Sanju Samson 
Sports

പാക്കിസ്ഥാനെതിരേ സഞ്ജു കളിക്കാൻ സാധ്യത

അയർലൻഡിനെ ആധികാരികമായി പരാജയപ്പെടുത്തിയെങ്കിലും, ആ മത്സരത്തിൽ കളിച്ച പ്ലെയിങ് ഇലവനിൽ ചില മാറ്റങ്ങളോടെയാകും ഇന്ത്യ പാക്കിസ്ഥാനെ നേരിടാനിറങ്ങുക എന്നാണ് സൂചന

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിൽ ഫൈനലിനോളം പ്രധാനമായ മത്സരത്തിൽ ഇന്ത്യ ഞായറാഴ്ച പാക്കിസ്ഥാനെ നേരിടും. അയർലൻഡിനെ ആദ്യ മത്സരത്തിൽ ആധികാരികമായി പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും, ആ മത്സരത്തിൽ കളിച്ച പ്ലെയിങ് ഇലവനിൽ ചില മാറ്റങ്ങളോടെയാകും ഇന്ത്യ പാക്കിസ്ഥാനെ നേരിടാനിറങ്ങുക എന്നാണ് സൂചന.

ഒരേ ലെങ്തിൽ പിച്ച് ചെയ്യുന്ന പന്തുകൾ പോലും പല ഉയരത്തിൽ ബൗൺസ് ചെയ്യുന്ന തരത്തിൽ മൃദുവായ മണ്ണാണ് ന്യൂയോർക്കിലെ പിച്ച് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെ, ഇവിടത്തെ അന്തരീക്ഷം പന്ത് നല്ല രീതിയിൽ സ്വിങ് ചെയ്യാനും സഹായിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, പരമാവധി പേസ് ബൗളർമാർ ഇന്ത്യൻ ലൈനപ്പിൽ തുടരും. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും പുറമേ, അർഷ്‌ദീപ് സിങ്ങിനും ഹാർദിക് പാണ്ഡ്യക്കും നല്ല മൂവ്മെന്‍റ് കണ്ടെത്താൻ സാധിച്ചിരുന്നു. നാലു പേർ ഉൾപ്പെട്ട പേസ് ബാറ്ററി എട്ടു വിക്കറ്റും പങ്കിട്ടു.

മീഡിയം പേസറായ ശിവം ദുബെയ്ക്ക് മത്സരത്തിൽ പന്തെറിയാൻ അവസരം കിട്ടിയിരുന്നില്ല. മൂന്ന് പേസ് ബൗളർമാർ ബാറ്റിങ്ങിൽ ദുർബലരായതിനാലാണ് സ്പിന്നർമാരായി രവീന്ദ്ര ജഡേജയെയും അക്ഷർ പട്ടേലിനെയും ഇന്ത്യ അയർലൻഡിനെതിരേ കളിപ്പിച്ചത്. ഇവരിലൊരാൾക്കു പകരം കുൽദീപ് യാദവിനെയോ യുസ്വേന്ദ്ര ചഹലിനെയോ കളിപ്പിക്കുന്നതാണ് സ്പിൻ വിഭാഗത്തിൽ വ്യത്യസ്തത നൽകാൻ സഹായിക്കുക. എന്നാൽ, ഇങ്ങനെ ചെയ്താൽ ബാറ്റിങ് ദുർബലമാകും.

ദുബെ ഉൾപ്പെടെ ഏഴ് ബൗളർമാരാണ് അയർലൻഡിനെതിരായ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ, പാക്കിസ്ഥാനെപ്പോലെ കരുത്തുറ്റ ബൗളിങ് നിരയുള്ള ഒ‍രു ടീമിനു മുന്നിൽ ഈ പരീക്ഷണം ആവർത്തിക്കാൻ സാധ്യത കുറവാണ്. അയർലൻഡിന്‍റെ പരിചയസമ്പത്ത് കുറഞ്ഞ പേസ് ബൗളർമാർക്കു പോലും ഇന്ത്യൻ ബാറ്റർമാരെ വെല്ലുവിളിക്കാൻ സാധിച്ചിരുന്നു. രോഹിത് ശർമയും ഋഷഭ് പന്തും മികച്ച സ്കോറുകൾ കണ്ടെത്തിയെങ്കിലും, വേര്യബിൾ ബൗൺസ് കാരണം പലപ്പോഴും ശരീരത്തിൽ ഏറു കൊള്ളുന്നത് കാണാമായിരുന്നു. അർധ സെഞ്ചുറിക്കു പിന്നാലെ രോഹിത് ശർമ റിട്ടയേർഡ് ഹർട്ട് ആയതുപോലും കൈയിൽ ഏറു കൊണ്ടതോടെയായിരുന്നു.

ഈ സ്വഭാവം കാണിക്കുന്ന ഒരു വിക്കറ്റിൽ സഞ്ജുവിനെപ്പോലെ സാങ്കേതിക മികവുള്ള ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്താൻ ടീം മാനെജ്മെന്‍റ് ആലോചിച്ചേക്കും. ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, മുഹമ്മദ് ആമിർ, ഹാരിസ് റൗഫ് എന്നിങ്ങനെ ലോക നിലവാരമുള്ള നാല് ഫാസ്റ്റ് ബൗളർമാർ ഉൾപ്പെട്ടതാണ് പാക്കിസ്ഥാൻ ടീം. ഇവരിൽ മൂന്നു പേരെങ്കിലും പ്ലെയിങ് ഇലവനിൽ ഉണ്ടാകുകയും ചെയ്യും. ഇങ്ങനെയൊരു സാഹചര്യത്തിൽ ബാറ്റിങ് നിര ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.

സഞ്ജുവിനെക്കൂടാതെ അയർലൻഡിനെതിരേ കളിക്കാതിരുന്ന ഒരേയൊരു ഇന്ത്യൻ ബാറ്റർ യശസ്വി ജയ്സ്വാളാണ്. എന്നാൽ, രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളിയായി വിരാട് കോലി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തിൽ പെട്ടെന്നൊരു മാറ്റത്തിനു സാധ്യതയില്ല. സ്പെഷ്യലിസ്റ്റ് ഓപ്പണറായ ജയ്സ്വാളിനെ മധ്യനിരയിൽ കളിപ്പിക്കാൻ സാധ്യത വിരളവുമാണ്. സന്നാഹ മത്സരത്തിലെയും ആദ്യ മത്സരത്തിലെയും പ്രകടനങ്ങളുടെ ബലത്തിൽ ഋഷഭ് പന്ത് മൂന്നാം നമ്പറിലും ഇടമുറപ്പിച്ചിട്ടുണ്ട്. നാലാം നമ്പർ സൂര്യകുമാർ യാദവിനുള്ളതും.

അഞ്ച്, ആറ്, ഏഴ് പൊസിഷനുകളിലാണ് മത്സരസാഹചര്യം അനുസരിച്ച് മാറ്റം വരാൻ സാധ്യതയുള്ളത്. ഈ റോളുകളിലേക്ക് അയർലൻഡിനെതിരായ മത്സരത്തിലുണ്ടായിരുന്നത് ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ്. പാക്കിസ്ഥാനെതിരേ ഇതിലൊരു പൊസിഷനിൽ സഞ്ജു കൂടി ഉണ്ടെങ്കിൽ മുകളിൽ ഇറങ്ങുന്ന ബാറ്റർമാർക്ക് കൂടുതൽ ധൈര്യപൂർവം ഷോട്ടുകൾ കളിക്കാൻ സാധിക്കും.

പാക്കിസ്ഥാനെതിരേ ഇറക്കാനുള്ള ബൗളിങ് നിര തീരുമാനിക്കാനുള്ള പരീക്ഷണമായിരുന്നു അയർലൻഡിനെതിരേ ഇന്ത്യ നടത്തിയത് എന്നു വേണം കരുതാൻ. പന്തെറിയാൻ ഏഴു പേരുള്ള ടീമിൽ അതിലൊരാൾക്കു പകരം ഏതു സാഹചര്യത്തിലും ഇറക്കാൻ കഴിയുന്ന ഒരു ബാറ്ററെ ഉൾപ്പെടുത്തുന്നതാവും പാക്കിസ്ഥാനെതിരേ സുരക്ഷിതമായ തീരുമാനം.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ