സഞ്ജു സാംസൺ, അഭിഷേക് ശർമ 
Sports

ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20: നാല് മത്സരങ്ങളിലും സഞ്ജു ഓപ്പണർ

യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ടി20 ടീമിൽ തിരിച്ചെത്തുമ്പോൾ ആര് പുറത്താകുന്നത് സഞ്ജുവോ അഭിഷേകോ എന്ന കാര്യത്തിൽ ദക്ഷിണാഫ്രിക്കയിലെ പ്രകടനം നിർണായകം

ദക്ഷിണാഫ്രിക്കയിൽ നാല് ട്വന്‍റി20 മത്സരങ്ങൾ കളിക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചപ്പോൾ ഓപ്പണർമാരായി അഭിഷേക് ശർമയും സഞ്ജു സാംസണും മാത്രം. ഇതോടെ പരുക്കിന്‍റെ പ്രശ്നങ്ങൾ ഇല്ലെങ്കിൽ നാല് മത്സരങ്ങളിലും ഇവർ ഇരുവരും തന്നെയാകും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക എന്നുറപ്പായി.

ബംഗ്ലാദേശിനെതിരേ നേടിയ സെഞ്ചുറിയാണ് സഞ്ജുവിന്‍റെ സ്ഥാനം ഉറപ്പിച്ചത്. ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയെങ്കിലും, ഒമാനിൽ നടത്തിയ എമർജിങ് ഏഷ്യ കപ്പിൽ ഫോം വീണ്ടെടുക്കുന്നതിന്‍റെ സൂചനകൾ നൽകിയിരുന്നു അഭിഷേക്.

ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര കളിക്കാനുള്ളതിനാലാണ് യശസ്വി ജയ്സ്വാളിനെയും ശുഭ്മൻ ഗില്ലിനെയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെടുത്താത്തത്. ഭാവിയിൽ ഇവർ ഇരുവരും തിരിച്ചെത്തുമ്പോൾ ഓപ്പണിങ് സ്ലോട്ടിൽ നിന്നു പുറത്താകുന്നത് സഞ്ജുവോ അഭിഷേകോ എന്ന കാര്യത്തിൽ ദക്ഷിണാഫ്രിക്കയിലെ പ്രകടനം നിർണായകമായിരിക്കും.

ജയ്സ്വാൾ ഓപ്പണറായി തിരിച്ചെത്തുമെന്ന് ഉറപ്പാണ്. ഗില്ലിനെ ജയ്സ്വാളിന്‍റെ പങ്കാളിയായോ അല്ലെങ്കിൽ മധ്യനിരയിലോ ഇറക്കാൻ സാധിക്കും. അതിനാൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏറ്റവും മികവ് കാട്ടുന്ന ഓപ്പണറെ റിസർവ് ആയെങ്കിലും ടീമിൽ നിലനിർത്തും എന്നുറപ്പാണ്.

ദക്ഷിണാഫ്രിക്കയിലേക്കു പോകുന്ന ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയാണുള്ളത്. ഫിനിഷിങ് റോളിൽ ബാറ്റ് ചെയ്യുന്ന ജിതേഷ് സഞ്ജുവിന്‍റെ ഓപ്പണിങ് സ്ലോട്ടിനു ഭീഷണിയല്ല.

ടീമിൽ മൂന്ന് പുതുമുഖങ്ങൾ

രമൺദീപ് സിങ്ങും വിജയകുമാർ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങൾ. അസാമാന്യ മികവുള്ള ഫീൽഡറും മികച്ച ഫിനിഷറുമാണെന്ന് കഴിഞ്ഞ ഐപിഎൽ സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി നടത്തിയ പ്രകടനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട് രമൺദീപ്. എമർജിങ് ഏഷ്യ കപ്പിലും മികവ് ആവർത്തിച്ചു. മോശമല്ലാത്ത വേഗത്തിൽ പന്തെറിയാൻ കഴിയുന്ന പേസ് ബൗളർ എന്നത് ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ രമൺദീപിന്‍റെ സാധ്യത വർധിപ്പിക്കുന്നു. പരുക്കേറ്റ ശിവം ദുബെയുടെയും ഓസ്ട്രേലിയൻ പര്യടനത്തിനു പോകുന്ന നിതീഷ് കുമാർ റെഡ്ഡിയുടെയും അഭാവത്തിൽ രമൺദീപിന് അരങ്ങേറ്റം കുറിക്കാൻ അവസരം കിട്ടിയേക്കും.

ബംഗ്ലാദേശിനെതിരേ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത മായങ്ക് യാദവിന് വീണ്ടും പരുക്കേറ്റതോടെ ടീമിനു പുറത്തായി. ഹർഷിത് റാണ ഓസ്ട്രേലിയൻ പര്യടനത്തിനു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് കർണാടക താരം വിജയകുമാർ വൈശാഖിനും ഐപിഎൽ സ്റ്റാർ യാഷ് ദയാലിനും നറുക്ക് വീണത്. അർഷ്ദീപ് സിങ് നയിക്കുന്ന പേസ് ബൗളിങ് നിരയ്ക്ക് പരിചയസമ്പത്ത് പകരാൻ ആവേശ് ഖാനെ തിരികെ വിളിച്ചിട്ടുമുണ്ട്.

വാഷിങ്ടൺ - അക്ഷർ കസേരകളി

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ, ഇന്ത്യയുടെ പതിനാറംഗ ടീമിലുണ്ടായിരുന്ന അക്ഷർ പട്ടേലിനെ ഉൾപ്പെടുത്താതെ, രഞ്ജി ട്രോഫി കളിച്ച‌ുകൊണ്ടിരുന്ന വാഷിങ്ടൺ സുന്ദറിനെയാണ് കളിക്കാനിറക്കിയത്. 11 വിക്കറ്റുമായി വാഷിങ്ടൺ കിട്ടിയ അവസരം ഉപയോഗിക്കുകയും ചെയ്തു. ഈ പ്രകടനം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലും ഇടം ഉറപ്പാക്കി. ഇതോടെ അക്ഷർ പട്ടേൽ ടെസ്റ്റ് ടീമിൽ നിന്നു തന്നെ പുറത്തായി. രവീന്ദ്ര ജഡേജ ടീമിലുള്ള സാഹചര്യത്തിൽ, അതേ പ്രൊഫൈലുള്ള അക്ഷറിനെ കൂടി ഉൾപ്പെടുത്തേണ്ടെന്ന ചിന്തയാകാം ഇന്ത്യൻ സെലക്റ്റർമാരെ നയിക്കുന്നത്.

അതേസമയം, വാഷിങ്ടൺ സുന്ദറിനെ പിൻവലിച്ചതോടെ ടി20 ടീമിൽ വന്ന ഒഴിവിലേക്ക് അക്ഷർ പട്ടേലിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയുമാണ് ടീമിലുള്ള മറ്റു സ്പിന്നർമാർ എന്നതിനാൽ, ദക്ഷിണാഫ്രിക്കയിൽ അക്ഷർ പട്ടേലിന്‍റെ പരിചയസമ്പത്ത് ഇന്ത്യക്ക് അനിവാര്യവുമായിരിക്കും.

ബാറ്റിങ് നിരയിൽ യങ് ഇന്ത്യ

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒഴികെ സ്പെഷ്യലിസ്റ്റ് ബാറ്റർമാരെല്ലാം പരിചയസമ്പത്ത് കുറഞ്ഞവരാണ്. സഞ്ജുവും അഭിഷേകും ഒന്നിക്കുന്ന ഓപ്പണിങ് ജോടിക്കു ശേഷം മൂന്നാം നമ്പറിലായിരിക്കും സൂര്യ ഇറങ്ങുക.

റിയാൻ പരാഗ് പരുക്കേറ്റ് പുറത്തായതിനാൽ തിലക് വർമയ്ക്ക് നാലാം നമ്പർ കിട്ടിയേക്കും. റിങ്കു സിങ്ങും ഹാർദിക് പാണ്ഡ്യയും രമൺദീപ് സിങ്ങും ഉൾപ്പെടുന്ന ഫിനിഷിങ് ലൈനും വിസ്ഫോടനശേഷിയുള്ളതു തന്നെ.

ടീം ഇങ്ങനെ:

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, വിജയകുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ