ഷഹബാസ് അഹമ്മദിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ 
Sports

സൺറൈസേഴ്സ് IPL ഫൈനലിൽ; രാജസ്ഥാന് 36 റൺസ് തോൽവി

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. രാജസ്ഥാന്‍റെ മറുപടി 20 ഓവറിൽ 139/7 എന്ന നിലയിൽ ഒതുങ്ങി.

ചെന്നൈ: ബാറ്റർമാർ അടക്കിവാണ ഐപിഎൽ സീസണിൽ ബൗളർമാർ കളിയുടെ ഗതി നിർണയിച്ച മത്സരമായി രണ്ടാം ക്വാളിഫയർ. രാജസ്ഥാൻ റോയൽസിനെ 36 റൺസിനു കീഴടക്കിയ സൺറൈസേഴ്സ് ഹൈദരാബാദ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാൻ യോഗ്യത നേടി.

നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പ്രതീക്ഷിച്ചതു പോലെ ഫീൽഡിങ് തന്നെയാണ് തെരഞ്ഞെടുത്ത്. സൺറൈസേഴ്സ് ഹൈദരാബാദിനെ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന നിലയിൽ നിയന്ത്രിച്ചു നിർത്താനും രാജസ്ഥാൻ ബൗളർമാർക്കു സാധിച്ചു. പക്ഷേ, രാജസ്ഥാന്‍റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 വരെയേ എത്തിയുള്ളൂ.

ഇംപാക്റ്റ് സബ് ആയിറങ്ങി 23 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് അഹമ്മദും, ബാറ്റിങ്ങിലെ പരാജയത്തിന് പന്തുകൊണ്ട് പ്രായശ്ചിത്തം ചെയ്ത് 24 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശർമയും ചേർന്നാണ് രാജസ്ഥാൻ റൺ ചെയ്സിനെ ഇല്ലായ്മ ചെയ്തത്.

ചെന്നൈയിലെ വേഗം കുറഞ്ഞ വിക്കറ്റിൽ സൺറൈസേഴ്സിന് പതിവു പോലെ ഹിമാലയൻ സ്കോർ ഉയർത്താൻ സാധിക്കുമെന്നു പ്രതീക്ഷയുണ്ടായില്ല. പക്ഷേ, പവർ അഭിഷേകിന്‍റെയും (12) എയ്ഡൻ മാർക്രമിന്‍റെയും (1) വിക്കറ്റ് പോയിട്ടും തകർത്തടിച്ച സൺറൈസേഴ്സ് ഭയമില്ലാത്ത ക്രിക്കറ്റാണ് പുറത്തെടുത്തത്. ഓപ്പണർ ട്രാവിസ് ഹെഡ് 28 പന്തിൽ 34 റൺസെടുത്തപ്പോൾ, വൺഡൗണായിറങ്ങി 15 പന്തിൽ 37 റൺസെടുത്ത രാഹുൽ ത്രിപാഠിയുടെ ഇന്നിങ്സ് മത്സരത്തിൽ നിർണായകമായി.

അതിനു ശേഷം ഒരറ്റത്ത് നിതീഷ് കുമാർ റെഡ്ഡിയെയും (5) അബ്ദുൾ സമദിനെയും (0) ഷഹബാസിനെയും (18) എല്ലാം വീഴ്ത്താൻ സഞ്ജുവിന്‍റെ ബൗളിങ് ചേഞ്ചുകൾക്കും ഫീൽഡ് പ്ലേസ്മെന്‍റുകൾക്കും സാധിച്ചു. പക്ഷേ, 34 പന്തിൽ 50 റൺസെടുത്ത ഹെൻറിച്ച് ക്ലാസനെ പുറത്താക്കുമ്പോഴേക്കും ആവശ്യത്തിന് അപകടമായിക്കഴിഞ്ഞിരുന്നു.

ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഓപ്പണർ ടോം കോലർ കാഡ്മോർ തുടക്കത്തിൽ തന്നെ രാജസ്ഥാന്‍റെ ആത്മവിശ്വാസം കെടുത്തി. എന്നാൽ, കാഡ്മോർ പുറത്തായ ശേഷം താളം കണ്ടെത്തിയ യശസ്വി ആഞ്ഞടിച്ചപ്പോൾ പ്രതീക്ഷയായി. പക്ഷേ, 21 പന്തിൽ 42 റൺസെടുത്ത ജയ്സ്വാൾ പുറത്തായതോടെ കളി മാറി. പിന്നാലെ സഞ്ജു (0), റിയാൻ പരാഗ് (6), ആർ. അശ്വിൻ (0), ഷിമ്രോൺ ഹെറ്റ്മെയർ (4), റോവ്മാൻ പവൽ (6) എന്നിവരെല്ലാം വന്നതുപോലെ തിരിച്ചുപോയി.

ഈ വിക്കറ്റിലും സ്കോർ ചെയ്യാൻ സാധിക്കുമെന്ന് 35 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറൽ തെളിയിച്ചെങ്കിലും, മറുവശത്ത് പിന്തുണ നൽകാൻ മറ്റാരുമുണ്ടായില്ല.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും