Sobhana Asha celebrates a wicket 
Sports

ആർസിബിയുടെ പ്രതീക്ഷ ശോഭനം, ഈ ആശയിൽ

ട്വന്‍റി20 ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോഡാണ് ശോഭന ആശ എന്ന മലയാളി സ്വന്തം പേരിൽ എഴുതിച്ചേർത്തത്

ശോഭന ആശ എന്ന പേരിൽ ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയ തിരുവനന്തപുരംകാരി ആശയുടെ ട്വിറ്റർ ഹാൻഡിലിൽ AshaTheHopeJoy എന്നു വായിക്കാം. പ്രതിഭാസമ്പന്നമായ ടീമുണ്ടായിട്ടും വലിയ നേട്ടങ്ങൾ കൈവരിക്കാനാവാത്ത ടീമെന്ന ദുഷ്പേര് പുരുഷൻമാരുടെയും വനിതകളുടെയും ഐപിഎല്ലിൽ സമ്പാദിച്ചുകഴിഞ്ഞ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പ്രതീക്ഷയാണ് ഇപ്പോൾ ഈ ലെഗ് സ്പിന്നർ. യുപി വാരിയേഴ്സിനോടു തോൽക്കുമെന്നുറപ്പിച്ച രണ്ടു ഘട്ടങ്ങളിലാണ് വിമെൻസ് പ്രീമിയർ ലീഗിൽ ആശ ഒറ്റയ്ക്ക് ആർസിബിയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ഓവർ, മൂന്ന് വിക്കറ്റ് പിഴുത മൂന്നാമത്തെ ഓവർ... ഇതോടെ ട്വന്‍റി20 ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോഡ് കൂടിയാണ് ആശ സ്വന്തം പേരിൽ എഴുതിച്ചേർത്തത്.

പതിറ്റാണ്ട് പിന്നിട്ട പരിചയസമ്പത്ത്

RCB leg spinner Sobhana Asha celebrates a UP Warriors wicket in WPL.

രേണുക സിങ്ങും എല്ലിസ് പെറിയും അടക്കം ലോകോത്തര ബൗളർമാർ ഉൾപ്പെട്ട ആർസിബി നിരയിൽ അന്താരാഷ്‌ട്ര മത്സരം കളിച്ചിട്ടില്ലാത്ത ഒരേയൊരു ബൗളർ ആശയായിരുന്നു. ഡബ്ല്യുബിഎല്ലിൽ ഇതു രണ്ടാമത്തെ മാത്രം സീസൺ. കഴിഞ്ഞ സീസണിൽ അഞ്ച് മത്സരങ്ങൾക്കിറങ്ങി, അഞ്ച് വിക്കറ്റും നേടി. അതിഗംഭീരം എന്നു വിശേഷിപ്പിക്കാൻ ഒന്നുമില്ലാതിരുന്നിട്ടും ആർസിബി ടീമിൽ നിലനിർത്തിയതിനുള്ള പ്രത്യുപകാരം ആശ ചെയ്തു, ആദ്യ മത്സരത്തിൽ നേടിക്കൊടുത്ത അപ്രതീക്ഷിത വിജയത്തിലൂടെ.

അന്താരാഷ്‌ട്ര പരിചയമില്ലെങ്കിലും, ആശയുടെ പരിചയസമ്പത്ത് വലുതാണെന്നാണ് മത്സര ശേഷം ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ഥന പറഞ്ഞത്. പന്ത്രണ്ട് വർഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ് ആശ.

ആശയുടെ നിരാശകൾ

Sobhana Asha bowls her leg spin.

തിരുവനന്തപുരത്തു ജനിച്ചു വളർന്ന ആശ തിരുവനന്തപുരം ജില്ലാ ടീമിലെ പ്രകടനത്തിലൂടെ കേരള വനിതാ ടീമിലും ഇടം പിടിച്ചെങ്കിലും അധികം അവസരങ്ങൾ കിട്ടിയില്ല. ഇതിനിടെയാണ് സ്ഥിരം ജോലി എന്ന ലക്ഷ്യവും, ഒപ്പം ക്രിക്കറ്റ് എന്ന മോഹവുമായി റെയിൽവേസിലേക്കു പോകുന്നത്. പത്തു വർഷം റെയിൽവേസ് ടീമിൽ കളിച്ചിട്ടും ജീവിതം പുരോഗമിക്കുന്നില്ലെന്നു തോന്നിയപ്പോഴാണ് പുതുച്ചേരി ടീമിലേക്കുള്ള മാറ്റം.

ടീമിലെത്തിയ പാടേ യുവനിരയുടെ ക്യാപ്റ്റൻസിയാണ് മാനേജ്മെന്‍റ് വച്ചു നീട്ടിയത്. ആശ മോശമാക്കിയില്ലെങ്കിലും ടീമിന്‍റെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. അതോടെ ക്യാപ്റ്റൻസിയും കൈമോശം വന്നു.

പ്രതീക്ഷയോടെ മുന്നോട്ട്

വിക്കറ്റ് ആഘോഷിക്കുന്ന ശോഭന ആശ

പുതുച്ചേരിക്കു വേണ്ടി കളിച്ചിരുന്ന കാലത്താണ് ആശയുടെ പ്രകടനം ആർസിബി ടാലന്‍റ് സ്കൗട്ടിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ലേലത്തിൽ പത്ത് ലക്ഷം രൂപയ്ക്ക് ആശയെ അവർ ടീമിലെടുക്കുകയും ചെയ്തു. ചെന്നൈയിൽ മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ എൽ. ശിവരാമകൃഷ്ണന്‍റെ മേൽനോട്ടത്തിൽ നടത്തിയ പരിശീലനവും ഗുണം ചെയ്തു. ഒടുവിൽ, ഈ മുപ്പത്തിരണ്ടാം വയസിൽ ആശ തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിന്‍റെ ആഹ്ലാദത്തിലാണ്.

''ഒത്തിരി കഷ്ടപ്പെട്ടു, ഒത്തിരി അധ്വാനിച്ചു, ഒടുവിൽ ഈ വിജയം മധുരതരമാണ്'', പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ആശ പറഞ്ഞ വാക്കുകളിൽ ആ ജീവിതയാത്രയുടെ കയ്പ്പും മധുരവും മുഴുവൻ നിറച്ചുവച്ചിട്ടുണ്ടായിരുന്നു.

ശോഭന ആശ

സുരേന്ദ്രന്‍ രാജിവയ്ക്കില്ല; ആരോടും ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ

കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കരാറുകാരൻ അറസ്റ്റിൽ

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ സംഭവം: അധ്യാപികയ്ക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന: 10 സ്ഥാപനങ്ങൾ പൂട്ടിച്ചു

ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച സംഭവത്തിൽ വന്‍ ട്വിസ്റ്റ്; സ്ഫോടനത്തിനു കാരണം ചെറുബോംബ് !!