രോഹിത് ശർമ File
Sports

സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്തുന്നു: സ്റ്റാർ സ്പോർട്സിനെതിരേ രോഹിത് ശർമ

ന്യൂഡൽഹി: ഐപിഎൽ ബ്രോഡ്കാസ്റ്റർ സ്റ്റാർ സ്‌പോർട്‌സ് തന്‍റെ സ്വകാര്യതയ്ക്കുമേല്‍ കടന്നുകയറുന്നുവെന്ന് മുംബൈ ഇന്ത്യൻസ് മുൻ ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ രോഹിത് ശർമ. സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും മത്സര ദിവസങ്ങളിലും പരിശീലനത്തിനിടെയും നടത്തുന്ന സംഭാഷണങ്ങൾ തന്‍റെ അനുവാദമില്ലാതെ പുറത്തുവിടുന്നത് അംഗീകരിക്കാനാവില്ലെന്നു രോഹിത് വ്യക്തമാക്കി. ഇതു സ്വകാര്യതാ ലംഘനമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ.

കോൽക്കത്ത നൈറ്റ് ‌റൈഡേഴ്സ് അസിസ്റ്റന്‍റ് കോച്ച് അഭിഷേക് നായരുമായുള്ള രോഹിത്തിന്‍റെ സംഭാഷണം കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സ് പുറത്തുവിട്ടിരുന്നു. ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിനെത്തുടർന്നു മുംബൈ ടീമിലുടലെടുത്ത പ്രശ്നങ്ങളെക്കുറിച്ചായിരുന്നു സുഹൃത്തായ അഭിഷേകുമായി രോഹിത് സംസാരിച്ചത്. ഇതു തന്‍റെ അവസാന സീസണാണെന്നും രോഹിത് പറയുന്നത് വ്യക്തമായിരുന്നു. കെകെആർ സമൂഹമാധ്യമത്തിൽ ഈ സംഭാഷണം പങ്കുവച്ചിരുന്നു. വിമർശനമുയർന്നതോടെ പിന്നീട് പിൻവലിച്ചെങ്കിലും രോഹിത്തിനെയും മുംബൈ ഇന്ത്യൻസിനെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ഇത് ബലം നൽകി. ഇതോടെയാണ് ഇന്ത്യൻ നായകൻ സ്റ്റാർ സ്പോർട്സിനെതിരേ പരസ്യമായി രംഗത്തെത്തിയത്. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരം സ്റ്റാര്‍ സ്പോര്‍ട്സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

''സമൂഹമാധ്യമത്തിൽ റീച്ച് ലഭിക്കാൻ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവര്‍ സാമാന്യ ബുദ്ധിയും മര്യാദയും പാലിക്കണം. ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്ക് കടന്നുകയറുന്ന പ്രവണത വര്‍ധിക്കുന്നു, പരിശീലനത്തിനിടയിലോ മത്സര ദിവസങ്ങളിലോ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും നടത്തുന്ന ഏതൊരു സംഭാഷണവും ഇപ്പോള്‍ റെക്കോഡുചെയ്യുകയാണ്''- രോഹിത് പറഞ്ഞു.

സംഭാഷണം റെക്കോഡ് ചെയ്യരുതെന്ന് സ്റ്റാർ സ്‌പോർട്‌സിനോട് ആവശ്യപ്പെട്ടിട്ടും അത് മാനിച്ചില്ലെന്നു മാത്രമല്ല, പുറത്തുവിടുകയും ചെയ്തു. എക്‌സ്‌ക്ലൂസിവ് ഉള്ളടക്കത്തിനായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ആരാധകർക്ക് താരങ്ങളോടുള്ള വിശ്വാസത്തെയും അടുപ്പത്തെയും തകര്‍ക്കുമെന്നും രോഹിത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ധവൽ കുൽക്കർണിയോടു സംസാരിക്കുന്നത് റെക്കോഡ് ചെയ്ത ക്യാമറാമാനോട് ഓഡിയോ മ്യൂട്ട് ചെയ്യാന്‍ രോഹിത് ആവശ്യപ്പെട്ടിരുന്നു. ദയവായി ഓഡിയോ മ്യൂട്ട് ചെയ്യൂ സഹോദരാ, ഒരു ഓഡിയോ ഇതിനകം തന്നെ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്ന് രോഹിത് ക്യാമറാമാനോട് പറഞ്ഞതും സ്റ്റാർ സ്‌പോർട്‌സ് റെക്കോഡ് ചെയ്‌തിരുന്നു. ഇതും സമൂഹമാധ്യമത്തിൽ വൈറലായി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ