അഹമ്മദാബാദ്: ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കു മാറിയ സാഹചര്യത്തിൽ ശുഭ്‌മൻ ഗില്ലിനെ ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റനായി നിയോഗിച്ചു. ഗുജറാത്ത് ടൈറ്റൻസ് രൂപീകരിക്കപ്പെട്ട ശേഷമുള്ള രണ്ടു സീസണുകളിലും പാണ്ഡ്യയായിരുന്നു ക്യാപ്റ്റൻ. അരങ്ങേറ്റ സീസണായ 2022ൽ ചാംപ്യൻമാരായ ജിടി 2023ൽ റണ്ണറപ്പുകളുമായി.
ഗുജറാത്ത് ടൈറ്റൻസ് ആരംഭിച്ച സീസണിൽ അവർക്ക് മൂന്നു താരങ്ങളെ നേരിട്ട് തെരഞ്ഞെടുക്കാൻ അവസരം കിട്ടിയപ്പോൾ സ്വീകരിച്ച രണ്ടു പേരായിരുന്നു ഹാർദിക് പാണ്ഡ്യയും ശുഭ്‌മൻ ഗില്ലും. അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാൻ ആയിരുന്നു മൂന്നാമത്തെയാൾ.
2018ൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിലാണ് ഗില്ലിന്‍റെ ഐപിഎൽ കരിയർ തുടങ്ങുന്നത്. 2022ൽ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ, തൊട്ടടുത്ത സീസണിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി ഗിൽ 486 റൺസെടുത്തു. ഫൈനലിൽ 45 റൺസുമായി ടോപ് സ്കോററുമായിരുന്നു.
കെയിൻ വില്യംസൺ, റഷീദ് ഖാൻ, ഡേവിഡ് മില്ലർ, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ തുടങ്ങിയ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തന്നെ മുതിർന്ന താരങ്ങൾ ഉൾപ്പെടുന്ന ടീമിനെയാണ് അടുത്ത സീസണിൽ ഗിൽ നയിക്കാൻ പോകുന്നത്.