മുംബൈ: ക്വിന്റൺ ഡീകോക്കിന്റെ സെഞ്ചുറി കരുത്തിൽ ബംഗ്ലാദേശിനെ 149 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക. ടോസ് നേടി ആദ്യം ബാറ്റ്ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡീകോക്ക് (174) സെഞ്ചുറിയുടേയും ഹെൻറിച്ച് ക്ലാസൻ (90), എയ്ഡൻ മാക്രം (60) അർധസെഞ്ചുറികളുടേയും കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻസ്കോറിന് മറുപടി പറഞ്ഞ ബംഗ്ലാദേശ് 46.4 ഓവറിൽ 233 റൺസിന് പുറത്തായി. സെഞ്ചുറി നേടിയ മുഹമ്മദുള്ള (111) മാത്രമാണ് കടുവകളുടെ നിരയിൽ പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ജറാൾഡ് കോട്ട്സെ മൂന്ന് വിക്റ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർ ക്വിന്റൺ ഡീകോക്കിന്റെ സെഞ്ചുറിയാണ് വൻ സ്കോറിലേക്ക് വഴിതെളിച്ചത്. 140 പന്തില്‍ നിന്ന് ഏഴ് സിക്സും 15 ഫോറുമടക്കം 174 റണ്‍സെടുത്ത താരത്തെ പക്ഷേ 46-ാം ഓവറില്‍ ഹസന് മഹ്മൂദ് പുറത്താക്കി.
ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെ തന്നെയായിരുന്നു. സ്കോർ 36 ൽ എത്തിയപ്പോൾ റീസ ഹെന്റിക്സ് (12), റാസ്സി വാന്‍ഡെര്‍ ദസ്സന് (1) എന്നിവർ പുറത്തായി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഡിക്കോക്ക് - മാര്‍ക്രം സഖ്യം 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പ്രോട്ടീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. 69 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് മാര്‍ക്രം പുറത്തായെങ്കിലും പിന്നാലെ വെടിക്കെട്ടിന് പേരുകേട്ട ഹെന് റിച്ച് ക്ലാസൻ ഡികോക്കിനൊപ്പം ചേർന്നതോടെ ബംഗ്ലാദേശ് ബൗളർമാർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 142 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
ഇടയ്ക്ക് ഡിക്കോക്ക് മടങ്ങിയെങ്കിലും ക്ലാസന് അടി തുടര്‍ന്നു. 49 പന്തില്‍ നിന്ന് രണ്ട് ഫോറും എട്ട് സിക്സും പറത്തിയ ക്ലാസന് 90 റണ്‍സെടുത്തു. ഡീ കോക്കിന് പിന്നാലെ എത്തിയ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് അതിവേഗം 65 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയ ശേഷമാണ് സെഞ്ചുറിക്ക് 10 റണ്‍സകലെ താരം മടങ്ങിയത്. മില്ലറാകട്ടെ 15 പന്തില്‍ നിന്ന് നാല് സിക്സറടക്കം 34 റണ്‍സടിച്ചു. മാർക്കോ ജാൻസൺ ഒരു റൺസുമായി പുറത്താകാതെ നിന്നു.