വിരാട് കോലിയും എബ്രഹാം ഡിവില്ലിയേഴും ഗ്ലെൻ മാക്സ്വെല്ലും അടക്കമുള്ള പ്രഗൽഭർ ശ്രമിച്ചിട്ടും പുരുഷ ടീമിനു നേടാനാവാത്ത പ്രീമിയർ ലീഗ് കിരീടമാണ് സ്മൃതി മന്ഥനയുടെ നേതൃത്വത്തിലുള്ള ആർസിബി വനിതാ ടീം സ്വന്തമാക്കിയിരിക്കുന്നത്.
വനിതാ പ്രീമിയര്‍ ലീഗിലെ പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായി എലിമിനേറ്ററും മറികടന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഫൈനലിലെത്തുന്നത്. അവിടെ നേരിട്ടത്, പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിൽ ഇടംപിടിച്ച ഡൽഹി ക്യാപ്പിറ്റൽസിനെയും. എന്നാൽ, സെമി ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് എന്നതു പോലെ ഫൈനലിലും വ്യക്തിഗത മികവുകൾക്കുപരി, തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും കാണിച്ച മിടുക്കാണ് ആർസിബിയെ കിരീടത്തിലേക്കു നയിച്ചത്. അക്കാര്യത്തിൽ ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായ സ്മൃതി മന്ഥന പ്രത്യേക ശ്രദ്ധ നേടുകയും ചെയ്തു.
കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ ബിഗ് ബാഷ് വനിതാ ലീഗ് കളിക്കാതെ ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ എടുത്ത തീരുമാനമാണ് സ്മൃതിയെ ഈ നേട്ടത്തിലെത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചത്. ഇതിലൂടെ അറിയപ്പെടാത്ത ഇന്ത്യൻ ആഭ്യന്തര താരങ്ങളുടെ ശൈലികളും ശക്തികളും ദൗർബല്യങ്ങളുമെല്ലാം അടുത്തു മനസിലാക്കാൻ സ്മൃതിക്കു സാധിച്ചു. കടുത്ത മത്സരങ്ങളിൽ ഓരോ ഓവറിനു ശേഷമെന്നല്ല, ഓരോ പന്തിനു ശേഷവും ഫീൽഡ് പ്ലേസിങ്ങുകളിൽ മാറ്റം വരുത്താനും, ബൗളർമാരെക്കൊണ്ട് ബാറ്ററുടെ ദൗർബല്യം മുതലെടുക്കുന്ന രീതിയിൽ പന്തെറിയിക്കാനും സ്മൃതിയെ സഹായിച്ചത് ഈ അനുഭവസമ്പത്തായിരുന്നു.
ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് പവർപ്ലേയിലെ ആറോവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 64 റൺസ് എന്ന നിലയിലായിരുന്നു. ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോടിയായ ഷഫാലി വർമയും പരിചയസമ്പന്നയായ ഓസ്ട്രേലിയൻ താരം മെഗ് ലാനിങ്ങും കൊടുങ്കാറ്റ് പോലെ മുന്നേറുന്നു. എന്നാൽ, അവിടെനിന്ന് 18.3 ഓവറില്‍ 113 റണ്‍സിന് ഡൽഹിയെ പുറത്താക്കാൻ സ്മൃതിയുടെ സ്പിൻ സംഘത്തിനു സാധിച്ചു. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയല്‍ ചലഞ്ചേഴ്സ് 19.3 ഓവറില്‍ ലക്ഷ്യം കാണുകയും ചെയ്തു.
ബാറ്റിങ് ഓർഡറിലും അവസരത്തിനൊത്തുള്ള മാറ്റങ്ങൾ സ്മൃതി മത്സരത്തിനിടെ വരുത്തുന്നുണ്ടായിരുന്നു. സ്പെഷ്യലിസ്റ്റ് ഓപ്പണറായ എസ്. മേഘന ടീമിലുണ്ടായിരുന്നിട്ടും പരിചയസമ്പത്തുള്ള സോഫി ഡിവൈനാണ് സ്മൃതിക്കൊപ്പം ഓപ്പണറായത്. വൺ ഡൗണായി മേഘനയെ പ്രതീക്ഷിച്ചെങ്കിലും, ഒരു വിക്കറ്റ് വീണപ്പോൾ എല്ലിസ് പെറിയെ ഇറക്കിയ തീരുംമാനവും ഫലം കണ്ടു. ടീമിനെ സമ്മർദത്തിലാക്കാതെ മത്സരം പൂർത്തിയാകും വരെ പെറി ക്രീസിലുണ്ടായിരുന്നു. 39 പന്തിൽ 31 റണ്‍സെടുത്ത സ്മൃതിയുടെ ഇന്നിങ്സും നിർണായകമായി. നേടിയത്. സോഫി ഡിവൈന്‍ 27 പന്തില്‍ 32 റണ്‍സെടുത്തു.
എല്ലിസ് പെറി തന്നെയാണ് ടൂർണമെന്‍റിലെ ടോപ് സ്കോററും. സ്മൃതിയുടെ വജ്രായുധമായ ഓഫ് സ്പിന്നർ ശ്രേയാങ്ക പാട്ടീൽ കൈക്കു പരുക്കേറ്റ് രണ്ട് മത്സരം നഷ്ടപ്പെട്ടിട്ടും ടോപ് വിക്കറ്റ് ടേക്കറായി. എലിമിനേറ്ററിലും ഫൈനലിലും ഇടങ്കയ്യിൽ പ്രത്യേക സംരക്ഷണവുമായാണ് ശ്രേയാങ്ക കളിക്കാനിറങ്ങിയത്. ഫൈനലിൽ നാല് വിക്കറ്റും വീഴ്ത്തി. ഒരോവറിൽ മൂന്നു വിക്കറ്റെടുത്ത് കളി അനുകൂലമാക്കിയ സോഫി മോളിന്യൂവാണ് പ്ലെയർ ഓഫ് ദ മാച്ച്. ആഭ്യന്തര ക്രിക്കറ്റിൽ പുതുച്ചേരിക്കു വേണ്ടി കളിക്കുന്ന മലയാളി ലെഗ് സ്പിന്നർ എസ്. ആശ വിക്കറ്റ വേട്ടക്കാരിൽ രണ്ടാമതുമെത്തി. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റുമായി തുടങ്ങിയ ആശ ഫൈനലിൽ രണ്ട് വിക്കറ്റും വീഴ്ത്തി.
ഈ കിരീട നേട്ടം തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച അഞ്ച് നിമിഷങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് മത്സരശേഷം സ്മൃതി മന്ഥന പറഞ്ഞത്. ''ഈ സാലാ കപ്പ് നംദേ എന്നു ഞങ്ങള്‍ എപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്കിപ്പോള്‍ പറയണം, ഈ സാലാ കപ്പ് നംദു'', കിരീടനേട്ടത്തിന് ശേഷം ആർസിബി ക്യാപ്റ്റൻ പറഞ്ഞു.
''ഞാന്‍ മാത്രമല്ല കിരീടം നേടിയത്. ടീമാണ് വിജയിച്ചത്. ഒരു ഫ്രാഞ്ചൈസിയെന്ന നിലയില്‍ വിജയിക്കുക എന്നത് വളരെ സവിശേഷമായ കാര്യമാണ്. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച അഞ്ച് നിമിഷങ്ങളില്‍ ഒന്നായിരിക്കും ഇത്. പക്ഷേ അതില്‍ ഏറ്റവും ഒന്നാമത്തേത് ഒരു ലോകകപ്പ് വിജയമായിരിക്കും'', മന്ദാന കൂട്ടിച്ചേര്‍ത്തു.