തിരുവനന്തപുരം: രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന്‍റെ അടുത്ത മത്സരത്തിന് സഞ്ജു സാംസണും. കർണാടകക്കെതിരായ മത്സരം വെള്ളിയാഴ്ച ആരംഭിക്കും. ആവേശകരമായ ആദ്യ മത്സരത്തിൽ തന്ത്രപരമായ സമീപനത്തിലൂടെ പഞ്ചാബിനെ കീഴടക്കി മുഴുവൻ പോയിന്‍റും നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം.
ഇന്ത്യൻ ടീം മാനെജ്മെന്‍റിന്‍റെ നിർദേശപ്രകാരമാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം സഞ്ജു നേരേ കേരള ടീമിന്‍റെ ക്യാംപിൽ ചേർന്നിരിക്കുന്നത്. ടീമിനൊപ്പം പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
വൈറ്റ് ബോൾ സ്പെഷ്യലിസ്റ്റായല്ല സഞ്ജുവിനെ ഇപ്പോൾ ബിസിസിഐ സെലക്റ്റർമാർ പരിഗണിക്കുന്നത് എന്നു വ്യക്തമാണ്. ടെസ്റ്റ് ടീമിലേക്കും പരിഗണനയിലുള്ളതായി ടീം മാനെജ്മെന്‍റ് അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.
ദേശീയ ടീമിൽ കളിക്കാൻ സാധ്യതയുള്ള സഞ്ജുവിനെ സീസൺ മുഴുവൻ ലഭ്യമാകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ സച്ചിൻ ബേബിയാണ് കേരളത്തെ നയിക്കുന്നത്. ജലജ് സക്സേനയ്ക്കൊപ്പം ബാബാ അപരാജിത്, ആദിത്യ സർവാതെ എന്നീ ഇതര സംസ്ഥാന ഓൾറൗണ്ടമാരെ കൂടി ഉൾപ്പെടുത്തി ശക്തമായ ടീമിനെയാണ് കേരളം ഇത്തവണ വിന്യസിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ താരം അമയ് ഖുറാസിയ പരിശീലകനായും നിയമിക്കപ്പെട്ടിരുന്നു.
ദുലീപ് ട്രോഫി ടൂർണമെന്‍റിൽ ആദ്യം ഒരു ടീമിലുമില്ലാതിരുന്ന സഞ്ജു, വൈകി കിട്ടിയ അവസരത്തിൽ സെഞ്ചുറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിലെ സെഞ്ചുറി കൂടി വന്നതോടെയാണ് ദേശീയ ടീം സെലക്ഷനിൽ സഞ്ജു മുന്തിയ പരിഗണനയിലേക്കു വരുന്നത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്താണ് പ്രധാന വിക്കറ്റ് കീപ്പർ. ബാക്കപ്പ് ആയി ധ്രുവ് ജുറലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ, ഓസ്ട്രേലിയൻ പര്യടനം വരാനിരിക്കെ, മികച്ച ബാക്ക്ഫുട്ട് ടെക്നിക്കുള്ള സഞ്ജു ബാക്കപ്പ് ആയി പരിഗണിക്കപ്പെടാൻ സാധ്യത ഏറെയാണ്. ഓസ്ട്രേലിയയിലെ വേഗവും ബൗൺസും കൂടുതലുള്ള പിച്ചുകളിൽ സഞ്ജുവിന്‍റെ സാങ്കേതിക മികവ് നിർണായകമായിരിക്കും.