ന്യൂഡൽഹി: രാജ്യത്തെ മുൻനിര മോട്ടോർ സ്‌പോർട്‌സ് ഇവന്‍റായ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിൽ പ്രമുഖ ടീമായ കൊൽക്കത്ത റോയൽ ടൈഗേഴ്‌സിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. 2024 ൽ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന്റെ മൂന്നാം സീസൺ ആരംഭിക്കാനിരിക്കുകയാണ് സൗരവ് ഗാംഗുലിയുടെ നീക്കം. സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ടീം കൂടി പങ്കെടുക്കുന്നതോടെ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന് കൂടുതൽ ആരാധകരെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
റേസിംഗ് പ്രമോഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ, ഇന്ത്യയിലെ മോട്ടോർ സ്പോർട്സ് രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇന്ത്യൻ റേസിംഗ് ലീഗ് ((IRL), ഫോർമുല 4 ഇന്ത്യൻ ചാമ്പ്യൻഷിപ്പ് (F4IC). എന്നിങ്ങനെ രണ്ട് പ്രധാന ചാമ്പ്യൻഷിപ്പുകൾ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു.
ഈ വർഷം ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് മൂന്നാം സീസണിലെ മത്സരങ്ങൾ. കൊൽക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഗോവ, കൊച്ചി, അഹമ്മദാബാദ് എന്നീ എട്ട് നഗരങ്ങൾ കേന്ദ്രീകരിച്ച ടീമുകൾ ആകും ടീമുകൾ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ മത്സരത്തിനിറങ്ങുക.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസതാരമായ ‘കൽക്കട്ടയുടെ രാജകുമാരന്‍റെ ടീം മത്സരത്തിനിറങ്ങുമ്പോൾ
പശ്ചിമ ബംഗാളിലും കിഴക്കൻ ഇന്ത്യയിലും മോട്ടോർ റേസിംഗിന് പുതിയ യുഗത്തിന്‍റെ തുടക്കമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. "സൗരവ് ഗാംഗുലി കൊൽക്കത്ത ഫ്രാഞ്ചൈസിയുടെ ഉടമസ്ഥനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആർപിപിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഖിലേഷ് റെഡ്ഡി പറഞ്ഞു. "അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണമുള്ള നേതൃത്വവും, പ്രതിബദ്ധതയും, ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന് സമാനതകളില്ലാത്ത ഊർജം നൽകും. ഇന്ത്യയിലുടനീളമുള്ള മോട്ടോർസ്പോർട്സ് പ്രേമികളുടെ ഒരു പുതിയ തലമുറയെ വളർത്താനും പ്രേക്ഷകർക്കിടയിൽ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിനെകുറിച്ചുള്ള അവബോധം ഗണ്യമായി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിൽ കൊൽക്കത്ത ടീമിനൊപ്പം യാത്ര ആരംഭിക്കുന്നതിൽ ആവേശഭരിതനാണന്ന് സൗരവ് ഗാംഗുലി പ്രതികരിച്ചു. "മോട്ടോർസ്‌പോർട്‌സ് എക്കാലവും എന്‍റെ ഒരു അഭിനിവേശമാണ്, ഈ അവസരം കൊൽക്കത്തയിലെ മോട്ടോർസ്പോർട്സിന്‍റെ വളർച്ചയ്ക്ക് മികച്ച സംഭാവന നൽകുന്നതിനൊപ്പം മികവിന്‍റെയും കായികക്ഷമതയുടെയും സംസ്കാരം വളർത്തുന്നതിലുള്ള ശ്രമങ്ങളുടെ തുടർച്ചയെന്ന നിലയിൽ വിനിയോഗിക്കും, സൗരവ് ഗാംഗുലി പറഞ്ഞു. ആരാധകരോട് മത്സരങ്ങൾ കാണാനും ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ഗാംഗുലി അഭ്യർഥിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എടികെ മോഹൻ ബഗാന്‍റെ ഉടമസ്ഥതയ്‌ക്കൊപ്പം ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിലെ സൗരവ് ഗാംഗുലിയുടെ പങ്കാളിത്തം, ഇന്ത്യയിൽ സ്‌പോർട്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.
2019-ൽ അഖിലേഷ് റെഡ്ഡിയും പ്രൊഫഷണൽ റേസ് ഡ്രൈവർമാരായ അർമാൻ ഇബ്രാഹിമും ആദിത്യ പട്ടേലും ചേർന്ന് സ്ഥാപിച്ച റേസിംഗ് പ്രൊമോഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, റേസിംഗ് കഴിവുകളും അവസരങ്ങളും തമ്മിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ്.