മുംബൈ: സച്ചിൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് ജീവിതത്തിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിനു പ്രാധാന്യമേറെയാണ്. സച്ചിന്‍റെ ആദ്യത്തെ മാച്ച്, അവസാനത്തെ മത്സരം, ഇന്ത്യ ലോകകപ്പ് നേടിയ ഫൈനൽ...ഈ വിശേഷണങ്ങളുടെ വഴി അവസാനിക്കുന്നതു വാങ്കഡെയിലാണ്. സച്ചിനെ സംബന്ധിച്ചിടത്തോളം വൈകാരികമായ അടുപ്പമുള്ള കളിക്കളം. വാങ്കഡെയിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. പ്രതിമ സ്ഥാപിക്കേണ്ട ഇടം സച്ചിൻ തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഏപ്രിൽ 24നു സച്ചിന് അമ്പതു വയസ് തികയുകയാണ്. ജീവിതത്തിൽ ഹാഫ് സെഞ്ച്വറി പിന്നിടുമ്പോൾ സച്ചിന് ആദരവർപ്പിക്കുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. സർപ്രൈസായിരുന്നു ഈ തീരുമാനമെന്നു സച്ചിൻ പ്രതികരിച്ചു. യാത്ര തുടങ്ങിയയിടമാണ്. കാലങ്ങൾക്കു മുമ്പ് ആദ്യ രഞ്ജി മത്സരം കളിച്ചതു വാങ്കഡെയിലാണ്. ഈ ഗ്രൗണ്ടിൽ വച്ചാണ് കോച്ച് രമാകാന്ത് അച്ചരേക്കർ ക്രിക്കറ്റിനെ ഗൗരവമായി കാണണമെന്ന് ഉപദേശിച്ചത്. ഈ ഗ്രൗണ്ടിൽ നല്ല ഓർമകളുണ്ട്, മോശം സ്മരണകളുണ്ട്, സച്ചിൻ പറയുന്നു.
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ലോഞ്ചിന് എതിരെയുള്ള ഇടത്താണു പ്രതിമ സ്ഥാപിക്കാനായി സച്ചിൻ തെരഞ്ഞെടുത്തത്. പൊതുജനങ്ങൾക്ക് എളുപ്പം എത്തിപ്പെടാനും, സെൽഫി എടുക്കാനുമൊക്കെ അനുയോജ്യമായ ഇടം. ഭാര്യ അഞ്ജലിയോടൊപ്പമാണു സച്ചിൻ സ്റ്റേഡിയത്തിലെത്തി സ്ഥലം തെരഞ്ഞെടുത്തത്.