ബംഗളൂരു: ഇന്റര്‍ കോണ്ടിനെന്റല് കപ്പ് വിജയത്തിനു ശേഷം ഇതാ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മറ്റൊരു ചാംപ്യന്‍ഷിപ്പിനു കൂടി ഇറങ്ങുന്നു. സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് ബുധനാഴ്ച ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ തുടക്കമാകും. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം നേപ്പാള്‍, പാക്കിസ്ഥാന്, കുവൈറ്റ് എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ മാലിദ്വീപ്, ലെബനന്, ബംഗ്ലാദേശ്, ഭൂട്ടാന് എന്നീ ടീമുകളും.
ബുധനാഴ്ച രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. പാക്കിസ്ഥാന്റെ വരവ് സംബന്ധിച്ച അനിശ്ചിതത്വമുണ്ടായിരുന്നെങ്കിലും ഒടുവില്‍ വിസ ശരിയായതിനെത്തുടര്ന്ന് അവരെത്തി. ചൊവ്വാഴ്ചയാണ് ടീമിനുള്ള വിസ ഇന്ത്യന്‍ എംബസി അനുവദിച്ചത്. ബുധനാഴ്ച രാവിലെ ടീം ഇന്ത്യയിലെത്തി. 12 മണിക്കൂറിനുള്ളില്‍ പാക് ടീം കളിക്കാനിറങ്ങേണ്ടിവരും. ഇന്ത്യ 24ന് നേപ്പാളിനെയും 27ന് കുവൈറ്റിനെയും നേരിടും. ജൂലൈ ഒന്നിനാണ് സെമി. നാലാം തീയതി ഫൈനലും നടക്കും.
2021ല്‍ മാലിദ്വീപില്‍ നടന്ന സാഫ് ഫുട്ബോളില്‍ നേപ്പാളിനെ 3-0നു പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. എട്ടു തവണ കിരീടം നേടിയിട്ടുള്ള ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയ ടീം. മാലിദ്വീപ് രണ്ടു വട്ടവും ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക എന്നീ ടീമുകള്‍ ഓരോ തവണയും കിരീടം നേടി.
പാക്കിസ്ഥാനെ എഴുതിത്തള്ളാനാവില്ലെന്നും മികച്ച കളി പുറത്തെടുത്താലേ വിജയിക്കാനാകൂഎന്നും പരിശീലകന് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു.
' ഫിഫ റാങ്കിങ്ങിനെപ്പറ്റി മറന്നേക്കൂ. ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാ ടീമുകളും വളരെ സ്പെഷ്യലാണ്. മികച്ച ഫുട്ബോള്‍ കാഴ്ചവെക്കാന്‍ പോന്ന ടീമുകളാണ് ഗ്രൂപ്പിലുള്ളത്. കുറേയധികം ഗോളുകള്‍ നേടിയാല്‍ കാണികള്‍ സന്തോഷിക്കും. ഞങ്ങളുടെ ഗ്രൂപ്പില്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം' സ്റ്റിമാച്ച് പറഞ്ഞു. ഇന്റര്‍ കോണ്ടിനെന്റല് കപ്പിലുണ്ടായിരുന്ന ഇഷാന് പണ്ടിത പരുക്കിനെത്തുടര്‍ന്ന് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി.