ലക്നൗ: എട്ടു മത്സരങ്ങളിൽ ഏഴെണ്ണത്തിലും വിജയിച്ചു രാജസ്ഥാൻ റോയൽസ്. എട്ടു മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ചു ലക്നൗ സൂപ്പർജയന്‍റ്സ്. ഐപിഎല്ലിൽ മുഖാമുഖം വരുമ്പോൾ ആധിപത്യം നിലനിർത്തുകയെന്ന ലക്ഷ്യത്തിലാണ് ഇരു ടീമുകളും. ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിക്കുശേഷം തുടർച്ചയായി മൂന്നു മത്സരങ്ങൾ ജയിച്ചതിന്‍റെ ആത്മവിശ്വാസമുണ്ട് രാജസ്ഥാൻ റോയൽസിന്.
അസം ബാറ്റർ റിയാൻ പരാഗാണു ടീമിന്‍റെ മധ്യനിരയുടെ നട്ടെല്ല്. എട്ടു കളികളിൽ നിന്ന് 318 റൺസ് നേടിക്കഴിഞ്ഞു യുവതാരം. യശസ്വി ജയ്സ്വാൾ ഫോമിലേക്കു മടങ്ങിയെത്തിയത് രാജസ്ഥാന്‍റെ ബാറ്റിങ് കരുത്തിന് കൂടുതൽ ബലം നൽകിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനെതിരേ 180 റൺസ് പിന്തുടരുമ്പോൾ 60 പന്തിൽ ജയ്സ്വാൾ നേടിയ സെഞ്ചുറി (പുറത്താകാതെ 104) ഒമ്പതു വിക്കറ്റ് ജയത്തിലേക്കാണു ടീമിനെ നയിച്ചത്. ഇതിനു പുറമേയാണ് ജോസ് ബട്‌ലറും ക്യാപ്റ്റൻ സഞ്ജു സാംസണുമടങ്ങുന്ന ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രകടനം. ഇവർക്കുശേഷം വരുന്ന വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ കൂടി ചേരുമ്പോൾ രാജസ്ഥാനെ പ്രതിരോധിക്കുക എളുപ്പമല്ല. റോവ്മാൻ പവൽ, ധ്രുവ് ജുറൽ എന്നിവരുമുണ്ട് രാജസ്ഥാന്‍റെ ആവനാഴിയിൽ.
ബൗളിങ്ങിൽ ട്രെന്‍റ് ബോൾട്ട്, ആവേഷ് ഖാൻ, സന്ദീപ് ശർമ എന്നിവരും ആത്മവിശ്വാസത്തിലാണ്. മുംബൈ ഇന്ത്യൻസിനെതിരേ 18 റൺസിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയത് സന്ദീപ് ശർമയുടെ ആക്രമണത്തിന് മൂർച്ച കൂട്ടിയിട്ടുണ്ട്. യൂസ്‌വേന്ദ്ര ചഹലും ആർ.അശ്വിനുമുൾപ്പെടുന്ന സ്പിൻ നിരയും സജ്ജം.
സീസണിൽ രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 20 റൺസിനു പരാജയപ്പെട്ടതിന്‍റെ കണക്കുതീർക്കുകയാകും ലക്നൗവിന്‍റെ ലക്ഷ്യം. എന്നാൽ, മുൻനിര ബാറ്റർമാരുടെ പ്രകടനമാണു ലക്നൗവിന് തലവേദന. ക്യാപ്റ്റൻ കെ.എൽ. രാഹുലും സഹ ഓപ്പണർ ക്വിന്‍റൺ ഡി കോക്കും നൽകുന്ന മികച്ച തുടക്കം ഏറ്റെടുക്കാനാളില്ലെന്നതാണ് ടീമിനെ കുഴക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ അവസാന മത്സരത്തിൽ മാർക്കസ് സ്റ്റോയ്നിസ് ഈ കുറവ് സെഞ്ചുറിയിലൂടെ പരിഹരിച്ചു. എന്നാൽ, ദേവദത്ത് പടിക്കലും നിക്കോളാസ് പൂരനും ദീപക് ഹൂഡയുമുൾപ്പെടെ താരങ്ങൾ ഇപ്പോഴും തപ്പിത്തടയുന്നു. ബൗളിങ്ങിൽ അതിവേഗ താരം മയാങ്ക് യാദവ് തിരിച്ചെത്തുന്നത് ലക്നൗവിന് മേൽക്കൈ നൽകും. പരുക്കുമൂലം യാദവ് മാറിനിന്നത് കഴിഞ്ഞ മത്സരങ്ങളിൽ ടീമിനെ ബാധിച്ചിരുന്നു.