ്റിങ് ശരാശരിയും ചേരുമ്പോൾ അമാനുഷികമെന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം.

അതിനു ശേഷം നഷ്ടപ്പെട്ട ഫോമാണ് ദേവ്ധർ ട്രോഫിയിൽ ദക്ഷിണ മേഖലയുടെ ഓപ്പണിങ് റോളിൽ രോഹൻ വീണ്ടെടുത്തിരിക്കുന്നത്. കോപ്പി ബുക്ക് ക്രിക്കറ്റുമായി കേരളത്തിന്‍റെ വൈറ്റ് ബോൾ ടീമുകളിൽ കളി തുടങ്ങിയ രോഹൻ, ദേവ്ധർ ട്രോഫിയിൽ ഓപ്പണിങ് പങ്കാളി മായങ്ക് അഗർവാളിനെപ്പോലും തന്‍റെ നിഴലിലേക്കൊതുക്കിയ വെടിക്കെട്ട് സ്ട്രോക്ക്പ്ലേയാണ് കെട്ടഴിച്ചത്.

മായങ്കുമൊത്ത് രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളും സെഞ്ചുറിക്കടുത്തെത്തിയ ഒരു കൂട്ടുകെട്ടും. ഉത്തര മേഖലയ്ക്കെതിരേ ആദ്യ മത്സരത്തിൽ 70 റൺസുമായി തുടങ്ങിയ രോഹൻ, ടൂർണമെന്‍റിലെ തന്‍റെ ഏറ്റവും മികച്ച ഇന്നിങ്സ് ഫൈനലിലേക്കാണ് കരുതിവച്ചിരുന്നത്. 75 പന്തിൽ 107 റൺസുമായി കളം നിറഞ്ഞപ്പോൾ പൂർവ മേഖല നിശബ്ദം.

അടുത്ത ഐപിഎൽ സീസണിൽ രോഹനു വേണ്ടിയും ലേലംവിളികൾ മുഴങ്ങാൻ പോന്ന ബാറ്റിങ് പ്രകടനം രണ്ട് ആഭ്യന്തര സീസണുകളിൽ നിന്നു മാത്രം പുറത്തുവന്നു കഴിഞ്ഞു. കേരള ടീമിലെ സഹതാരമായ സഞ്ജു സാംസണെ ബാധിച്ച, സ്ഥിരതയില്ലായ്മ എന്ന ദൗർഭാഗ്യം മറികടക്കാനായാൽ രോഹന് ഇനിയുമേറെ മുന്നേറാം.

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!